ചംക്രോത്ത് മഠത്തിലെ ഒറ്റ തെങ്ങില്‍ ചാരി നിന്നിരുന്ന ആ രൂപം അതൊരിക്കലും ഓര്‍മ്മയില്‍ നിന്ന് മായില്ല. നന്നേ ചെറുപ്പത്തില്‍ ആന എന്നത് വ്സ്മയം എന്നതിനപ്പുറം വലിയ കാര്യബോധമോ അല്ലെങ്കില്‍ അഴക് നോക്കി നിലവ് നോക്കി നടപ്പോ ഒന്നും അറിയില്ലായിരുന്നു. ഒരു പക്ഷെ എന്നില്‍ ആനപ്രേമം എന്നത് ഒരു അമൃതായി പകര്‍ന്നു തന്ന എന്‍റെ അച്ഛന്‍ എന്നെ ആദ്യ കാലത്തില്‍ ഇതാണ് ആന എന്ന് കാണിച്ചു തന്നതില്‍ ഒന്ന്, ഒരു പക്ഷെ ഞാന്‍ എഴുന്നള്ളി നില്‍ക്കുന്ന ഈ ഗജരാജ വിസ്മയത്തെ പലകുറി കണ്ടിട്ടുണ്ടാകാം, പക്ഷെ അന്നൊരു നോക്കില്‍ കണ്ടിട്ട് ആ തിരു മുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം പന്ത് തട്ടി കളിക്കാന്‍ പോയിട്ടുണ്ടാകും. മനസ്സിലെ മായാത്ത ഓര്‍മ്മകളില്‍ ഒന്ന് ഞങ്ങളുടെ ജയചന്ദ്രന്‍ അതെ തിരുവല്ലാ ശ്രീവല്ലഭ ദാസന്‍ ജയചന്ദ്രന്‍.
ജീവിതത്തില്‍ ചിലപ്പോള്‍ ഒക്കെ ഓര്‍മ്മകള്‍ക്ക് വല്ലാണ്ടെ മൂല്യം കല്‍പ്പിക്കുന്നു എങ്കില്‍ അതിന് കാരണക്കാര്‍ ആക്കുന്നവര്‍ അത്രകണ്ട് മൂല്യവും അതിലുപരി സമാനതകള്‍ കല്‍പ്പിക്കുവാന്‍ കഴിയാത്തവരും ആയിരിക്കും. ഒരു പക്ഷെ എനിക്ക് ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിവുണ്ടാകില്ല, പക്ഷെ ഞാന്‍ അല്ലെങ്കില്‍ എന്‍റെ പ്രായത്തില്‍ ഉള്ളവര്‍ അതിന് മുകളില്‍ ഉള്ളവര്‍ അവര്‍ക്കെല്ലാം ഈ ഗജരാജന്‍ ഒരു അത്ഭുതം തന്നെ ആയിരുന്നു. കാലത്തിന്‍റെ ഏടുകളില്‍ ഒന്നില്‍ ഒരു നിയോഗം പോലെ ജനിച്ചു വീണ കാടിനോടും വന്യതയോടും വിട ചൊല്ലി പഠിച്ച ചിട്ടവട്ടങ്ങള്‍ ഹൃതിസ്തമാക്കി ദേവ പ്രിയനായി ഒരു നാടിന്‍റെ കണ്ണിലുണ്ണിയായി ജീവിക്കാന്‍ നിയോഗമായവന്‍.
അഴകിയ സഹ്യപുത്രന്‍ , ഒരു പക്ഷെ ഇന്നില്‍ ജീവിക്കുന്ന ആരുമായി വിദൂരത്തില്‍ എങ്കിലും ഒരു താരതമ്യം ചെയ്യാന്‍ സാധിക്കാത്ത ഒരു ഇതിഹാസം ആയിരുന്നു ജയചന്ദ്രന്‍. ശ്രീവല്ലഭ പെരുമാളിന്‍റെ പ്രിയനായി അവന്‍ ജീവിതം വല്ലഭ പുരിക്കായി ഒഴിഞ്ഞു വെച്ചു. തെക്കന്മാര്‍ കണ്ടതും അറിഞ്ഞതും ആണ് ഈ സഹ്യന്‍റെ അഴകും നിലവും എല്ലാം. വീണകന്ന കൊമ്പുകളും, നിലത്ത് ഇഴയുന്ന തുമ്പിയും , പാടുകള്‍ ഇല്ലാത്ത നല്ല നഖങ്ങളും, രോമ നിബിഡമായ വാലും, തൂണ് പോലെ ഉള്ള ഉറച്ച കാലുകളും, തടിച്ച ശരീരവും , നല്ല വായു കുംഭവും, വിരിഞ്ഞ മസ്തകവും, തേന്‍ നിറമുള്ള കണ്ണുകളും അങ്ങനെ വര്‍ണ്ണിച്ച് തുടങ്ങിയാല്‍ ലക്ഷണ ശാസ്ത്രം എന്ന അച്ചിട്ട് വാര്‍ത്തത് എന്ന് പറയുന്നതാകും നല്ലത്.
നീണ്ടകാലം അങ്ങനെ സമാനതകള്‍ ഇല്ലതെ തട്ടക ഭൂമിയിലും സമീപ പ്രദേശത്തും എല്ലാം സമകാലീനരായ പലര്‍ക്കും ഒപ്പം അതില്‍ എന്നും പ്രിയനായിരുന്ന തിരുവാറന്മുള തേവരുടെ മനസപുത്രന്‍ രഘുവുമായുള്ള കൂട്ടെഴുന്നള്ളത്തുകള്‍ ആരും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്നവ തന്നെ. ഒരു പക്ഷെ കാലം മാറിയപ്പോള്‍ തെക്കന്മാര്‍ പൂരവും ആനയും ഒക്കെ കണ്ട് വടക്കോട്ട് പാഞ്ഞു തുടങ്ങിയ കാലത്തില്‍ മറക്കാന്‍ ശ്രമിച്ചതാണോ ജയചന്ദ്രനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ പലപ്പോഴും എന്‍റെ പ്രായത്തില്‍ ഉള്ള തെക്കന്‍ ആന പ്രേമികളില്‍ എന്നും മായാതെ ഈ മുഖത്തെ ഞങ്ങള്‍ ഓര്‍ക്കാറുതന്നെയുണ്ട്.
കുഞ്ഞു മനസ്സില്‍ ഇരണ്ടകെട്ടു എന്നത് എന്തെന്ന് പോലും അറിയാത്ത കാലത്തില്‍ പലപ്പോഴും ഇവനെന്താ ഇങ്ങനെ ഒന്നും കഴിക്കത്തെ എന്ന് ഓര്‍ത്ത് ആ മതിലിന് പുറത്ത് നിന്ന് ചെറിയ കമ്പി അഴിക്കിടയിലൂടെ മണിക്കൂറുകളോളം കണ്ടു നിന്നത് ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ഒരു പക്ഷെ തെക്കിന്‍റെ ഐശ്വര്യവും ഒരു ദേശത്തിന്‍റെ സ്വകാര്യ അഹങ്കാരവും ആയിരുന്ന ജയചന്ദ്രനെ വിധി ഇരണ്ടകെട്ട് എന്ന ഒരു രോഗത്തിന്‍റെ പേരില്‍ ഞങ്ങളില്‍ നിന്നകറ്റിയപ്പോള്‍ ഒരു പക്ഷെ കണ്ണുകള്‍ നിരഞ്ഞിരിക്കില്ല കാരണം അത്ര കണ്ടു ചിന്തിക്കുന്ന പ്രായം ആയിരുന്നിരിക്കില്ല, പക്ഷെ കാലം പലപ്പോഴും അവയെല്ലാം ഒരു വേദനിക്കുന്ന ഓര്‍മ്മകള്‍ ആയി, ഉറക്കമില്ലാത്ത രാത്രികള്‍ പോലും സമ്മാനിച്ചിട്ടുണ്ട്.
ആ വന്യമായ ദുഖങ്ങല്ക്ക് ശേഷം വളരെ നാളത്തെ ആഗ്രഹങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ ആയിരുന്നു അവൻ കടന്നു വന്നത് മണി എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ഞങ്ങടെ മണികണ്ടൻ.ആരുകണ്ടാലും കണ്ണ് വച്ച് പോകുന്ന ആ പൊന്നിൻ കുടത്തെ ഭവാൻ പെട്ടെന്ന് തന്നെ തന്റെ ചാരെക്ക് വിളിച്ചു .
ആ ദുഖങ്ങല്ക്ക് വിരാമം കുറിച്ച് ഭഗവാൻ കനിഞ്ഞിരിക്കുന്നു .അതെ ;പിന്നീട് കാലം പലത് കടന്നപ്പോള്‍ ഒരു പുതിയ താരോദയം പോലെ അല്ലെങ്കില്‍ മുറിവുകള്‍ ഏറ്റ മനസ്സില്‍ കുട്ടിക്കളികളും , കളങ്കമില്ലാത്ത മനസ്സിന്‍റെ പുഞ്ചിരിയുമായി അവന്‍ തിരുവല്ലയില്‍ എത്തി . ശ്രീ വല്ലഭ ദാസനായി ജയരാജന്‍ എന്ന നാമത്തില്‍ അറിയപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ ബാല്യത്തില്‍ കടന്നു വന്ന ഇവനെ പകരക്കാരന്‍ ആയോ പഴകാലത്തിന്റെ ഓര്‍മ്മപെടുത്തല്‍ ആയോ ദേശവാസികള്‍ കണ്ടോ എന്നതില്‍ സംശയം ഉണ്ട്, കാരണം ജയച്ചദ്രന്‍ എന്നും ജയചന്ദ്രനും ജയരാജന്‍ എന്നും ജയരാജനും ആണ്.
ബാല്യം കളിച്ചും രസിച്ചും അവന്‍ അങ്ങനെ വിസ്തൃതമായ വല്ലഭ ദേശത്ത് അത്യാവശ്യം ഓടികളിക്കാന്‍ സ്ഥലം ഉള്ള ക്ഷേത്രത്തില്‍ വളര്‍ന്നു. ഇന്ന് ബാല്യം മാറി കൌമാരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ തന്നെ തന്‍റെ കഴിവും അഴകും അവന്‍ മൂര്‍ച്ച കൂട്ടി എടുക്കുകയാണ്. അംഗോപാംഗ സൗന്ദര്യ ലക്ഷണങ്ങള്‍ പറഞ്ഞു തുടങ്ങാര്‍ ആയിട്ടില്ല എന്നതിനാല്‍ തന്നെ മുതിരുന്നില്ല ഒരു പക്ഷെ ഇടക്കാലത്തില്‍ കൂട്ടുകൊമ്പന്‍ എന്ന് പോലും വിളിക്കുന്ന രീതിയിലേക്ക് കൊമ്പുകള്‍ വളര്‍ന്ന് ഇറങ്ങിയത് ഇടയ്ക്കു ആനപ്രേമികള്‍ക്ക് ഇടയിലും എല്ലാം ചര്‍ച്ചാ വിഷയവും ആശയകുഴപ്പവും ഉണ്ടാക്കിയിരുന്നു. കാത്തിരിപ്പിന് വിരാമം ഇട്ടു അവന്‍റെ കൊമ്പുകള്‍ മുറിച്ച് ഒരു ശാപമോക്ഷം പോലെ അത് നടന്നു. ഇന്ന് അവന്‍ താരം അല്ലായിരിക്കാം, കാരണം അവന്‍ നാളെയുടെ താരമാകാന്‍ തയ്യാറാരെടുക്കുകയാണ്.
മനസ്സിനെ കീഴടക്കി തേരോട്ട ഭൂമിയില്‍ വിജയഭേരികള്‍ മുഴക്കിയ ഇന്നലെകളുടെ താരത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതിനോപ്പം ആ ദേവപ്രിയന്‍ കാട്ടിയ വഴിയിലുടെ നടന്നു തുടങ്ങിയ ഇന്നിന്‍റെ ഗജരാജ കുമാരന് ആശംസകള്‍ അര്‍പ്പിച്ചു കൊള്ളുന്നു. വരും കാലത്തെ താരങ്ങളില്‍ താരം ആകാന്‍ ഗജരാജ കുമാരാന്‍ തിരുവല്ലാ ജയരാജന് ആയിരം ആയിരം ആശസകളോടെ