കാടിന്റെത് പോലെ ഉള്ള സ്വച്ഛതയില്‍ , വലിയൊരു കൂട്ടുകുടുംബത്തിന്‍റെ രക്ഷാവലയത്തിനുള്ളില്‍, വലിയ കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാതെ പൂത്തുംബികളോട് കിന്നാരം പറഞ്ഞും പുല്‍നാമ്പുകളെ നക്കി തുടച്ചും അവന്‍ അങ്ങനെ ജീവിച്ചു പോരുന്നു. ശ്രീകുമാര്‍ അരൂക്കുറ്റി ആനക്കുണ്ടൊരു കഥപറയാന്‍ എന്നതില്‍ മുള്ളത്ത് ഗണപതിയെ കുറിച്ച് ഇങ്ങനെ ഒരു ക്ലൈമാക്സില്‍ കാര്യങ്ങള്‍ പറഞ്ഞു നിര്‍ത്തുന്നു. ഒരു പക്ഷെ കഥകളില്‍ വായിച്ചറിഞ്ഞ ഈ ആനച്ചന്തത്തെ കാണാന്‍ ഞാന്‍ തെക്ക് നിന്ന് വടക്കോട്ട് വണ്ടി കയറിയതിന് പലപ്പോഴും കാരണമായത് ആ വാക്കുകള്‍ തന്നെ ആണ്.
ഉയരപ്പെരുമയെയോ അല്ലെങ്കില്‍ അഴകിയ സഹ്യന്മാരെയോ കാണുമ്പോള്‍ മാത്രം അല്ല ആനക്കമ്പം പൂര്‍ണ്ണമാകുന്നത് എന്ന് തോന്നി മനസ്സിലെ ആശകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരിക്കലും വിലങ്ങുതടികള്‍ ഇടാതെ കാണാന്‍ ആഗ്രഹിച്ചവരെ അത്രയും കണ്ടു നടന്നിരുന്ന കാലത്തില്‍ ഒന്നില്‍ , ഒരു രാത്രിയില്‍ എവിടെ നിന്നോ മനസ്സില്‍ കടന്നു വന്നതാണ് വടക്കേടത്ത് ഗണപതി ആയിരുന്ന മുള്ളത്ത് ഗണപതി. പോയി നേരില്‍ കണ്ടു. ഒരു പക്ഷെ കാണണം എന്ന ആശയില്‍ കൊണ്ട് നടന്നവരെ പലരെയും ഞാന്‍ കണ്ടത് വളരെ താമസിച്ചു പൊയ് എന്നതില്‍ സങ്കടപെടേണ്ടി വന്നിട്ടുള്ളത്കൊണ്ടാകാം , വിളി വന്നാല്‍ അപ്പോള്‍ പോയെക്കുക എന്ന ഒരു കീഴ്വഴക്കം ഉണ്ടാക്കി എടുത്തിരിക്കുന്നു.
നേരില്‍ കണ്ടു അറിയാം ഗണപതിയെ എങ്കിലും പല ഗണപതിക്കഥകളും ഞാന്‍ കേട്ടരിഞ്ഞതോ അല്ലെങ്കില്‍ വായിച്ചരിഞ്ഞതോ ഒക്കെ ആണ്. കൊല്ലം സ്വദേശി ആയ രവിഎഞ്ചിനീയര്‍ ആസ്സാമില്‍ നിന്ന് കൊണ്ട് വന്ന ഒരു നാട്ടാന ചന്തത്തെ വെല്ലുന്ന ആസാം ചന്തം ആണ് ഗണപതി. അളവുകോല്‍ വെച്ച് അളന്നെടുക്കാന്‍ പാകത്തിന് വല്യ ഉയരക്കേമത്തം ഒന്നും പറയുവാന്‍ ഉണ്ടാകില്ല. ഒരു സാധാരണക്കാരനിലെ അസാധാരനക്കാരന്‍, ഉയരം മാത്രം അല്ല അതിനപ്പുറം കുറച്ച് കാര്യങ്ങള്‍ കൂടെ ഇല്ലേ എന്ന് ചോദിച്ചാല്‍ ആ ചോദ്യത്തില്‍ കഴമ്പുണ്ട്, കാരണം ഉയരവും അഴകും തികഞ്ഞവര്‍ കേരളത്തിലെ അറിയപ്പെടുന്ന എഴുന്നള്ളിപ്പുകളില്‍ എല്ലാം നിറ സാന്നിദ്യം ആകുമ്പോള്‍ അവരുടെ നിരയില്‍ ഏതെങ്കിലും ഒരു അറ്റത് നിരക്കാന്‍ മാത്രം ആയിരിക്കും ഇത്തരക്കാര്‍ക്ക് വിധിക്ക പെടുക, കാരണം പലപ്പോഴും ഉയരം എന്നത് എഴുന്നള്ളിപ്പുകളില്‍ ഒരു മാനദണ്ഡം ആയി വരുന്നത് കൊണ്ടാണ്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന പ്രശസ്തമായ എഴുന്നള്ളിപ്പുകള്‍ക്കപ്പുരം നാടും നാട്ടാരും മാത്രം പങ്കെടുക്കുന്ന പല ചെറിയ വലിയ ഉത്സവങ്ങള്‍ കേരളത്തില്‍ ഗ്രാമ നഗരങ്ങളില്‍ നടന്നു പോരുന്നുണ്ട്. അങ്ങനെ ഉള്ളിടങ്ങളില്‍ ഒക്കെ പേരും പ്രശസ്തിക്കും ഒരു പരുതിവരെ ഉയരത്തിനും അപ്പുറം ദൈവീക പരിവേഷങ്ങള്‍ മാത്രം ആകും അളവുകോല്‍ ആയി ഉണ്ടാകുക.
ഗണപതിയുടെ അഴകിന്റെ വര്‍ണ്ണനകള്‍ ഒരു പക്ഷെ നേരില്‍ കണ്ടാല്‍ ഏവര്‍ക്കും മനസ്സിലാകുന്നതാണ്, വീണെടുത്ത അഴകുള്ള കൊമ്പുകള്‍, ഒരു കണക്ക് വരെ സഹ്യന്മാര്‍ തോറ്റുപോകും ഈ വീണെടുത്ത കൊമ്പുകള്‍ക്ക് മുമ്പില്‍ എന്ന് പറഞ്ഞാല്‍ തെല്ലും അതിശയപെടണ്ട കാരണം ഗണപതി കൊമ്പുകള്‍ അതിനുള്ളതുണ്ട്. ഒരു പക്ഷെ വരുത്തരുടെ കണക്കില്‍ തുംബിനീളം കുറവാണ് കാണുന്നതെങ്കിലും ഒന്ന് ഒരു ചുറ്റൊക്കെ വേണം എന്ന് വെച്ചാല്‍ നിലത്തിടാന്‍ പറ്റുന്ന രീതിയില്‍ നീളമുള്ള തുമ്പിയും, മോശമല്ലാത്ത വായുകുംഭവും, തടിച്ച തലക്കുനിയും, നെറ്റിത്തടവും, തടിച്ച് കൊഴുത്ത ശരീരവും അങ്ങനെ ഒന്നിനോന്നിന് മികച്ച ഒരു ആനച്ചന്തം ആകുകയാണ് ലക്ഷണ തികവിലും ഗണപതി.
വടക്കേടത്ത് നമ്പൂതിരിയുടെ അരികില്‍ വടക്കേടത്ത് ഗണപതിയായി കഴിഞ്ഞിരുന്ന കാലത്ത് ബിജുചേട്ടന്‍ ആശിച്ച് ചോദിച്ചതാണ് ഗണപതിയെ, എന്നും തനിക്ക് ജീവനുള്ളിടത്തോളം ഗണപതിയെ ആര്‍ക്കും നല്‍കില്ല എന്ന മറുപടിയില്‍ ആശകള്‍ മനസ്സില്‍ ഒളിപ്പിച്ചു നടന്ന ബിജുചേട്ടന് പിന്നീട് നമ്പൂതിരിയുടെ മരണ ശേഷം ഗണപതിയെ കിട്ടുകയും ചെയ്തു. അങ്ങനെ ആണ് വടക്കേടത്ത് ഗണപതി മുള്ളത്ത് ഗണപതി ആയത്. ശേഷം തൃശ്ശൂരിലെ അറിയപ്പെടുന്ന ഒരു താരം ആകുക തന്നെ ചെയ്തു എന്നതാണ് സത്യം. ഒരു പക്ഷെ സ്നേഹനിധിയായ ഒരു ഉടമയെ കിട്ടിയതില്‍ അവന്‍ സന്തോഷിച്ചിരിക്കും, അവര്‍ തമ്മിലുള്ള ആത്മ ബന്ധം വരച്ചു കാട്ടുന്ന ചില കഥകളും പ്രചാരത്തില്‍ ഉണ്ട്, അതില്‍ ഒന്ന് ഇങ്ങനെ ആണ്, ഒരിക്കല്‍ വീട്ടിലെ കുളത്തില്‍ കുളി നടന്നു കൊണ്ടിരിക്കെ എന്തോ ഒന്ന് ഇഷ്ടമാവാതെ കുളി ഒക്കെ ഇത്ര മതി എന്ന മട്ടില്‍ എണിറ്റു ഓടി പോയതും, സമാധാനിപ്പിക്കാന്‍ ചെന്ന പപ്പന്മാരെ കൊമ്പ് കുലുക്കി പായിക്കുകയും ചെയ്തു. തൃശ്ശൂര്‍ നിന്ന് മയക്ക് വെടിയുമായി ആള് പുറപ്പെട്ടു എന്ന് കേട്ടു ഓടി പിടിച്ച് ബിജു ചേട്ടന്‍ എത്തുമ്പോള്‍ ഗണപതി അങ്ങനെ ഒരു പുരയിടത്തിലെ മതിലിനരുകില്‍ പൊയ് നില്‍ക്കുന്നു. എന്തുവാ ഗണപതിയെ ഇതെന്ന് ചോദിച്ച് ചെവിക്ക് പിടിച്ച് ആനയെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ട് പൊയ് എന്നത് കണ്ടു നിന്ന നാട്ടുകാരും വീട്ടുകാരും എല്ലാം സക്ഷ്യപെടുത്തിയതാണ് അവര്‍ തമ്മിലുള്ള ബന്ധം.
ആദ്യ കാലത്തില്‍ എന്തോ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും എല്ലാം ഗണപതിക്ക് വലിയ പേടി ആയിരുന്നു. ഒരിക്കല്‍ പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തിടമ്പേറ്റാന്‍ കുനിഞ്ഞോന്ന് നിന്നപ്പോലെക്കും വെടി പൊട്ടി, കേള്‍ക്കേണ്ട താമസം ആള് നിന്ന നില്‍പ്പില്‍ ഒരു ഓട്ടം അങ്ങനെ കാലങ്ങളോളം വെടി ശബ്ദത്തെ ഭയന്നോടിയ ഇവന്‍ കാലങ്ങള്‍ പഠിപ്പിച്ച ചില കാര്യങ്ങള്‍ ഓര്‍ത്താകും ഇപ്പോള്‍ വെടി അല്ല ഭൂമി കുലുങ്ങിയാലും എനിക്കൊന്നും ഇല്ല എന്ന മട്ടില്‍ നില്‍ക്കുന്നത്. ഒരു പക്ഷെ മനസ്സില്‍ ഒരു നിമിഷത്തില്‍ തോന്നുന്ന ആ ശബ്ദം ജനിപ്പിക്കുന്ന ഭയത്തെക്കാള്‍ ഉപരിയാണ് മയക്ക് വെടിയുടെ വേദനക്ക് എന്ന സത്യത്തിന്‍റെ തിരിച്ചറിവും ആകാം. ഏതു തന്നെ ആയാലും ഗണപതി ഇപ്പോള്‍ ഒടാരില്ല എന്ന് മാത്രം ആല്ല നടക്കാറ് കൂടി ഇല്ല.
തമാശ ആയി പറഞ്ഞത് ആണെന്ന് കണക്കു കൂട്ടേണ്ട കാരണം ഇവനെ പോലെ തന്നെ പ്രശസ്തം ആണ് ഇവന്‍റെ മടിയും ഇത്തിരി ഒന്ന് നടക്കണം എങ്കില്‍ തന്നെ നന്നേ സമയം എടുക്കും , ദേഹം അനങ്ങി ഉള്ള പണിക്കൊന്നും എനിക്ക് വയ്യ എന്ന മട്ടും ഭാവവും ആണ്, കൈയില്‍ പട്ട കൂടി ഉണ്ടെങ്കില്‍ പറയേണ്ടതില്ല, ചിലപ്പോള്‍ മണിക്കൂറുകള്‍ തന്നെ എടുക്കും കുറച്ചൊക്കെ ഒന്ന് നടന്നു എത്താന്‍. ഓട്ടവും ചാട്ടവും ഒന്നും അറിയാഞ്ഞിട്ടല്ല എന്തിനു വേണ്ടി എന്ന് ചിന്തിച്ചിട്ടുണ്ടാകും, അത്ര ദ്രിതിക്കാര്‍ ആണേല്‍ ഞാന്‍ വരുന്നില്ല നിങ്ങള്‍ അങ്ങ് പോയാല്‍ മതി എന്ന് പോലും പറയാന്‍ ഇവന് മടി കാണില്ല.
ഇന്ന് കൊരട്ടിക്കര പെരുമ്പിലാവ് ദേശത്തിന് ഇവന്‍ പേരില്‍ മാത്രം അല്ല ഗണപതി ആസ്സല്‍ ഗണപതി ചന്തവുമായി ഇവന്‍ ഇന്ന് പ്രത്യക്ഷ ഗണപതി എന്ന അംഗീകാരം കൂടി നേടിയിരിക്കുന്നു. ചിലപ്പോള്‍ ഒക്കെ ഏതൊരു പട്ടത്തെക്കാളും വലിയ അംഗീകാരം ആയിരിക്കും ദൈവീക ഭാവമായി അവനെ കാണുന്നു എന്നത്. ഇന്ന് ദേശക്കാര്‍ക്ക് ഏതൊരു കാര്യത്തിനും ശുഭാരംഭം കുറിക്കണം എങ്കില്‍ ഗണപതി വേണം അതിനാല്‍ തന്നെ ഉത്ഘാടനങ്ങളും ഒക്കെ ആയി അവന്‍ അങ്ങനെ താരങ്ങളില്‍ താരവും ദൈവീകതയുടെ പ്രതിരൂപവും ഒക്കെ ആകുകയാണ്.
എവിടെയോ ജനിച്ച് നിയോഗം പോലെ മലയാളിയായി ജീവിക്കുന്ന സാക്ഷാല്‍ ഗജമുഖനാമധാരിയായും ആ പ്രതിരൂപിയായും അവന്‍ മലയാളികള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഉത്സവ എഴുന്നള്ളിപ്പുകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം തന്നെ ആയി മാറുകയാണ് ഇവന്‍..
ഒരു കാലം ഉണ്ടാകും നിന്നെ നിലത്തും തലയിലും വെക്കാതെ കൊണ്ട് നടക്കുന്ന , ഒരു വലിയ ആരാധക വൃന്തം നിനക്ക് ചുറ്റിലും ഉണ്ടാകുന്ന ആ കാലം അത് വിദൂരത്തില്‍ അല്ല, കാരണം കഴിവിലും അഴകിലും നീ ആരെന്നത് നീ പറഞ്ഞു കഴിഞ്ഞു ഇനി മലയാളി മനസുകള്‍ അതിനെ നെഞ്ചിലേറ്റി തലോലിക്കുക തന്നെ ചെയ്യും.. ആ കാലത്തിലേക്ക് വഴിനടക്കുന്ന പ്രായത്തില്‍ മുപ്പതുകള്‍ മാത്രം പിന്നിട്ട യുവ കേസരി ഗജരാജന്‍ മുള്ളത്ത് ഗണപതിക്ക് എന്‍റെ ആയിരം ആയിരം ആശംസകള്‍………
ചിത്രം കടപ്പാട് : ആനപ്രേമിസംഘം വാഴപ്പള്ളി