ആനക്കഥകള്‍

എറണാകുളം ശിവകുമാർ-Ernakulam Sivakumar

ഋഷിനാഥകുളത്തപ്പൻ എന്ന പരം പൊരുളായ എറണാകുളത്തപ്പന്റെ മണ്ണിൽ പേരും പെരുമയും ഉള്ള ഒരു സഹ്യപുത്രൻ വാണരുളുന്നുണ്ട്. അതെ എറണാകുളത്തപ്പന്റെ പ്രിയൻ ശിവൻ എന്ന ശിവകുമാർ.

ബാല്യം വിട്ടുമാറും മുമ്പേ ഏതാണ്ട് നാലാം വയസ്സിൽ കോടനാട് എന്ന ഗജ കലാലയത്തിന്റെ മുമ്പിൽ പകച്ച് നിന്ന ബാല്യം. മുലകുടി മാറുംമുമ്പേ വമ്പന്മാർ നിന്ന മണ്ണിൽ കളരിയിൽ ബാലപാഠം പഠിക്കുവാൻ ചേർന്നു.

ആദ്യാക്ഷരങ്ങൾ പഠിച്ച് തുടങ്ങിയ കാലത്ത് കൊടുങ്ങല്ലൂർ സ്വദേശിയായ കെ ജി ഭാസ്കരൻ ഗുരുപവനപുരേശന് ഒരു ആനയെ നടക്കിരുത്താൻ തീരുമാനിച്ചു. അങ്ങനെ കോടനാട് നിന്ന് ഒരു കുട്ടി കൊമ്പനെ ലേലത്തിൽ വാങ്ങി. വാങ്ങിയ കുട്ടി കൊമ്പനെ ദിവസവും നേരവും ഒക്കെ നോക്കിയിട്ടാകാം ഗുരുവായൂര്‍ക്കുള്ള യാത്ര എന്നുറച്ച് എറണാകുളത്ത് നിർത്തി. എറണാകുളത്തപ്പന്റ തിരുമുറ്റത്ത് ഓടി കളിച്ച് കടൽ കാറ്റേറ്റ് , നിവേദ്യ പാത്രത്തിൽ പ്രിയം കണ്ടെത്തി അവൻ ദിനങ്ങൾ കഴിച്ചു കൂട്ടി.

ഒടുവിൽ കണ്ണന്റെ പ്രിയനാവാൻ പുന്നത്തൂർ കോട്ട എന്ന ഗജ വിസ്മയ ലോകത്തിലെ നാളെയുടെ പ്രമാണിയാവാനുള്ള ദിനം വന്നെത്തി . പക്ഷെ ഒരു കുഴപ്പം കുട്ടി കൊമ്പൻ എന്ത് വന്നാലും എറണാകുളത്തപ്പന്റെ ഗോപുരനട കടക്കാൻ തയ്യാറല്ല. പാപ്പാന്മാരും കണ്ടു നിന്നവരും എത്തിനേറെ ആളുകൾ താങ്ങി എടുക്കാൻ നോക്കിയിട്ട് പോലും ഉറച്ചു പോയ പാറ പോലെ ഒരു നിൽപ്പ് . ഒടുവിൽ കാര്യ കാരണങ്ങള്‍ പ്രശ്ന വിധിയാല്‍ നോക്കി അറിഞ്ഞു. ചെക്കനെ ദേവന് തന്നേ ബോധിച്ചു. അവനിവിടെ നിന്നോട്ടെ എണ്ണമറ്റ ഗജ സമ്പത്തുള്ള കണ്ണന് ഇനിയും വേണച്ചാൽ വേറെ ഒരുവനെ ആയിക്കൊള്ളു എന്നായി. ഒടുവില്‍ മഹാദേവന്റെ പിടി വാശിക്ക് മുമ്പില്‍ അവനെ ദേവന് സമര്‍പ്പിച്ചു.

അങ്ങനെ അവൻ എറണാകുളത്തപ്പന്റെ പ്രിയനായി , ദാസനായി . പേരിൽ ശൈവ ഭാവമായി ശിവകുമാരനായി. പിന്നീട് ബാല്യ യൗവന കൌമാരങ്ങൾ ദേശവാസികളുടെ കണ്ണിലുണ്ണിയായി , അതിവേഗം വളരുന്ന നാട്ടിൽ പുത്തൻ രീതികൾ പഠിച്ച് അവനും വളർന്നു.

ദേവസ്വം ആനകളിൽ ഉയരക്കേമത്തിൽ ആദ്യ മൂന്നിലേക്കും ഒപ്പം സ്വന്തം ഡിപ്പാർട്ട്മെൻറ് തിരിച്ചാൽ കൊച്ചിൻ ദേവസ്വത്തിൽ ഒന്നാമനിലേക്കും അവൻ വളർന്നു.

പിന്നീടങ്ങോട്ട് ആളും ആരവവും ആയി കൊച്ചിക്കാരൻ ശിവൻ തന്റെ വരവും വിലയും അറിയിച്ചു. പല വമ്പന്മാരും പകച്ച് പോകുന്ന രീതിയിൽ അവൻ മിന്നി തിളങ്ങി.

ലക്ഷണ പൊരുത്തങ്ങൾ എല്ലാം ചേർന്ന മികച്ച ഒരു നാട്ടാന ചന്തം എന്നതിനൊപ്പം തന്നെ , ഏറ്റവും കൂടുതൽ കൊമ്പു തള്ളൽ ഉള്ള ഗജകേസരി കൂടെ ആയി ശിവൻ. കൊമ്പ് മുറിച്ചാൽ അതിവേഗത്തിൽ വളരുന്ന അപൂർവ്വരിൽ അത്യപൂർവ്വനായി…

കാലം അങ്ങനെ കടന്ന് പോയപ്പോൾ വിധിയുടെ വിളയാട്ടമെന്നോ സാക്ഷാൽ മഹാദേവന്റെ പുത്ര വാത്സല്യത്തിൽ ഗണേശ തുല്യനാക്കിയതെന്നോ എന്ത് തന്നെ പറഞ്ഞാലും നഷ്ടം അതുണ്ടായി, ഒരിക്കൽ കൊമ്പ് മുറിച്ചത് കൈപ്പിഴയായി , മഞ്ചയിലേക്ക് മുറിവ് പടർന്ന് കൊമ്പ് നഷ്ടമായി , അനക്കേരളം ഒന്നടങ്കം ചങ്കിൽ ഇടി തീ വീണതുപോലെ കരുതിയ നിമിഷങ്ങൾ , ലക്ഷണയുക്തന്റെ കൊമ്പുകളിൽ ഒന്ന് അത് നഷ്ടമായി .

പിന്നീട് കുറച്ച് ഇടവേളകൾക്ക് ശേഷം എറണാകുളത്തപ്പന്റെ മാനസപുത്രൻ തളരുകയില്ല എന്ന ഉറച്ച പ്രഖ്യാപനത്തോടെ അവൻ വന്നു. കണക്കിനൊത്ത ഒരു പുതിയ കൊമ്പും വെച്ച് പൂരപ്പറമ്പുകളിൽ അവേശമായി.

വിധിക്ക് മുമ്പിൽ തോൽക്കാതെ ജയിക്കുവാൻ തുനിഞ്ഞിറങ്ങിയ ഒരു യോദ്ധാവിനെ പോലെ അവൻ ഇന്നും നിറഞ്ഞാട്ടുന്നു. ആറാട്ട് പുഴയും , പെരുമ്പൂരവും , സംഗമേശ തിരുവുത്സവവും എന്തിനേറെ എണ്ണം പറഞ്ഞ ഒട്ടുമിക്ക ഉത്സവ പൂരങ്ങളിലും ഇന്നിവൻ നിറ സാന്നിധ്യമാണ്.

നാൽപതുകളുടെ പടികടന്ന് യാത്ര തുടരുമ്പോൾ പത്തടി ഉയരത്തിന്റെ പ്രഭയിൽ അവൻ നിന്നാൽ ഏത് പുരുഷാരത്തേയും തന്റെ വശ്യതയിൽ മയക്കുവാൻ ഇന്നും ഇവനോളം ആർക്കും ആയെന്ന് വരില്ല.

തിരക്കിട്ട ഷെഡൂളുകളും സ്വസ്തമായ ഒരു അന്തരീക്ഷവും നോക്കി മെട്രോ നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി വടക്കും നാഥന്റെ മണ്ണിൽ കൊക്കരണിയിൽ താമസമാക്കിയിട്ട് കാലം കുറച്ചാകുന്നു . എങ്കിലും മാനസേശ്വരന്റെ മണ്ണിൽ പുത്തൻ താരോധയങ്ങൾ അംഗം കുറിക്കാൻ തയ്യാറായി വന്നാൽ എല്ലാം മറന്ന് കച്ചമുറുക്കി അവൻ വരും കാരണം ഇവർ അച്ഛനെയറിഞ്ഞ മകനും മകനെ അറിഞ്ഞ അച്ഛനുമാണ്.

അഴകിലും നിലവിലും അളവിലും കാലം കാത്ത് വെച്ച ഈ ഗജകേസരിക്ക് എറണാകുളത്തപ്പന്റ മാനസ പുത്രന് ഗജരത്നം ഗജ സാമ്രാട്ട് എറണാകുളം ശിവകുമാറിന് നമ്മുടെ ശിവേട്ടന് ആയിരം ആയിരം ആശംസകളോടെ

Related posts

ആനപ്രമ്പാല്‍ അയ്യപ്പന്‍ – Anaprambal Ayyappan

rahulvallappura

ചാന്നാനിക്കാട് വിജയ സുന്ദർ – Channanikkadu Vijayasundar

rahulvallappura

കുന്നുമ്മൽ തിരുമാറാടി പരശുരാമൻ

rahulvallappura