ആനക്കഥകള്‍ ഗജരാജന്‍ തോട്ടക്കാട് കണ്ണന്‍

ഗജരാജന്‍ തോട്ടക്കാട് കണ്ണന്‍ – Gajarajan Thottakkad Kannan

സ്വപ്നനഗരിക്ക് കുടിനീരിനായി കാതങ്ങള്‍ താണ്ടി എത്തി ഒരു കുടം വെള്ളം പ്രിയപ്പെട്ടവളുടെ നെറുകയില്‍ നല്‍കി അവളേയും സ്വന്തമാക്കി സ്വപ്ന നഗരിക്ക് പ്രിയങ്കരനായ സുന്ദരകില്ലാടിയെ ഇഷ്ടമാകാത്ത മലയാളികള്‍ കുറവായിരിക്കും.

എന്താ ! സിനിമ കഥയാണോ പറയുന്നത് എന്ന് സംശയിക്കണ്ട പറഞ്ഞുവരുന്നത് ആനക്കഥ തന്നെ. ആദ്യഭാഗത്ത്‌ പറഞ്ഞ അത്തരം ഒരു സുന്ദരകില്ലടിയെ പറ്റിയാണ് നമ്മള്‍ പറയുന്നത് അതാണ്‌ അങ്ങനെ ഒരു തുടക്കം. ആളൊരു അരുണാചല്‍ കാരനാണ്, നന്നേ ചെറുപ്പത്തില്‍ നാട് വിട്ട് അക്ഷരനഗരിയില്‍ എത്തിചേര്‍ന്നവന്‍. അല്ലെങ്കില്‍ എത്തിക്കപ്പെട്ടവന്‍ , അതെ 2001ല്‍ ഇവനെ കുറിച്ചി അഗസ്ത്യന്‍ കൈ പിടിച്ച് കേരളക്കരയില്‍ അതും അക്ഷരനഗരിയില്‍ എത്തിച്ചു. ആ വരവിനെ ആദ്യമൊക്കെ സാധാരണം എന്ന് വിലയിരുത്തിയവര്‍ പോലും പിന്നീട് അത് മാറ്റി പറഞ്ഞു. ഇവന്‍ ചിലതെല്ലാം കണക്ക് കൂട്ടി എത്തിയവന്‍ എന്ന്. അക്കാലത്ത് ചെറുപ്പത്തിന്‍റെ ചോരത്തിളപ്പോ ബന്ധനങ്ങളോടുള്ള പ്രതിക്ഷേതമോ ഒന്നും ഉണ്ടായിരുന്നില്ല എന്നത് ഒരു പ്രത്യേകത തന്നെ ആയിരുന്നു.

ഏതാണ്ട് 13 വയസ്സ് പ്രായം. ഇത്തിരി ഓമനത്വവും ലാളിത്യവും ഒക്കെയുള്ള ഒരു പേര് സ്വന്തമായുള്ള ഒരുവന്‍, മോഹന്‍സിംഗ്. ഒരു കുട്ടിക്കൊമ്പന്‍. ഇങ്ങനെ ഒരുവന്‍ നാട്ടില്‍ എത്തിയാല്‍ ഊഹിക്കാമല്ലോ പല ദേശത്ത് നിന്ന് പോലും ആരാധകരും ആവശ്യക്കാരും പറന്നെത്തി. സ്വന്തമാക്കുക എന്ന ലക്ഷ്യത്തില്‍ എത്തിയ പലരെയും മോഹങ്ങള്‍ പൂവണിയിക്കാതെ മടക്കി അയച്ചു. കാരണം അക്ഷര നഗരിക്ക് സ്വന്തമായവന്‍ ഇവിടെ തന്നെ വാഴട്ടെ എന്നതായിരുന്നു ദൈവഹിതം. അങ്ങനെയാണ് തോട്ടക്കാട് പൊടിസാറിന്‍റെ മകന്‍ വര്‍ഗ്ഗീസ് സാര്‍ ഇവനെ ചെന്ന് കാണുന്നതും ഇഷ്ടപ്പെട്ട് കൂടെ കൂട്ടുന്നതും.

ആനക്കേരളത്തില്‍ നിരവധി അനവധി ആനകള്‍ തങ്ങളുടെ പ്രമാണിത്ത കാലം ജീവിച്ച ഒരു തറവാട്മുറ്റം, തോട്ടക്കാട്. വലിയ പേരും പെരുമയും നിറഞ്ഞ തറവാട് മുറ്റത്തേക്ക് അവന്‍ വലതുകാല്‍ വെച്ച് കയറിച്ചെന്നു. കവാടം കടന്ന് ഉള്ളിലേക്ക് കടന്ന ഏതൊരു ഗജവീരനേയും സ്നേഹാദരങ്ങളോടെ തന്നെയാണ് ആ കുടുംബം സ്വീകരിച്ചത് എന്ന് പറഞ്ഞാല്‍ ശെരിയാണ്. എങ്കിലും മോഹന്‍സിംഗ് പറയും അക്കൂട്ടത്തില്‍ ഇത്തിരി പ്രിയം കൂടുതല്‍ എന്നോട് തന്നെ എന്ന്.

ഓടി കളിക്കുന്ന പ്രായത്തില്‍ എത്തിയതാകാം , ഇവന് കുട്ടികളുമായി ചെങ്ങാത്തം കൂടുവാനും ഒപ്പം കളിച്ച് നടക്കുവാനും ഒക്കെ ആയിരുന്നു പ്രിയം. ഈ കളികള്‍ തന്നെയാകാം ഈ ഹിന്ദിച്ചന്തത്തിന് ഒരു പേര് അന്വേഷിച്ചപ്പോള്‍ മകന്‍റെ വിളിപ്പേര് തന്നെ അവന് നല്‍കി പുത്ര വാത്സല്യം കാട്ടിയത് ഉടമ.

അങ്ങനെ അവന്‍ കണ്ണനായി, തോട്ടക്കാട് കണ്ണന്‍. ഒരു പക്ഷെ അറിഞ്ഞു നല്‍കിയ പേര് തന്നെ എന്ന് പലരും സമ്മതിക്കും കാരണം, അമ്പാടിയില്‍ ഓടി കളിച്ച് ഏവരുടെയും മനം കവര്‍ന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ കണ്ണന്‍ ആയിരുന്നത് കുട്ടിക്കളികള്‍ കാരണം ആയിരുന്നല്ലോ. ആദ്യം ആദ്യം നമ്മുടെ ചെക്കന്‍ അല്ലെ എന്ന് സാര്‍ പറയുമായിരുന്നു എങ്കിലും കളിയും ചിരിയും എല്ലാം അതിര് കടന്ന് വീടിന്‍റെ ഉള്ളില്‍ തന്നെ ആയപ്പോള്‍ നിസ്സഹായനായി നോക്കി നിന്ന് പോയി. അല്ലെങ്കില്‍ ചിലപ്പോള്‍ ഒക്കെ ശകാരിച്ചു, ചിലപ്പോള്‍ ഒക്കെ വടിയെടുത്ത് ഒന്ന് ഓങ്ങും, ആദ്യമൊക്കെ ഒന്ന് പെടിച്ചതായി അഭിനയിച്ചിരുന്നു എങ്കില്‍ പിന്നീട് അതും ഇല്ലാതെയായി.

അക്കാലത്ത് പനന്താനം പ്രസാദേട്ടന്‍റെ ശിക്ഷണത്തില്‍ ചില ചിട്ടവട്ടങ്ങള്‍ ഒക്കെ പഠിക്കുന്നു. ഇടക്കൊക്കെ കണ്ണ് വെട്ടിച്ച് കൂട്ടുകാര്‍ അവനായി കരുതി വെക്കുന്ന ശര്‍ക്കര ഉണ്ടകളും നല്ല വാഴപ്പഴവും എന്തിനേറെ ആനവായില്‍ അമ്പഴങ്ങ പോലെ എങ്കിലും മിഠായി അല്ലെ എന്ന ചിന്തയില്‍ അകത്താക്കിയിരുന്നു. മധുരം അത് എന്നും എനിക്ക് ഒരു വീക്ക്‌ നെസ് ആണെന്ന് പറയാതെ പറഞ്ഞുകളയും ഒന്ന് ഇരുത്തി ചോതിച്ചാല്‍.

ഒന്നൊരു ചിട്ട ആയെന്ന് തോന്നിയ കാലത്ത് ആള് നേരെ വിട്ട് പൊയ്.

എങ്ങോട്ടാടാ കണ്ണാ നീ ….

ഓ വാ പ്രസാദേട്ടാ, ഏറ്റുമാനൂരപ്പനെ ഒന്ന് കാണണം, തൊഴുത്‌ വണങ്ങണം, ഒരു പ്രദക്ഷിണം വയ്ക്കണം.

ഹും നിന്‍റെ ഇഷ്ടം .. ഇരുവരും യാത്ര തിരിച്ചു. ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങുകയും ചെയ്തു. അതായിരുന്നു മലയാളി മണ്ണിലെ അവന്‍റെ ആദ്യ ക്ഷേത്ര പ്രവേശനം.

അത് ഒരു തരത്തില്‍ ഒരു വരവറിയിക്കല്‍ ആയിരുന്നു. താനും അക്ഷരനഗരിയില്‍ കാലങ്ങള്‍ക്കപ്പുറം പ്രമാണിയായി വാഴേണ്ടവന്‍ തന്നെ എന്നുള്ള വിളംബരം പോലെ. കാരണം കുട്ടിക്കൊമ്പന്‍ പിന്നെ അങ്ങോട്ട്‌ ഉത്സവ എഴുന്നള്ളത്തുകളില്‍ ഒരു സ്ഥിരക്കാരന്‍ ആയി. അങ്ങനെ അങ്ങ് പറയുമ്പോള്‍ നിങ്ങളോര്‍ക്കും ചെറുപ്പത്തിലേ അങ്ങ് !. ഹും ഇത്തിരി മാറ്റം ഉണ്ട്, ആദ്യം ആദ്യം വഴിയടിച്ച് പറയെടുപ്പും ആറാട്ട്‌ എഴുന്നള്ളത്തും ഒക്കെ ആയിരുന്നു.

അങ്ങനെ കുട്ടികൊമ്പന്‍ കണ്ണന്‍ ഓടിനടന്നും, ചെറിയ പരിപാടികള്‍ എടുത്തും തോട്ടക്കാട് താമസമാക്കി. ഏതാണ്ട് അവന്‍റെ കുട്ടിക്കൊമ്പുകള്‍ ഉറച്ച കാലം, താന്‍ ഒരു മുതിര്‍ന്നവന്‍ ആയെന്ന് അവന് തന്നെ തോന്നിയ കാലം, കുറച്ച് കാലത്തേക്ക് അവന്‍ നാട് വിട്ട് പൊയ്. പേടിക്കണ്ട ഒളിച്ചോട്ടം ഒന്നും അല്ല. പണിക്ക്. അങ്ങ് പൂന്തോട്ട നഗരത്തിനരുകില്‍, കടിച്ചാല്‍ പൊട്ടാത്ത ഭാഷകാരുടെ ഇടയില്‍ കര്‍ണ്ണാടകത്തില്‍. ആത്മാര്‍ത്ഥമായി അവന്‍ ജോലികള്‍ ചെയ്തു. പക്ഷെ മണിക്കൂറുകള്‍ ദിവസങ്ങളും, ദിവസങ്ങള്‍ അഴ്ച്ചകളും, മാസങ്ങളും ഒക്കെ ആയി മാറ്റി അവന്‍ ദൂരെ ഇരുന്ന്‍ കിനാവ്‌ കണ്ടു. വീണ്ടും ആ മലയാളി മണ്ണില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്ക് നടുവില്‍ പ്രിയര്‍ക്കൊപ്പം, ദൈവീക പകര്‍ന്നാട്ടങ്ങള്‍ നടത്തുന്നത്.

കാലം അധികം വേണ്ടി വന്നില്ല, അവന്‍ തിരികെ എത്തി, അതും രാജകീയമായി തന്നെ. ഒരു തനി എഴുന്നള്ളത്ത് ആനയായി തന്നെ. ആരും കൊതിക്കുന്ന തെക്കന്‍ മണ്ണിലെ ഒരു പിടി എഴുന്നള്ളത്തുകള്‍ തന്‍റെ കൈപ്പിടിയില്‍ ഒതുക്കി. വൈക്കത്തും, ഏറ്റുമാനൂരും, തൃപ്പൂണിത്തുറയും എല്ലാം അവന്‍ നിറ സാന്നിദ്യമായി. തനിക്ക് അവകാശപ്പെട്ട പലതും പിടിച്ചെടുക്കുവാന്‍ ഒരു മാസ്സ് എന്‍ട്രി നടത്തുന്ന നായകനെ പോലെ അവന്‍ നിറഞ്ഞുനിന്നു.

ഇന്ന് പ്രായം ഏതാണ്ട് മുപ്പതിനോട് അടുക്കുമ്പോള്‍ ഇവന്‍റെ ആകര്‍ഷണം ആകുന്നത് ഇവന്‍റെ സ്വഭാവ സവിശേഷത തന്നെയാണ്. ഒറ്റവാക്കില്‍ തനി സാത്വികന്‍ ആയ ഒരു ശാന്തശീലന്‍, ആരാധകരെ തന്നിലേക്ക് ആകര്‍ഷിക്കുവാന്‍ പോന്ന പൊടികൈക്കള്‍ പലതും കൈയില്‍ ഉണ്ട് താനും. ചട്ടക്കാരോട് പൂര്‍ണ്ണ വിദേയത്വം പുലര്‍ത്തുന്ന ഇവന്‍ തന്‍റെ നീരുകാലത്തില്‍ തനി കാടന്‍ ശൈലികള്‍ തന്നെ പിന്തുടരുകയും ചെയ്യും. വരുത്തരുടെ ലക്ഷണത്തികവുകള്‍ എണ്ണമിട്ട് സഹ്യരുമായി താരതമ്യം ചെയ്യുന്ന പുതുതലമുറക്ക് ഒരു വെല്ലുവിളി തന്നെ ആണ് ഇവന്‍. വിരിഞ്ഞ മസ്തകം, ഉയര്‍ന്ന തലക്കുന്നി, വീണെടുത്ത കൊമ്പ്, തേന്‍ നിറമുള്ള കണ്ണും, വെളുത്ത നഖങ്ങളും ഒക്കെയുള്ള ഒരു ലക്ഷണവീരന്‍ തന്നെയാണ് ഇന്ന് കണ്ണന്‍.

അഴകില്‍ പെണ്ണിനെ മയക്കുന്ന ചന്തക്കാരന്‍ ആണെങ്കിലും പിടിയാനകളോട് അത്രകണ്ട് താല്‍പര്യം ഇല്ലാത്ത പ്രകൃതക്കാരനാണ് കണ്ണന്‍, എന്നും നായകന്മാര്‍ അങ്ങനെയാകണം എന്ന അടിയുറച്ച ചിന്താഗതിക്കാരന്‍. ഇങ്ങനെ എങ്കിലും കൂട്ടാനകളോട് എന്നും പ്രിയം തന്നെയാണ് ഇവന്.

ഇന്ന് ശശിയേട്ടനും മയിലും എല്ലാം വിശ്വസ്തരായി കൂടെ ഉണ്ട് താനും….

കാലം മാറിയിരിക്കുന്നു. കാലത്തിനൊത്ത മാറ്റങ്ങള്‍ അവനിലും വന്നിരിക്കുന്നു. മത്സരത്തിനും തികഞ്ഞ ചിട്ട എഴുന്നള്ളത്തിലും ഒക്കെ ഇന്നിവന്‍ മുന്‍പന്തിയില്‍ തന്നെ. പുത്തന്‍ താരോദയങ്ങളെ ഇരു കൈ നീട്ടി സ്വീകരിച്ച് നിറപറയും നിലവിളക്കും വെച്ച് ആരാധിക്കുന്ന മലയാളിക്കര ഇന്നിവനെ ഗജരാജകുമാരപട്ടം നല്‍കി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നാളെകളില്‍ പുതിയ ചരിത്രങ്ങള്‍ താളുകളില്‍ എഴുതിച്ചേര്‍ത്ത് തെക്ക് വടക്ക് ഭേതം ഇല്ലാതെ ആനക്കേരളത്തിന്‍റെ നായകന്‍ ആയി നാട്ടുരാജാവായി വാഴാന്‍

പ്രിയപ്പെട്ട കണ്ണന് സ്നേഹാദരങ്ങളോടെ ആയിരം ആയിരം ആശംസകളോടെ വള്ളപ്പുര

Related posts

Mullath Ganapathy-മുള്ളത്ത് ഗണപതി

rahulvallappura

തിരുനക്കര ശിവൻ – Thirunakkara Sivan

rahulvallappura

കുട്ടംകുളങ്ങര അർജ്ജുനൻ – Kuttankulangara Arjunan

rahulvallappura