ആനക്കഥകള്‍

തിരുനക്കര ശിവൻ – Thirunakkara Sivan

ജനിച്ചു വീണ മണ്ണില്‍ എന്നും അഭിമാനം ആകാന്‍ ഇങ്ങനെ ഒരുവന്‍ ഉള്ളത് ഒരു ഭാഗ്യം തന്നെ. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഞാന്‍ അക്ഷര നഗരിക്ക് സ്വന്തം ആകുമ്പോള്‍ ശിവന്‍ എനിക്ക് പ്രിയന്‍ ആകുന്നു.

ആദ്യമായി കണ്ടത് എവിടെ വെച്ച് എന്നതില്‍ തീര്‍ച്ച ഇല്ല, പക്ഷെ കൂടുതല്‍ അടുത്തതും അറിഞ്ഞതും എല്ലാം അന്നദാന പ്രഭുവിന്‍റെ മണ്ണില്‍ ആണ് എന്നത് നിസംശയം പറയാം. അത് കൊണ്ട് തന്നെ ആകും എപ്പോളും എനിക്ക് തിരുനക്കര തേവരുടെ ദാസന്‍ എന്നു മാത്രം പറഞ്ഞാല്‍ ആകില്ല, വൈക്കത്തപ്പന്റെ മാനസ പുത്രന്‍ എന്ന് കൂടെ പറയണം. ജീവിക്കാന്‍ നിയോഗിക്കപെടുന്നത് ഏതു ക്ഷേത്ര മുറ്റത്താണോ അവിടുത്തെ ദേവന്‍ അല്ലെങ്കില്‍ ദേവിയുടെ മാനസ പുത്രന്‍ എന്നത് ഒരു ആലങ്കാരിക പ്രയോഗം അല്ലെ എന്ന് പലരും ചോദിച്ചതിന് ഒരുത്തരം കൂടി ആണ് ശിവന്‍.

ശിവന്റെ ലക്ഷണ തികവിനെ പറ്റിയോ അല്ലെങ്കില്‍ അഴകിനെ പറ്റിയോ ഒന്നും ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല, ഒരിക്കല്‍ കണ്ടിട്ടുണ്ട് എങ്കില്‍ പിന്നെ ആ മനസ്സില്‍ കുടിയിരിക്കും ഇവന്‍ എന്നത് തീര്ച്ച ആണ്. എനിക്ക് ഏറ്റവും അടുത്ത് എപ്പോഴും കാണാന്‍ കഴിയുന്ന ആള്‍ ശിവന്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല, എങ്കിലും എപ്പോഴും കാണാന്‍ മനസ്സില്‍ തോന്നുകയും കാണുകയും ചെയ്യാറുള്ള ആന ചന്തത്തില്‍ ഒന്ന് ശിവന്‍ തന്നെ.

തിരുനക്കര തേവരെ തൊഴുത്‌ വണങ്ങി പ്രത്യക്ഷ ഗണപതി ആയ ശിവന്റെ ദര്‍ശനം കൂടെ ആയാലേ തിരുനക്കര ക്ഷേത്ര ദര്‍ശനം പൂണ്ണമാകൂ എന്ന് മനസ്സില്‍ തോന്നാറുണ്ട്. ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുര നട കടന്ന് കൊടിമര ചുവട് എത്തും മുന്പേ അറിയാം ശിവന്‍ പടിഞ്ഞാറ്റ് ഉണ്ടോ എന്ന്, പലപ്പോഴും ആ വലിയ മുറം പോലെ ഉള്ള ചെവികള്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് ഇപ്പോള്‍ വരാം തേവരെ വണങ്ങി എന്ന് മനസ്സില്‍ പറഞ്ഞാകും നാലമ്പലത്തിലേക്ക് കടക്കുക.

പലരുടെയും ഇഷ്ടങ്ങള്‍ പലതാകും ചിലപ്പോള്‍ ചിലര്‍ക്ക് ശിവന്‍ നടക്കുന്നതാകും, ചിലപ്പോള്‍ നീളന്‍ തുമ്പി നിലത്തിഴയുന്നതാകും, രോമാവൃതമായ വാല് ആട്ടി രസിക്കുന്നതാകാം, ചിലപ്പോള്‍ ആനച്ചെവി വിടര്‍ത്തി അടിച്ചു നില്‍ക്കുന്നതാകാം. ഇതൊക്കെ ആണെങ്കിലും എനിക്ക് ഏറ്റവും പ്രിയം ചെവി അടിച്ചു കണ്ണ് മൂടി ഒളിച്ചേ എന്ന് പറയുന്ന പോലെ ഉള്ള ആ നില്‍പ്പാണ്. അത് പലപ്പോഴും എന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ത്താറുണ്ട്.

അക്ഷരനഗരിയില്‍ പഠിക്കുന്ന കാലത്തും അതിന് മുന്‍പും ഞങ്ങളുടെ അയല്‍ നാട്ടുകാരന്‍ കൂടി ആയ നടേശന്‍ ചേട്ടന്റെ കൂടെ കുട്ടി കളി കളിച്ചു നടക്കുന്ന ശിവന്‍ എന്നും എനിക്ക് പ്രിയമുള്ളത് തന്നെ ആയിരുന്നു. തേവരുടെ ഉത്സവകാലത്ത് ശിവന്‍ നീരില്‍ ആയിരിക്കും എന്നത് എനിക്ക് കേട്ട് മാത്രം പരിചിതം ആയ ഒന്നാണ് . പലപ്പോഴും ഉത്സവം ആകുമ്പോള്‍ ഹും ശിവന്‍ നീരില്‍ അല്ലെ പാവം അവിടുത്തെതിന് മാത്രം സാധിക്കില്ലല്ലോ , കേട്ടു കേട്ടു മടുത്തു, അങ്ങനെ പറയുന്നവരോട് പലപ്പോഴും എനിക്കറിയില്ല ശിവന്റെ നീര് കാലം എന്നെ ഞാന്‍ പറയാറുള്ളൂ..(ഒരു തര്‍ക്കത്തിനും ഇല്ല എല്ലാം തേവരുടെ ഹിതം)

പലപ്പോഴും കടുത്ത ഭാഷയില്‍ പലരോടും പലരീതിയില്‍ വാക്കുകളായും എഴുത്തുകളായും ശിവന്‍റെ ഈ കാലത്തെ കുറിച്ച് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടും കണ്ടിട്ടും ഉള്ളത് തന്നെ. എന്ത് തന്നെ ആകിലും ഇല്ലെന്ന് പറയില്ല അറാട്ടില്‍ തിരുവിഴ തീര്‍ക്കുന്ന നാദ വിസ്മയത്തില്‍ ലയിച്ച് മഹാദേവനെ കണ്ടു നില്‍ക്കുമ്പോള്‍ അഗഹിച്ചിട്ടുണ്ട് നമ്മടെ ചെക്കന്‍ ……………………..

എന്നാല്‍ കാലം എന്നത് സത്യം ആണെന്നും ചിലപ്പോള്‍ ഒക്കെ ആ സത്യം നമ്മെ തേടി വരുന്നതിനപ്പുറം നാം തേടുകയും അതിനെ നിര്‍ബന്ധമായി കണ്ടു പിടിക്കുകയും വേണം എന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ എന്തോ കഴിഞ്ഞ പൂരത്തില്‍ ആര്‍ത്തിരമ്പുന്ന ആയിരങ്ങള്‍ക്ക് നടുവിലേക്ക് അവന്‍ തേവരുടെ പുത്രന്‍ ആയി കടന്നു വന്നു. ഒരു പക്ഷെ അന്ന് എന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിട്ടുണ്ടാകാം കാരണം മറ്റൊന്നും അല്ല, സ്വപ്‌നങ്ങള്‍ നമുക്ക് മുന്പില്‍ സത്യങ്ങള്‍ ആകുമ്പോള്‍ ഏതൊരു മനുഷ്യനും അങ്ങനെ ആയേക്കാം.

നീ ഗജ കേസരിയില്‍ നിന്ന് പലകാപ്യ സാര്‍വ്വഭൌമ ഗജരാജ മാണിക്യം ആയപ്പോളും എല്ലാം എന്നും എനിക്ക് ഒളിച്ചേ കണ്ടേ കളിക്കുന്ന കുട്ടിത്തം മറാത്ത ആനചെവിയുള്ള പ്രിയന്‍ തന്നെ.

നിന്‍റെ വിശേഷണങ്ങള്‍ വര്‍ണ്ണിക്കുന്ന ആ ഗാനത്തില്‍ പറയുന്നത് പോലെ തിരുനക്കരേശന്‍റെ തിടമ്പേറ്റുവാന്‍ വന്ന ഗജരാജന്‍ ആണ് നീ, അതിനാല്‍ അത് നിന്‍റെ മാത്രം അവകാശം ആണെന്ന ഉറച്ച വിശ്വാസം ഓരോ ശിവ പ്രിയരിലും ഉണ്ടാകും.

അപ്പോൾ അഴിക്കാറായിരിക്കുന്നു … അടുത്ത സീസൺ നമക്ക് പൊളിക്കാമെടോ !

എടൊ മാണിക്യമേ ആശംസകള്‍ ഉണ്ട് കേട്ടോ…………..

Related posts

എറണാകുളം ശിവകുമാർ-Ernakulam Sivakumar

rahulvallappura

പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ സാധു – puthuppally sadhu

rahulvallappura

കുന്നുമ്മൽ തിരുമാറാടി പരശുരാമൻ

rahulvallappura