ചരിത്രമുറങ്ങുന്ന തെക്കൻ ഭൂമിക, അഴകിനും ലക്ഷണയുക്തിക്കും വഴിപ്പെട്ട്, ഗജരാജ സുന്ദരന്മാർ നടമാടിയ മണ്ണ്, എന്തിനും ഏതിനും ഏതൊരു ആനയേയും ഗജലോകത്തെ തലതൊട്ടപ്പന്മാരുമായി താരതമ്യം ചെയ്യുന്ന അപൂർവ്വ നാട്, കാരണം മറ്റൊന്നല്ല, ഇവിടെ ജനിച്ചതും വളർന്നവരും ജീവിച്ചവരുമായവർ അത്ര കേമന്മാർ തന്നെ, അതാകണം ഏവർക്കും പിൻ തലമുറക്കാരെകുറിച്ച് ഇത്ര വേവലാതി .
പല കേമന്മാരും ഇക്കാലത്തോടകം തെക്കൻ മണ്ണിൽ പേരും പെരുമയും നേടി വടക്കൻ മണ്ണിൽ വരവറിയിച്ച് ആരാധകരുടെ കൈയ്യടി വാങ്ങിയവർ ആണ്, ചിലർ ലക്ഷണ ശുദ്ധി എന്ന അംങ്കോപാങ്ക സൗന്ദര്യത്തിനും മറ്റു ചിലർ അളവ് എന്ന പ്രമാണിത്തം കൊണ്ടും ഇന്നിൽ പലരും കൈ നിറയെ പരിപാടികൾ വാരിക്കൂട്ടി, ദേശവ്യത്യാസങ്ങൾ ഇല്ലാതെ പായുന്നു.
ഇതിൽ വരുത്തിനെന്നോ, നാട്ടാനകൾ എന്നോ ഉള്ള വകഭേതമോ ഒന്നും ഇന്നിൽ അത്രകണ്ട് കേൾക്കുന്നില്ല , കാരണം പലപ്പോഴും എല്ലാറ്റിനേയും അംഗീകരിക്കുന്ന മലയാളി മനസ്സ് ആകണം എന്നില്ല. അതിനപ്പുറം നാടനെ വെല്ലുന്ന അഴകും കണക്കുമായി പല കേമന്മാരും അതിർത്തി കടന്നപ്പോൾ സ്വദേശികൾ മുട്ടിടിച്ചത് കണ്ടതിലുള്ള വേവലാതിയാകാം. അക്കൂട്ടത്തിൽ ഒറ്റനോട്ടത്തിൽ ആരും നാടൻ എന്ന് പറയുന്ന ഒരു വൻ ഉണ്ടായിരുന്നു. ആനക്കേരളത്തിന്റെ ഹരമായിരുന്ന പിന്നീട് ഏവരേയും കണ്ണീർ അണിയിച്ച് ഓർമ്മകളിലേക്ക് ചേക്കേറിയ എഴുത്തച്ഛൻ ശ്രീനിവാസൻ , സമാനതകൾ ഇല്ലാത്ത ആ ഇതിഹാസത്തിന്റെ പിൻതലമുറക്കാരൻ എന്ന് വിളിക്കുവാൻ പോന്ന ഒരു വൻ ഉണ്ട് ഇന്ന് തെക്കൻ മണ്ണിൽ, അതെ വിജയൻ , നമ്മുടെ വിജയസുന്ദർ, ചാന്നാനിക്കാട് വിജയസുന്ദർ .
ഏതാണ്ട് പ്രായം കൌമാരത്തിലേക്ക് കാലൂന്നിയ മധുര 15 ൽ ബീഹാറിൽ നിന്നും വണ്ടി കയറി, മലയാളി മണ്ണിലേക്ക് , പല അതിരുകൾ കടന്ന് ഇങ്ങ് മലയാളി മണ്ണിലെത്താൻ നിയോഗമായ വളക്കയം തോമസുകുട്ടിയുടെ കണ്ടെത്തൽ എന്തുകൊണ്ടും മികച്ചതായി എന്നു തന്നെ വരും കാലത്ത് അവൻ പലകുറി പറയിച്ചു. കൊണ്ടുവന്നത് വളക്കയം തോമസേട്ടൻ ആയിരുന്നു എങ്കിലും പേരിനോട് ചേർക്കാൻ അവന് ഭാഗ്യം കിട്ടിയത് വാക്കയിൽ എന്നാണ്. കൊണ്ടുവന്ന് വളർത്താൻ ഏൽപ്പിച്ചത് വാക്കയിൽ ആണത്രേ. വാക്കയിൽ എത്തിയ ഇവന് വരും കാല വിജയങ്ങളുടെ മുൻ വിധിപോലെ വിജയൻ എന്ന് പേരും ഇട്ടു. അങ്ങനെ അവൻ വാക്കയിൽ വിജയൻ ആയി .
തനി ഇരട്ടച്ചങ്കൻ, എന്ന പേര് വന്ന കാലം മുതൽ കേട്ടു തുടങ്ങിയിട്ടുണ്ടാകും . അത്രകണ്ട് ആരോടും സൗമ്യത കാട്ടി, പലർക്ക് കേറി ഇറങ്ങാൻ ഒന്നും തന്നേ കിട്ടില്ല. ചട്ടക്കാരൻ അയാൾ മതി, അല്ലാതെ ഒന്നും അംഗീകരിക്കാൻ തനിക്ക് വയ്യ എന്ന ലൈൻ . ഇനി വല്ല അനുരഞ്ചന ചർച്ച വല്ലോം ആണ് ഉദ്ദേശം എങ്കിൽ പിക്കറ്റിങ്ങും ഉറപ്പ്. ആന ഇരടച്ചങ്കൻ ആണെങ്കിൽ പിന്നെ ചട്ടക്കാരുടെ കാര്യം പറയണോ , ഡബിളും ത്രിബിളും ഒക്കെ ഉള്ള എക്കാലത്തേയും മികച്ച ഒരു പിടി സാരഥികൾ തന്നെ അവനെ വഴി നടത്തിയത്. ഏതാണ്ട് പത്ത് വർഷക്കാലത്തോളം അവൻ വാക്കയിൽ വിജയൻ ആയി കഴിഞ്ഞു.
അങ്ങനെ ഇരിക്കുമ്പോഴാ ഇങ്ങ് തെക്കൻ മണ്ണിലെ ഒരു പ്രധാന ആനത്തറവാടായ കുറുപ്പിന്റെ ചാന്നാനിക്കാട്ട് നിന്നൊരു വിളി , വിളിച്ചത് അക്ഷര നഗരിയിൽ നിന്നായപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല വണ്ടി കയറി. വന്ന് നിന്നപ്പോൾ തന്നെ ആ സൗന്ദര്യത്തിൽ മതിമറന്ന ചാന്നാനിക്കാട് തറവാട് അവനെ സുന്ദരനായി പട്ടാഭിഷേകം നടത്തി. അങ്ങനെ വിജയൻ വിജയ സുന്ദർ ആയി.
“ചാന്നാനിക്കാട് വിജയ സുന്ദർ. ”
വന്നിറങ്ങിയ മണ്ണിൽ പ്രമാണിമാരുടെ ബഹളം ആയിരുന്നു. കുടുമ്പത്ത് തന്നെ പേരെടുത്ത എണ്ണം പറഞ്ഞ ഗജകേസരികൾ , ആൾക്കൂട്ടത്തിൽ ആരാലും അറിപ്പെടാത്തവനായി കാലം കഴിക്കേണ്ടി വരുമോ എന്ന ചിന്ത ഉണ്ടായിരിക്കാം അവനിൽ. ആ ചിന്തകളെ കനലിൽ ഊതി തെളിയിച്ചിട്ടുമുണ്ടാകാം, പലതും അവൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. തന്റെ തലവരയും തലക്കുറിയും എല്ലാം തീരുമാനിക്കേണ്ടത് താൻ തന്നെ എന്ന് . കണ്ട സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ആക്കം കൂട്ടി അവൻ പടക്കിറങ്ങി. അല്ലറ ചില്ലറ പിണക്കങ്ങൾ ഒഴിച്ചാൽ അവൻ പൂരപ്പറമ്പുകളിൽ അവേശമായി. പേരെടുത്ത പല ഉത്സവ പൂര എഴുന്നള്ളത്തുകളുടേയും കമ്മറ്റിക്കാർ ഇവനായി പരക്കം പാഞ്ഞു. പോകെ പോകെ പൊരുത്തങ്ങളും തലയെടുപ്പുമായി ഈ ഇരട്ടച്ചങ്കൻ പല മനസ്സുകളിലും സ്ഥിര പ്രതിഷ്ഠ നേടി.
കക്കാട് കൃഷ്ണനും , രാജനും , ഓനാക്കൽ കുഞ്ഞുമോനും, വൈക്കത്തപ്പനും, കൃഷ്ണാപ്പുവും, നാലുകോടി കുഞ്ഞുമോനും അങ്ങനെ ആനപ്പണിയിലെ അസ്സൽ തൊഴിലുകാർ തന്നെ അവനെ കൈപിടിച്ച് നടത്തി. ഇന്ന് കടുക്കൻ രാജേഷ് ഒരു തോട്ടിക്കും വടിക്കും അപ്പുറം ചങ്കൂറ്റത്തിന്റെ കഥകൾ പറഞ്ഞ് കൂടെ ഉള്ളപ്പോൾ ഇവൻ മുമ്പോട്ട് തന്നെ.
പ്രായത്തിൽ ഏതാണ്ട് മുപ്പതുകളുടെ ആദ്യ പാദത്തിൽ എത്തി നിൽക്കുമ്പോൾ നാളെകൾ ഇവൻ കൈപ്പിടിയിൽ ആക്കുക തന്നെ ചെയ്യും . പൂരപ്പറമ്പുകളെ ആവേശത്തിൽ മതി മയക്കി നാളെയുടെ നായകൻ ആകാൻ നമ്മുടെ തെക്കൻ പോരാളിക്ക് ഭാവുകങ്ങളോടെ,