ആനക്കഥകള്‍

തിരുവാണിക്കാവ് രാജഗോപാൽ – Thiruvanikkav Rajagopal

ഒരു മൺസൂൺ കാലം കൂടി വരവായി , പെയ്യുന്ന മഴയുടെ വശ്യ സൗന്ദര്യങ്ങൾ കണ്ടാസ്വദിച്ച് മനസ്സിൽ വിരിയുന്ന കവിതയും വരികളും എല്ലാം കുറിച്ചിടുന്ന കാലം, അതിൽ ഏറ്റവും
അധികം ചർച്ചയാകുക മഴയുടെ വശ്യമായ സൗന്ദര്യവും , എല്ലാറ്റിനേയും നിമിഷാർത്ഥത്തിൽ കഴുകി കളയുവാൻ പോന്ന കഴിവും ഒക്കെയാകും , എന്നാൽ ഇത്രയൊക്കെ വശ്യതയും അഴകും ആഴവും ഒക്കെയുള്ള മഴയ്ക്ക് ഒരു പേമാരിയായി സർവ്വസ്വവും ഇല്ലാതെ ആക്കാനും ക്ഷണനേരം മതി.

എല്ലാവരും ചിന്തിക്കുന്നുണ്ടാകും ഈ തോടിയും വടിയും ആനക്കഥ വിട്ട് മഴക്കഥ പറയുവാൻ തുടങ്ങിയോ എന്ന്. അതിശയിക്കണ്ട ഇന്ന് പരിചയപ്പെടുത്തുന്ന ഗജകേസരി ആ മഴ പോലെയാണ്. അഴകും ആഴവും പരപ്പും എല്ലാം സമ്മേളിക്കുന്ന ഒരു സഹ്യപുത്രൻ . അതെ തിരുവാണിക്കാവിലമ്മയുടെ മാസപുത്രൻ രാജഗോപാൽ.

എന്താ ആളെ മഴയുമായി ബന്ധപ്പെടുത്തിയെ എന്ന് ആണേൽ സ്വഭാവവും ഭാവവും എല്ലാം മഴ പോലെ തന്നെ . എന്തിനേയും ശുദ്ധവും വൃത്തിയുമാക്കുന്ന മഴ, അഴകിൽ താളത്തിൽ അളവിൽ പെയ്യുന്ന മഴ ഇതൊക്കെ തന്നെയാണ് നമ്മുടെ രാജഗോപാലും. സഹ്യപുത്രനായി ജനിച്ചു വീണ് നന്നേ ചെറുപ്പത്തിൽ പാലക്കാടൻ മണ്ണിൽ എത്തിച്ചേർന്ന ഒരുവൻ. കുമ്പിടെ വാര്യരുടെ വാര്യത്ത് ഓടി കളിച്ച നിഷ്കളങ്ക ബാലൻ, ദേവ സേവ വിധിയായപ്പോൾ അഞ്ചാം വയസ്സിൽ തിരുവാണിക്കാവിലമ്മയുടെ മണ്ണിലെത്തി, വന്നിറങ്ങിയ കരിവീരനെ രാജഗോപാലനെന്ന് വിളിച്ചു. അങ്ങനെ അവൻ തിരുവാണിക്കാവ് രാജഗോപാലായി.

എഴുപതുകളുടെ മദ്ധ്യത്തിൽ ദേവീ സന്നിധിയിൽ നടക്കിരുത്ത പെടുമ്പോൾ കുട്ടികളിപോലും മാറിയിരുന്നില്ല , വാത്സല്യനിധിയായ തിരുവാണിക്കാവിലമ്മ അവനെ സ്വപുത്രനായി തന്നെ സ്വീകരിച്ചിരിക്കും. ക്ഷേത്ര ദർശ്ശനത്തിന് വരുന്നവരോട് ചങ്ങാത്തം കൂടിയും , നൈവേദ്യ ചോറും പായസവും വേണ്ടുവോളം കഴിച്ചും അവൻ വളർന്നു.

ചെറുപ്പത്തിലെന്നോ മഹാരധന്മാർ അമ്മയെ ശിരസ്സിലേറ്റി നിൽക്കുന്നത് ദൂരെ മാറി നിന്ന് കണ്ടിട്ടുണ്ടാകും , ഒരു പക്ഷെ ആ വേഷപകർച്ച അത് പുത്രധർമ്മം എന്ന് അവനും മനസ്സിൽ ഉറപ്പിച്ചിരിക്കാം, അത്തരം വാശിയുള്ള ചിന്തകൾ അവന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കാം.

കാലം പലത് കടന്നു പോയി അവനും വളർന്ന് ഇന്നിലെ പ്രമാണിയായി. ആവേശത്തിൽ തന്നെ സ്വന്തം തട്ടകത്തിൽ പുത്രധർമ്മം അതിൽ അവനെ കണ്ടാൽ മനസ്സിലാകും മാതൃ പുത്ര ബന്ധത്തിന്റെ തീക്ഷ്ണത . എല്ലാം ഒരു ദൈവീക നിയോഗമോ അല്ലെങ്കിൽ ഒരു സേവനമോ അങ്ങനെ അത് എന്തു തന്നെ ആയാലും രാജഗോപാൽ അത് കാവിലമ്മയുടെ ഉത്തമപുത്രൻ തന്നെ.

ഇന്നിൽ ഇവന് ചുറ്റിലും ഇവന്റെത് മാത്രമായ ആരാധകരെ ഇവന് നിറയ്ക്കുവാൻ കഴിയുന്നു എങ്കിൽ അത് , ആരുടേയും ശുപാർശശയോ ദയയോ ഒന്നുമല്ല, അതിനപ്പുറം ഇവൻ നേടി എടുത്ത കഴിവും ആർജ്ജവവും തന്നെയാണ്. മാതൃ തുല്യയായ അമ്മയുടെ അനുഗ്രഹം അത് അവനിൽ വേണ്ടുവോളം തന്നെ ഉണ്ട്, അതു തന്നെയാണ് അവനെ വ്യത്യസ്തനാക്കുന്നത്.

ലക്ഷണ പൊരുത്തങ്ങളിൽ നല്ല മാർക്കോടെ പാസ്സാകുന്ന ഇവൻ പത്തടിക്കാരുടെ കൂട്ടത്തിൽ ഇടം പിടിച്ചപ്പോൾ പിന്നെ പറയേണ്ടതുണ്ടോ, ആവശ്യക്കാരും ആരാധകരും ഇവന് പിന്നാലെ തന്നെ. ഇന്ന് പ്രധാന പൂര ഉത്സവങ്ങളിൽ എല്ലാം തന്നെ രാജഗോപാൽ അത്യന്താപേക്ഷിതമാണ്‌. നാൽപ്പതുകൾ പിന്നിട്ട് മുമ്പോട്ട് പോകുമ്പോൾ, കാലെടുത്ത് വെക്കാത്ത പ്രധാന ഉത്സവങ്ങൾ കുറവ് തന്നെ, ആറാട്ടുപുഴയും , പെരുമ്പൂരവും , സംഗമേശ തിരുവുത്സവവും അങ്ങനെ എണ്ണം പറഞ്ഞ എല്ലാ ആഘോഷങ്ങളിലും ഇവനുണ്ടാകും.

പത്തടി പെരുമയും ഒപ്പം നിലത്തിഴയുന്ന തുമ്പിയും, വീണെടുത്ത കനത്ത കൊമ്പുകളും , നല്ല വായു കുംഭവും, ഉടൽ നീളവും, നഖങ്ങളും , കാട്ടു തേൻ നിറമുള്ള കണ്ണുകളും, അങ്ങനെ പറയുവാൻ തുടങ്ങിയാൽ ഒരുപാട് ലക്ഷണഗുണങ്ങൾ ചേർന്നവനാകും ഇവൻ.

മഴ പോലെ എന്ന് പറഞ്ഞ പോലെ ചിലപ്പോൾ തണുത്ത് ഹിമമാകാനും, ചിലപ്പോൾ തച്ചുടക്കുന്ന പേമാരിയാകാനും പോന്ന സ്വഭാവ ഗുണം , തനി ആൺപിറപ്പ്. അധികമാരും ഭരിക്കുന്നത് ഇഷ്ടമല്ലാത്ത തനി നായകൻ, ഒപ്പം ചില വൃത്തിക്കണക്കുകൾ കൂടിയുണ്ട്, കുളിച്ച് വൃത്തിയായി ഇരിക്കാൻ കൂടുതൽ പ്രിയവും ഇവന്റെ സ്വഭാവ ഗുണം തന്നെ.

ചിട്ടയായ എഴുന്നള്ളത്ത് രീതികളും നല്ല നിലവും ഒക്കെയായി നിൽക്കുമ്പോൾ തന്നെ സ്വന്തം കാര്യം സിന്ദാബാദ് എന്നൊരു സ്വഭാവം കൂടിയുണ്ട്, എഴുന്നള്ളത്തുകളിൽ തനിക്കായ് ഇട്ട പട്ടയിൽ ആരേലും കൈവെയ്ക്കുവാൻ വന്നാൽ ഇതെന്റെത്, എന്ന് പറഞ്ഞ് വഴക്കു കൂടുന്ന അഞ്ചു വയസ്സുകാരൻ ആകാനും ഇവന് മടിയില്ല.

അങ്ങനെ വിചിത്ര സ്വഭാവഗുണങ്ങളും അഴകും അളവും നിലവും ചേർന്ന ഈ സഹ്യ കേസരിക്ക് ഇനിയും കാലങ്ങൾ പലത് മിച്ചം തന്നെ, തേരോട്ടത്തിനപ്പുറം അംഗീകാരങ്ങളുടെ ഒരു പിടി ചരിത്ര കൈയ്യോപ്പുകൾ ആകാവുന്ന എഴുന്നള്ളത്തുകളുമായി, ഇവൻ മുമ്പോട്ട് തന്നെ.

അഴകിയ സഹ്യപുത്രന് നമ്മുടെ തിരുവാണിക്കാവിലമ്മയുടെ മാനസപുത്രന് രാജഗോപാലിന് ആശംസകളോടെ

Related posts

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്‍ – Gajarathnam Guruvayoor Padmanabhan

rahulvallappura

ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ – Guruvayoor Devaswom Indrasen

rahulvallappura

തിരുവല്ലാ ശ്രീവല്ലഭ ദാസന്‍ ജയചന്ദ്രന്‍ – Thiruvalla Jayachandran

rahulvallappura