ഓര്‍മ്മ വെച്ചു തുടങ്ങിയ കാലത്തില്‍ ഏതിലോ കണ്ണന്‍റെ തിരുനടയില്‍ മഞ്ചാടി വാരി കളിച്ചു നടന്ന പ്രായത്തില്‍ ആണ് പപ്പേട്ടനെ കാണാന്‍ പുന്നത്തൂര്‍ കോട്ടയുടെ പടി കടന്ന് ചെല്ലുന്നത് മനസ്സില്‍ കണ്ണന്‍റെ പ്രിയന്‍ ആയിരുന്നെങ്കിലും അവിടെ എന്നെ വരവേറ്റത് മറ്റു രണ്ട് ആനച്ചന്തങ്ങള്‍ ആണ്, അന്ന് ഒരു ഉടക്കായി മനസ്സില്‍ കൂടിയതാ അവര്‍ രണ്ട് പേരും. അതിലൊരാള്‍ നമ്മുടെ ഇന്ദ്രപ്പന്‍ തന്നെ, മറ്റേത് നന്ദന്‍. അന്ന് തല കുലുക്കി കുട്ടിക്കളി മാറാത്ത ഒരു കുറുമ്പനെ പോലെ നിന്നത് മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. പിന്നെ കാഴ്ച്ചകള്‍ക്ക് ഇടവേളകള്‍ കുറഞ്ഞതും പോകെ പോകെ അതൊരു ആരാധന ആയി മാറിയതും എല്ലാം എന്‍റെ ജീവിത കാലം.
പദ്മനാഭന്‍ കഴിഞ്ഞാല്‍ കോട്ട നയിക്കേണ്ടത് ആര് എന്ന ചോദ്യത്തിന് പലപ്പോഴായി വലിയ കേശവനെ പറഞ്ഞുറപ്പിച്ചിട്ടുണ്ടെങ്കിലും, എനിക്കത് ഇവന്‍ തന്നെ ആണ് അഴകിയ ഇവനെ കണ്ടാല്‍ ആരായാലും മതി മറന്ന് പോകും, ഉയരക്കേമത്തം മാത്രം അല്ലാതെ ലക്ഷണ ശാസ്ത്രത്തിനപ്പുറം അഴകിന്റെ മനശാസ്ത്രത്തില്‍ ഒരു മാര്‍ക്കിടീല്‍ നടത്തിയാല്‍ കോട്ടയില്‍ ഏറ്റവും അധികം മാര്‍ക്ക് വാങ്ങുക ഈ ഇളമുറ തമ്പുരാന്‍ തന്നെ എന്ന് പരസ്യമായി സമ്മതിക്കേണ്ടിവരും. നാല്‍പ്പതുകളിലേക്ക് കാലെടുത്തു വച്ചിട്ട് അധികകാലം ആകാത്ത യുവ കേസരി കൂടെ ആണ് നമ്മടെ ചെക്കന്‍ എന്നിട്ടും കോട്ടയിലെ തലതൊട്ടപ്പന്‍ മാര്‍ക്കൊപ്പം ഈ പേര് കൂട്ടി വായിക്കുന്നു എങ്കില്‍ മനസിലാക്കാം ഇവന്‍റെ കഴിവും അഴകും.
പൊതുവില്‍ കണ്ണന്‍റെ ആനകള്‍ ശാന്തരും എന്നാല്‍ കുറുമ്പുകാരും ഒരു പ്രായം കഴിഞ്ഞാല്‍ ചുമതലകള്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും പക്വതയും തികഞ്ഞവരും ആകാറുണ്ട്. ഇവനും ഏതാണ്ട് ആ കാലങ്ങള്‍ ഒക്കെ കഴിഞ്ഞ് ഇപ്പോള്‍ പക്വമായ ജീവിത സാഹചര്യങ്ങളില്‍ തന്നെ ആണ്. വീണെടുത്ത കൊമ്പുകളും അഴകുള്ള വാലും, നിലത്തിഴയും തുമ്പിയും, വലിയ ചെവിയും, തേന്‍ നിറമുള്ള കണ്ണുകളും, അങ്ങനെ കണക്കുകള്‍ പറയുവാന്‍ തുടങ്ങിയാല്‍ ചില ഉത്തമ വീരന്മാര്‍ വിയര്‍ത്തെന്ന് വരാം.
കണ്ണന്‍റെ പ്രധാന ഉത്സവ ദിനങ്ങള്‍ ആയ വിഷുവിനും ഓണത്തിനും കണ്ണന്‍റെ തിരുനടയില്‍ എത്താന്‍ അവസരം കിട്ടാറുള്ള കോട്ടയിലെ പുണ്യ ജന്മങ്ങളില്‍ ഒന്നെന്ന് കൂടെ നമ്മള്‍ മറക്കാതെ പറയേണ്ടതുണ്ട്. കാരണം പലപ്പോഴും പ്രധാനികള്‍ പലരും ഈ കാലത്തില്‍ ഒന്നില്‍ നീരിന്റെ ആദിക്യത്തില്‍ ആയിരിക്കും എന്നത് തന്നെ. ഉത്സവവും പൂരവും എല്ലാം ഇപ്പോള്‍ ഇന്ദ്രന് സമം ആണ്, ഏത് നാടും മണ്ണും ജഗന്നാഥന് സമം എന്ന് പറയുന്നത് പോലെ വടക്കിന്റെ പൂരങ്ങള്‍ ആയാലും തെക്കിന്‍റെ ഉത്സവങ്ങള്‍ ആയാലും ഇന്ദ്രപ്പന്‍ എല്ലായിടത്തും എത്തുക തന്നെ വേണം എന്നത് ഒരു ആവശ്യത്തിനപ്പുറം ഒരു ആവേശം ആയി മാറിയിരിക്കുന്നു.
ഏതു നാട്ടിലും കണ്ണന്‍റെ പ്രതിനിധിയായി അവന്‍ ചെന്നാല്‍ പിന്നെ താരവും താരങ്ങളില്‍ താരവും എല്ലാം അവന്‍ തന്നെ. ഫോട്ടോ എടുപ്പും കളികളുമായി ഇവന് ചുറ്റിലും നിറയുന്ന ആരാധകര്‍ക്ക് മുന്നില്‍ ന്യൂ ജെനെരെഷന്‍ പിള്ളേര് പറയണ പോലെ മാസ് ആയോ മരണ മാസ്സ് ആയോ ഒക്കെ ഒന്ന് നില്‍ക്കും അതൊരു പതിവാണ്, കാരണം താന്‍ ഇതൊക്കെ തന്നെ ആണ് , ഈ കാണുന്നതില്‍ പൊടി കൈകള്‍ ഒന്നും ഇല്ല എന്നവന്‍ പറയുന്നുണ്ടാകാം.
കോട്ടയില്‍ ഉണ്ടെങ്കില്‍ വിശ്വാസത്തോടെ അഴിച്ചിട്ട ചങ്ങല വലിച്ചു കൊണ്ട് അവന്‍ നടന്നു വരുന്നത് എന്നും എനിക്ക് ഏറ്റവും പ്രിയമുള്ള കാഴ്ച്ച ആണ്. കോട്ടയില്‍ മിക്കവാറും എല്ലാവരും അങ്ങനെ തന്നെ അല്ലെ എന്ന ചോദ്യം ആണേല്‍ , ഒരു പേടിക്കും വഴക്കിനും അടിക്കും ഒക്കെ അപ്പുറം മനസ്സുകളുടെ ഒരു ഐക്യം എന്നത് കൂടെ ആണ് പുന്നത്തൂര്‍ കോട്ട, ആ കൂട്ടായ്മയില്‍ ചട്ടക്കാരനുമായി അടുപ്പം കാട്ടുന്ന ആനച്ചന്തങ്ങള്‍ നോക്കിയാല്‍ ഇന്ദ്രന്റെ പേര് ആദ്യം തന്നെ ഉണ്ടാകും.
തൃശ്ശൂരും ഉത്രാളിയും ഉള്‍പ്പടെയുള്ള പൂരങ്ങളും തെക്കോട്ട് ഏറ്റുമാനൂര്‍ , തുറവൂര്‍ പോലെ ഉള്ള മഹാക്ഷേത്രങ്ങളിലും എല്ലാം ഇവന്‍ നിറ സാന്നിദ്യം ആകുന്നത് അഴകിയ തമ്പുരാക്കന്മാര്‍ തെക്ക് ഇല്ലാഞ്ഞിട്ടല്ല പക്ഷെ അഴകിനോപ്പം ദൈവീക മൂല്യങ്ങള്‍ കൂടെ കൈമുതല്‍ ആയുള്ളവര്‍ ആണ് കണ്ണന്‍റെ പിള്ളേര്‍ എന്നത് കൂടെ കൊണ്ടാണ്. സഹ്യപുത്രന്മാരെ പൂജിച്ചു വാഴ്ത്തുന്ന നാട്ടില്‍ നിന്ന് വലിയ തറവാട്ടില്‍ തന്നെക്കാളും തലമൂത്തവര്‍ നില്‍ക്കുമ്പോള്‍ തന്നെ തേടി ദേശങ്ങള്‍ കടന്ന് പോലും ആവശ്യക്കാര്‍ വരുന്നു എന്ന് പറയുമ്പോള്‍ നമുക്ക് മനസ്സിലാകും ഇവന്റെ മൂല്യം.
മുന്നൂറ് സെന്റിമീറ്റര്‍ ഉയരം ഉള്ള ഇവനെ 1979 സപ്തംബര്‍ 24ന് മുംബൈയിലെ ഐ.ടി. മീര്‍ ചന്ദാനിയാണ് ഗുരുവായൂരപ്പന് നടക്കിരുത്തിയത്.
രാജന്‍ ചേട്ടനും, മണികണ്ഠന്‍ ചേട്ടനും നന്ദനും ഒക്കെ ആയി ഇവന്‍ അരങ്ങു തകര്‍ക്കുക തന്നെ ആണ്.മനസ്സിലെ അഴകിന്‍റെ തമ്പുരാന്, കണ്ണന്‍റെ പ്രിയന് ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്നിന് , ഇന്ദ്രപ്പന് ആയിരം ആയിരം ആശംസകള്‍…