ആനക്കഥകള്‍

കീഴൂട്ട് വിശ്വനാഥൻ – Kezhoottu Viswanadhan

മാറിയ കാലത്തിൽ പുത്തൻ രീതികളിൽ മുടിയും താടിയും എന്തിനേറെ ഭാഷയിൽ പോലും പ്രകടമായ മാറ്റങ്ങൾ കണ്ടു വരുന്ന ഇന്നിൽ ന്യൂ ജെനറേഷൻ എന്ന് വിളിക്കപ്പെടുന്ന ഒരു ട്രെൻറ് നിലനിൽക്കുന്നു എങ്കിൽ അത് ആനപ്രാന്തിൽ പ്രകടമായി കണ്ടുതുടങ്ങിയത് ഒരു യുവരാജാവിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന കാലത്തിലാണ്. എന്നിരുന്നാലും പ്രായവും കാലഘട്ടവും ഒന്നും നോക്കാതെ ഏതൊരുവൻറയും മനസ്സിൽ വിസ്മയത്തിന്റെ മുത്തുകൾ വിതറി, ഒരു അഴകിയ ആനച്ചന്തമായി കടന്നു കൂടി. ആനക്കേരളത്തിൽ അങ്ങനെ സ്വന്തമായി ഒരു ട്രെൻറ് തന്നെ ഉണ്ടാക്കിയ ഒരു യുവരാജാവുണ്ട് ഇങ്ങ് തെക്കൻ മണ്ണിൽ അത് മറ്റാരുമല്ല, അനേകം നാട്ടാനച്ചന്തങ്ങൾ അരങ്ങ് വാണ തറവാട്ടിലെ ഇപ്പോഴത്തെ രാജാവ്, കീഴൂട്ട് വിശ്വനാഥൻ , ആനപ്രേമികളുടെ വിശ്വൻ. വിശ്വത്തിന് നാഥനായുള്ളവൻ വിശ്വനാഥൻ എങ്കിൽ ആ പേര് അന്വർദ്ധമാകാൻ കാലം പലത് കാത്തിരിക്കേണ്ടതില്ല. അവൻ അങ്കപുറപ്പാടുകൾ തുടങ്ങി കഴിഞ്ഞു.

തെക്കൻ മണ്ണിൽ കൊട്ടാരക്കര എന്ന് കേട്ടാൽ ഏവരും അറിയുക ഉണ്ണിയപ്പ പ്രിയനായ വിഖ്നേശ്വരനെ ആകും. ആയിരങ്ങൾ ദിനവും എത്തി സർവ്വവിഖ്നങ്ങളും മാറുവാൻ നാളികേരമുടച്ച് പ്രാർത്ഥിക്കുന്ന ആ ഗണേശ ഭഗവാന്റെ മണ്ണിൽ ആ ചൈതന്യമത്രയും ഉൾക്കൊള്ളുന്ന ഒരു ആനച്ചന്തമുണ്ട് , ഒരു അസ്സൽ ഗണപതിച്ചന്തം, നാട്ടാനക്കേരളത്തിൽ നാളെകളിൽ കിരീടവും ചെങ്കോലുമുള്ള രാജാവാകാൻ പോന്നവൻ, അതാണ് നമ്മുടെ വിശ്വൻ.

ബാല്യത്തിന്റെ ചടുല വേഗതയിൽ പറ്റിയ ഒരു കൈപ്പിഴ അല്ല കാൽ പിഴ ആകണം അവനെ കോന്നി ആനക്കൂട്ടിൽ എത്തിച്ചത് , നന്നേ ചെറുപ്പത്തിൽ കൂട്ടിലെത്തുമ്പോൾ അവൻ കേട്ടിട്ടുണ്ടാവണം ,ആ വിദ്ധ്യാലയത്തെ കുറിച്ച് വേണ്ടുവോളം , ഗജകുലപതി ഗണപതിയും, ഗജ കുലകൂടസ്തൻ കടവൂരാനും ഒക്കെ ബാല്യം കഴിച്ചുകൂട്ടിയ മണ്ണ്. ചിലപ്പോൾ വിദൂരത്തിൽ എങ്കിലും ഇവരുമായി ഒരു ബന്ധമൊക്കെ ഉണ്ടാകുകയും ചെയ്യാം. അങ്ങനെ പ്രമാണിമാർ ആദ്യാക്ഷരം കുറിച്ച പാഠശാലയിൽ തന്നെ പഠനം. അവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ജീവിതം എങ്ങനെ എന്നൊന്നും ചിന്തിച്ച് കാണില്ല. കാരണം പല ഗജരാജക്കന്മാരും അരങ്ങ് വാണ കീഴൂട്ട് ആനത്തറവാട്ടിലേക്കായിരുന്നു ആ നിയോഗ മാറ്റം.

അവിടെ കാലം കുറച്ചങ്ങനെ കഴിഞ്ഞു പോന്നു. പിന്നെ എപ്പോഴോ ആർക്കോ തോന്നിയ ഒരു ചിന്തയിൽ നായരമ്പലത്തേക്ക് ഒരു കൈമാറ്റം . അവൻ പോലും മനസ്സിൽ ഓർത്ത് കാണും എന്ത് കൊണ്ട് ഒരു കൈമാറ്റം എന്ന്. കാരണം ലക്ഷണ പൊരുത്തങ്ങൾ പലതും ചേർന്ന സഹ്യപുത്രൻ വിരളമായേ ഉണ്ടായിരുന്നുള്ളു എന്നത് തന്നെ. പക്ഷെ അവന്റെ തലവരയും തലക്കുറിയും എല്ലാം മറ്റൊന്നായിരുന്നു. അതിലേക്കുള്ള ഒരു യാത്ര മാത്രമായിരുന്നു പലതും. ലക്ഷണ പൊരുത്തങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു സഹ്യ കുമാരനെ വിട്ടു കളഞ്ഞ വേദന അത് കീഴൂട്ട് തറവാട്ടിലും നിഴലിച്ചിരിക്കാം, ചിലപ്പോൾ അതാകാം എന്തോ നേടുവാൻ ഉള്ള പരക്കം പാച്ചിൽ പോലെ ഒന്നും ചിന്തിക്കാതെ അവനെ വീണ്ടും സ്വന്തമാക്കിയത്.

ഉറങ്ങിയ കീഴൂട്ട് തറവാട് ഉണർന്നു. അവൻ വീണ്ടും വിശ്വനാഥനായി, കീഴൂട്ട് വിശ്വനാഥൻ . തെക്കൻ മണ്ണിൽ ആ സഹ്യ വീരനായകൻ വരവറിയിക്കുക ആയിരുന്നു. പിന്നീട് അങ്ങോട്ട് അവന് മാറ്റങ്ങളുടെ കാലമായിരുന്നു. ആദ്യം മദ്ധ്യകേരളത്തെ തന്റെ അഴകിൽ മതിമയക്കി . കണ്ടവർ കണ്ടവർ വീണ്ടും കാണാൻ കൊതിച്ചു. നാടൊട്ടുക്ക് ഇവന്റെ വിശേഷങ്ങൾ അടക്കം പറഞ്ഞു തുടങ്ങി. പോകെ പോകെ ലക്ഷണ പൊരുത്തങ്ങളുടെ മികവിൽ അവൻ തെക്കിന്റെ സുൽത്താൻ ആയി .

വടക്കൻ മണ്ണ് അപ്പോഴും അവന് അന്യമായി നിന്നു. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് എന്ന് പറയും പോലെ ആ സമയം വന്നു. കിഴക്കിന്റെ വെനീസിൽ നിന്ന് ഒരുവൻ കൈ പിടിച്ചു നടത്തി. അവൻ വടക്കോട്ടിറങ്ങി. ചെന്നെത്തിയ മണ്ണിലെല്ലാം ആരാധകർ ആയി മാറിയ ജനം ഇവന്റെ പെരുമക്ക് ആക്കം കൂട്ടി. പോകെ പോകെ ശരത്തിന്റേയും വിശ്വൻറയും കൂട്ട് ആനക്കേരളം ചർച്ചയാക്കി, നാട്ടിലെങ്ങും വിശ്വൻ – മാമ്പി തരംഗം ആയി. അതിൽ ഒന്നടങ്കം എല്ലാ നാടും അവൻ തട്ടകമാക്കി. അങ്ങനെ അവൻ യുവരാജാവായി. ആ ഒരു സീസണിൽ അവൻ ചെന്നെത്താത്ത നാടുകളോ നേടാത്ത അംഗീകാരങ്ങളോ കുറവായിരിക്കും എന്നതാണ് സത്യം .

പിന്നീട് കാലം മുമ്പോട്ട് പോയപ്പോൾ ബാലാജി ചട്ടം ഏറ്റെടുത്തു. ഏവരും മാറ്റത്തിൽ സംശയം പറഞ്ഞു എങ്കിലും അവൻ അവയെല്ലാം തച്ചുടച്ചു. പുതിയ കൂട്ടുകെട്ടിലും അവൻ അരങ്ങ് തകർത്തു. ഇന്നിൽ ബാലാജി – വിശ്വൻ കൂട്ട് ഒരു തരംഗം ആണ്. കൂടെ വിശ്വൻ ഒരു താരവും ആയി. തെക്കൻ മണ്ണിനെ നാളെകളിൽ മുന്നിൽ നിന്ന് നയിക്കുവാൻ കെൽപ്പുള്ള ഒരു ആൺപിറപ്പ് ഉണ്ടേൽ അത് വിശ്വൻ തന്നെ. ഒരു പക്ഷെ ഇവൻ നാളെകളിൽ ഗജലോകത്തെ മുൻ നിരയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ പല മഹാരഥമാരും കാലിടറി വീണേയ്ക്കാം. കാരണം അംഗോപാങ്ക സൗന്ദര്യ ലക്ഷണത്തിലും ഒറ്റ നിലവിലും ഇന്നിവൻ പേരും പെരുമയും നേടി കഴിഞ്ഞിരിക്കുന്നു.

പ്രായം ഇരുപതുകളുടെ മദ്ധ്യ പാതത്തിൽ എത്തി നിൽക്കുമ്പോൾ ഗജ സുന്ദരനായി തീർന്നിരിക്കുന്നു ഈ സഹ്യകേസരി. വെളുത്ത നഖങ്ങളും , നിലത്തിഴയുന്ന തുമ്പിയും, വീണെടുത്ത കൊമ്പുകളും, വലിയ ചെവിയും, രോമാവൃദമായ വാലും, തേൻ നിറമുള്ള കണ്ണുകളും അങ്ങനെ ആരേയും മയക്കുവാൻ പോന്ന ലക്ഷണ തികവുകൾ. ഇന്നിലെ യുവരാജാക്കന്മാരിൽ ആനക്കേരളം ഏറ്റവും പ്രതീക്ഷ കൽപ്പിക്കുന്നതും ഇവന് തന്നെ.

Related posts

പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു – puthuppally sadhu

rahulvallappura

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്‍ – Gajarathnam Guruvayoor Padmanabhan

rahulvallappura

Ezhuthachan sreenivasan – എഴുത്തച്ഛന്‍ ശ്രീനിവാസന്‍

rahulvallappura