ആനക്കഥകള്‍

കുട്ടംകുളങ്ങര അർജ്ജുനൻ – Kuttankulangara Arjunan

മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണുവാൻ പോകുന്ന ചാർളിമാർക്കും , പത്മശ്രീ തേടുന്ന പ്രാഞ്ചിയേട്ടന്മാർക്കും, മേള പ്രമാണിമാർക്കും , കമ്പക്കാർക്കും , ആന – പൂരപ്രേമികൾക്കും എല്ലാം ഒരു പോലെ പ്രിയമുള്ള ഒരു ദേശം , അത് സർവ്വേശ്വരനായ നൈയ്മലക്കുന്നിലപ്പൻ വാഴുന്ന മണ്ണ്. ഏതൊരു ഉത്സവ കമ്പക്കാരനും പറയും കാണണം എങ്കിൽ അത് പൂരം കാണണം, ഏതെങ്കിലും പൂരമല്ല അത് പൂരങ്ങളുടെ പൂരമായ ത്രിശൂർ പൂരം തന്നെ കാണണം. ആ പെരും പൂരത്തിൽ, ആനപ്പിറപ്പായി ജനിച്ച് മലയാളക്കരയിൽ ജീവിക്കുന്ന ഏത് ഗജരാജാവും ഒന്ന് കൊതിക്കും, അതിൽ ഒന്ന് അണിനിരക്കാൻ, പതിനായിരങ്ങൾക്ക് നടുവിൽ അവസാന മുപ്പതിൽ ഇടം പിടിക്കാൻ. അതൊരു ഭാഗ്യം തന്നെ എങ്കിൽ ആ പെരുംപൂരത്തിൽ പ്രമാണിത്തം വഹിക്കുന്ന തിരുവമ്പാടി ഭഗവതിയേയും , പാറമേക്കാവിലമ്മയേയും ശിരസ്സിലേറ്റാൻ കഴിഞ്ഞാലോ? ജന്മസുകൃതം . അങ്ങനെ ഒരുവൻ ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഉണ്ട്, ഇരു ഭഗവതിമാരേയും ശിരസ്സിലേറ്റിയ പുണ്യവുമായി മലയാളിക്കരയിൽ ജീവിക്കുന്ന ഒരു വരുത്തൻ ഉണ്ട് . അതെ നമ്മുടെ സായിപ്പ് . പൊതുവിൽ അവന് അങ്ങനെയാണ് വിളിപ്പേര് അതാണ് അങ്ങനെ പറഞ്ഞത്. അവൻ അർജ്ജുനൻ , കുട്ടംകുളങ്ങര മഹാവിഷ്ണുവിന്റെ പ്രിയ തോഴൻ കുട്ടംകുളങ്ങര അർജ്ജുനൻ.

ഏതാണ്ട് നവയൗവ്വന കാലത്തിൽ തൊണ്ണൂറുകളുടെ ആദ്യ പാദത്തിൽ കരങ്ങാട്ടുമന തിരുമേനിയുടെ കൈപിടിച്ച് ചുണക്കുട്ടിയായി മലയാളി മണ്ണിലേക്ക് രംഗപ്രവേശം. വന്ന് ഇറങ്ങി എല്ലാരേം ഒന്ന് പരിചയപ്പെട്ട് യാത്രാവിവരണങ്ങൾ പങ്കുവെയ്ക്കും മുമ്പേ വാങ്ങാൻ ആവശ്യക്കാർ അണിനിരന്നു. ഒടുവിൽ നറുക്ക് വീണത് പോലെ അറ്റാശ്ശേരി ഹംസയുടെ പക്കലെത്തി. അങ്ങനെ ആറ്റാശ്ശേരി രാമചന്ദ്രനായി. രാമചന്ദ്രൻ ഉത്സവ മേളങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയ കാലത്തിൽ വീണ്ടും ഒരു കൈമാറ്റം അങ്ങനെ മിനിശ്ശേരിയിലേക്ക് അവിടെ അർജ്ജുനനായി. മിനിശ്ശേരി അർജ്ജുനൻ പൂരപ്പറമ്പുകളിൽ തന്റെ വരവറിയിച്ചു. പ്രായത്തിന്റെ ചടുലതയിൽ നടമാടിയ ഇവനെ , ഇനിയും ഗഡി വളരുവാൻ ഇരിക്കുന്നു എന്ന് മനസ്സിലാക്കി , ആ ലക്ഷണ യുക്തനെ തൊണ്ണൂറുകളുടെ അവസാനം കുട്ടൻകുളങ്ങര ദേവസ്വം സ്വന്തമാക്കി .പാർത്ഥസാരഥിയായ മഹാവിഷ്ണു വാഴുന്ന മണ്ണിൽ ദേവന്റെ പ്രിയൻ പാർത്ഥൻ തന്നെ എന്നറിഞ്ഞ് അർജ്ജുനൻ എന്ന പേര് മാറ്റാൻ മുതിർന്നില്ല. ഇന്നിൽ ആ പേരിന് എന്തുകൊണ്ടും യോജിക്കുന്നവനായി അവൻ മറി കഴിഞ്ഞു , അക്ഷരാർത്ഥത്തിൽ തികഞ്ഞ യോദ്ധാവായി തന്നെ അവൻ മാറിയിരിക്കുന്നു. അങ്ങനെ അവൻ കുട്ടംകുളങ്ങര അർജ്ജുനൻ ആയി .

അത് കഴിഞ്ഞപ്പോഴല്ലേ സംഗതി കളർ ആയത്. ആള് പത്തടിക്ക് മേലെ എത്തി. വെളുപ്പും ചുവപ്പും ഇടകലർന്ന് അവൻ ഒരു കളഭ കേസരി ആയി എങ്കിലും എന്നും ഏവർക്കും ഇഷ്ടം സായിപ്പെന്ന് തന്നെ വിളിക്കുവാൻ ആയിരുന്നു. തന്റെ ഉയക്കേമത്തത്തിലും അഴങ്കിലും അവൻ പൂരനഗരിയെ മതി മയക്കി. എന്തിനേറെ ആ പ്രഭാവം ഇങ്ങ് തെക്കൻ മണ്ണിൽ വരെ നിഴലിച്ചു.

കുട്ടംകുളങ്ങരയിൽ എത്തി ഏതാണ്ട് രണ്ട് വർഷം തികഞ്ഞപ്പോൾ, പൂര നഗരിക്കൊപ്പം തിരുവമ്പാടി ഭഗവതിയേയും തന്റെ അഴകിൽ മതിമയക്കി , അങ്ങനെ അക്കൊല്ലം പൂരത്തിൽ ഭഗവതിയെ ശിരസ്സിലേറ്റി. പൂര നഗരിയിൽ ഒരുവൻ താരമാകാൻ ഇതിൽ പരം എന്ത് വേണം. അതെ താരം തന്നെ ആയി. പിന്നെ കാത്ത് നിന്നില്ല. ദേശവും കാലവും നോക്കാതെ തേരോടി, ചെല്ലുന്നിടത്തെല്ലാം വിജയിച്ചു. കാലം അപ്പോഴും അവനായി ചിലതെല്ലാം കൂടി കരുതിയിരുന്നത് പോലെ , തുടർന്ന് 2009 ലും 2011ലും പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റി ചരിത്രം രചിച്ചു. ഇരു തട്ടകത്ത് ഭഗവതിമാരേയും ശിരസ്സിലേറ്റി പൂരത്തിനിറങ്ങിയ പുണ്യം അത് ഇവന് മാത്രം സ്വന്തം.

അങ്ങനെ അവനിപ്പോൾ പുതിയ റക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്ത് മുന്നേറുന്നു. നാൽപതുകളുടെ മദ്ധ്യത്തിൽ തന്റെ പ്രായം എത്തി നിൽക്കുമ്പോൾ ഇനിയും തനിക്ക് കീഴടക്കാൻ മണ്ണും മനസ്സും ഉണ്ടെന്ന മട്ടിൽ തേരോട്ടം തുടരുന്നു. ഒരു സാധാരണ വരുത്തൻ ചന്തത്തിനപ്പുറം വലിയ ചെവിയും , വീണെടുത്ത കൊമ്പും വണ്ണമുള്ള നീളൻ തമ്പിയും, കനത്ത നട അമരങ്ങളും നല്ല ഉടൽ വലുപ്പവും അങ്ങനെ ഒട്ടുമിക്ക ഗജലക്ഷണങ്ങളും ചേരുമ്പോൾ നിസംശയം പറയാം ഇവൻ നമുക്കൊരു മുതൽക്കൂട്ട് തന്നെ.

പൂര നഗരിയിൽ നിന്നോളം പുണ്യജന്മങ്ങൾ വിരളം തന്നെ. ഇനിയും നിനക്ക് മുമ്പിൽ കാലം കാത്തു വെച്ച അംഗീകാരങ്ങൾ നിരവധിയായുണ്ട് , അവയിലേക്കുള്ള നിന്റെ യാത്രയിൽ , മംഗളങ്ങൾ നേർന്നു കൊണ്ട്

Related posts

Thrikkadavoor Shivaraju – തൃക്കടവൂർ ശിവരാജു

rahulvallappura

കുന്നുമ്മൽ തിരുമാറാടി പരശുരാമൻ

rahulvallappura

മംഗലാംകുന്ന് കര്‍ണ്ണന്‍ – Mangalamkunnu Karnan

rahulvallappura