പലപ്പോഴായി പലരും എന്നോട് ചോദിച്ചതാണ് എന്ത് കൊണ്ട് പാമ്പാടിയെ കുറിച്ചില്ല, പാമ്പാടി എത്തുന്ന ഇടങ്ങളില്‍ ഒന്നും കണ്ടിട്ടില്ല. ഫോട്ടോ ഒന്നും എടുത്ത് കണ്ടിട്ടില്ല. നമ്മടെ രായണ്ണന്‍ അല്ലെ, ഇഷ്ടക്കുറവ് എന്തേലും ഉണ്ടോ എന്നെല്ലാം. എന്‍റെ ഉത്തരം ഇതൊക്കെ ആണ്..
ആദ്യമായി കണ്ടതെന്ന് എന്നതില്‍ വ്യക്തതയില്ല, എന്ന് തന്നെ ആയാലും കാലം കുറച്ചായിരിക്കുന്നു, ഒരു പക്ഷെ എന്‍റെ പ്രായത്തോളം തന്നെ ഉണ്ടാകും എനിക്ക് പാമ്പാടിയോടുള്ള അടുപ്പം. പല കഥകളിലും പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ടാകും ഈ അഴകിയ സഹ്യ പുത്രന്‍റെ ജീവിത കഥയും ഭൂമിശാസ്ത്രവും എല്ലാം. എങ്കിലും ഒന്ന് പറഞ്ഞു വെക്കുന്നു.
നന്നേ ചെറുപ്പത്തില്‍ ബാല്യം വിട്ടുമാറും മുമ്പേ എന്നല്ല ബാല്യം തുടങ്ങും മുമ്പേ മൂന്നാമത്തെ വയസ്സില്‍ കോടനാട് ആനക്കളരിയില്‍ നിന്ന് പഠനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഇനി ബാക്കി മൂടങ്കല്‍ തറവാട്ടില്‍ ആകാം എന്നുറപ്പിച്ച് ബേബിച്ചായനൊപ്പം ജീപ്പ് കയറിയവന്‍. ഞാന്‍ ജനിക്കുന്നതിന് പത്ത് വര്‍ഷം മുമ്പേ 1977ല്‍ കോടനാട് നിന്ന് വണ്ടി കയറിയത് ഇന്നിനെ മുമ്പില്‍ കണ്ടുകൊണ്ടായിരുന്നോ എന്ന ചോദ്യത്തില്‍ സംശയം തോന്നാം അവന്‍റെ ബാല്യ കഥകള്‍ കേട്ടാല്‍. ആദ്യത്തെ കണ്മണി ആയി വീടിന്‍റെ ഉമ്മറപ്പടി കടന്നുവന്ന ആനകുട്ടിയെ ബേബിച്ചായനെ പോലെ തന്നെ അല്ലെങ്കില്‍ അതിലുപരിയായി തന്നെ ലീലാമ്മ ചേട്ടത്തിയുo സ്നേഹിച്ചിരുന്നു എന്ന് പറയുന്നതാകും ശരി. കളിചിരികളോടെ ബാല്യം പാമ്പാടിയില്‍ ചിലവഴിച്ചു. കാലം അവന് ആരോഗ്യവും ഉത്തരവാദിത്ത ബോധവും നല്‍കിയപ്പോള്‍ തടിപ്പണിക്കിറങ്ങി. നാടും വീടും ഭാഷയും ഇല്ലതെ കര്‍ണ്ണാടകയില്‍ വിയര്‍പ്പോഴുക്കിയതും ഇവന്‍റെ ജീവിത കഥകളില്‍ ചിലത് മാത്രം.
അഴകുള്ളവന്‍ എന്തിനാണ് സഹനടന്‍ ആകുന്നത് നായകന്‍ ആയിക്കൂടെ എന്ന് ചെറായി ബാലന്മാഷിന് തോന്നും വരെ ആ അവസ്ഥ തുടര്‍ന്നു. പിന്നീട് നാട്ടിലേക്ക് വണ്ടി കയറി, ബുദ്ധിമുട്ടൂകളും യാതനകളും നിറച്ച തടിപ്പണികള്‍ വിട്ട് മലയാളി മണ്ണില്‍ എത്തി. ഇത്തവണ വണ്ടി കയറുമ്പോള്‍ അവനും ബാലന്മാഷും പലതും ആലോചിച്ച് ഉറപ്പിച്ചിരുന്നു. ഏതാണ്ട് തലവരയും ജാതകവും എല്ലാം തിരുത്തി എഴുതുവാന്‍ ഉള്ള ഒരു വരവ്. പാമ്പാടി മഞ്ഞാളി ക്ഷേത്രത്തില്‍ ആദ്യ എഴുന്നള്ളിപ്പില്‍ അവന്‍ വരവറിയിച്ചു. പുതിയ മുഖം സിനിമയില്‍ നമ്മള്‍ കണ്ടത് പോലെ സെക്കന്റ് ഹാഫ് നായകന്‍ ആയി എല്ലാറ്റിനെയും തന്‍റെ കാല്‍ച്ചുവട്ടില്‍ ആക്കാന്‍ പോന്ന രീതിയില്‍ തന്നെ. നായക പരിവേഷത്തോടെ അവന്‍ മലയാളി മനസ്സുകളിലേക്ക് ഇറങ്ങി ചെന്നു. പിന്നീട് അങ്ങോട്ട് പഴയ കാലത്തെ അവന്‍ ഒരു ദുസ്വപ്നമായി പോലും ഓര്‍ത്തിട്ടുണ്ടാകില്ല.
പിന്നീട് നാല് വര്‍ഷത്തോളം സാജന്‍ ചെട്ടനോപ്പം ആനക്കേരളത്തിലെ തിരക്കുള്ള താരമായി , നുറും നൂറ്റി ഇരുപതും വരെ എഴുന്നള്ളിപ്പുകള്‍ ഒരു സീസണില്‍ എടുത്ത് റെക്കോര്‍ടുകള്‍ തന്നെ സ്വന്തമാക്കി. എക്കാലത്തെയും മികച്ച ആന- പാപ്പാന്‍ ബന്ധമായി പോലും ഈ കൂട്ടുകെട്ടിനെ കേരളം വാഴ്ത്തി പാടി. ആ കാലത്തില്‍ ഒന്നില്‍ ഇവനൊപ്പം ഇവന്‍റെ ആരാധകരില്‍ ഒരുവനായി ഞാനും.
പിന്നീട് ഏതാണ്ട് നാല് വര്‍ഷത്തിന് ശേഷം സാജന്‍ ചേട്ടന്‍ എന്‍റെ എക്കാലത്തെയും പ്രിയ നായകന്‍ എഴുത്തഛന്‍ ശ്രീനിക്കൊപ്പം ചേരുമ്പോള്‍ ആണ് ഞാന്‍ പരിചയപ്പെടുന്നത്. ഒരു പക്ഷെ ഞാന്‍ കണ്ടറിഞ്ഞതിനപ്പുറം പാമ്പാടിയെ അറിയുന്നത് അദ്ധേഹത്തിന്റെ വാക്കുകളിലൂടെ ആണ്. അതില്‍ ഒരിക്കലും മറക്കാന്‍ ആകാത്തത് അദ്ദേഹം തെല്ല് വേദനയോടെ ഒരു വൈക്കത്തഷ്ടമി കാലത്ത് ഉദയനാപുരത്തപ്പന്‍റെ എഴുന്നള്ളത്ത് കാത്ത് ഗോപുര നട പടിയില്‍ ഇരുന്ന് കഥകള്‍ പറഞ്ഞതാണ്. ഒരിക്കല്‍ പാമ്പാടിയുടെ കൊമ്പില്‍ നിന്ന് തല നാരിഴക്ക് രക്ഷ പെട്ടതും, ഒരു പക്ഷെ അന്ന് എന്തെങ്കിലും പറ്റി പോയിരുന്നു എങ്കില്‍ അവന്‍ കുറ്റക്കാരനായി നാളെകളില്‍ എല്ലാവരും കുറ്റപ്പെടുത്തും എന്നും പറഞ്ഞതാണ്. നീര് കാലത്ത് പൊതുവേ രാജന്‍ ചട്ടക്കാരനുമായി മാത്രമേ അടുപ്പം കാട്ടാറുള്ളു എന്നിരിക്കെ തന്നെ കെട്ടി അഴിക്കലില്‍ മറ്റാരോ ഇടയില്‍ കയറി വന്നതായിരുന്നു കാരണം എന്നും പറഞ്ഞു വെച്ചു. പലപ്പോഴും രാജനെ പറ്റി പറയുമ്പോള്‍ തെല്ല് വാത്സല്യത്തോടെ ഒരു അച്ഛനെ പോലെ സംസാരിക്കുകയും കണ്ണ് നിറയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
അങ്ങനെ അങ്ങനെ ഒരു സീസണ്‍ കാലം മുഴുവന്‍ ഉറ്റമിത്രങ്ങളെ പോലെ പല പൂര ഉത്സവ പറമ്പുകളില്‍ എന്‍റെ ശ്രീനിക്കൊപ്പം പാമ്പാടി കഥകള്‍ കേട്ട് നടന്നു. ആ ഒരു കാലത്തിനപ്പുറം ഞാന്‍ സാജന്‍ ചേട്ടനെ ഒരിക്കലും കണ്ടിട്ടില്ല. പിന്നീട് കാലം പലത് കടന്ന് പോയപ്പോള്‍ പലപ്പോഴായി പാമ്പാടിക്കൊപ്പം എഴുന്നള്ളിപ്പുകള്‍ കണ്ട് ആസ്വദിച്ച് പോന്നു. ഒരു പക്ഷെ പിന്നീട് ഓരോ തവണ ഞാന്‍ രാജനെ കാണുമ്പോളും മനസ്സില്‍ ആ വാക്കുകളില്‍ രാജനെ സാജന്‍ ചേട്ടന്‍ വര്‍ണ്ണിച്ച രീതികളില്‍ തന്നെ ആയി കണ്ടു വന്നത്. പിന്നീട് ഒരു ദിവസം കൈരളി ചാനലില്‍ ആനകളെ കുറിച്ച് ശ്രീകുമാര്‍ അരൂക്കുറ്റി നടത്തിയ പരുപാടിയില്‍ ആണ് ഞാന്‍ സാജന്‍ ചേട്ടനെ കാണുന്നത്, പക്ഷെ അത് മനസ്സിനെ തകര്‍ക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു. 2006 ജൂലൈ 15ന് കര്‍ണാടകയില്‍ എവിടെ വെച്ചോ ഒരു ആനയുടെ ഇടയലില്‍ മരണപെട്ടു. അക്കാലമത്രയും മനസ്സില്‍ എന്നും സൂക്ഷിച്ച കുറെ നല്ല നിമിഷങ്ങള്‍ ഒരു പക്ഷെ എന്തിനേക്കാളും വലുതായി ഞാന്‍ കണ്ട ഒരാള്‍ ഇനി എനിക്ക് മുമ്പില്‍ ഒരിക്കലും , ആ വാക്കുകള്‍ ഒരിക്കലും കാതുകളില്‍ നിറയില്ലല്ലോ എന്നെല്ലാം ഓര്‍ത്തപ്പോള്‍ മനസ്സ് തന്നെ പിടഞ്ഞു പോയി. ആണത്തവും ചങ്കൂറ്റവും കൊണ്ട് ആനപ്പണി ചെയ്യുന്ന പാപ്പാന്മാരില്‍ എനിക്കെന്നും പ്രിയമായിരുന്നു ആ രാജ സാരഥിയെ. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ഒക്കെ തന്നെ എടുത്തു ആ നടുക്കം എന്നില്‍ നിന്ന് മാറാന്‍. ഒരു പക്ഷെ ബാല്യത്തില്‍ ജീവിതത്തില്‍ ആഴത്തില്‍ സ്വാദീനം ചലുത്തിയിട്ടുള്ളവരുടെ വിയോഗങ്ങള്‍ എന്നും ഒരു മുറിവായി തുടരുക തന്നെ ചെയ്യും.
പിന്നീട് എന്ത് കൊണ്ടോ ആ കഥകളുടെ ഓര്‍മ്മകളും ആ വാക്കുകളും മനസ്സില്‍ തങ്ങി നില്‍ക്കുന്നതാകാം മനപ്പൂര്‍വ്വമായിട്ടെങ്കിലും പാമ്പാടിയില്‍ നിന്ന് ഒഴിവായി നിന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം എന്‍റെ സ്വന്തം നാട്ടില്‍ തേവരുടെ മണ്ണില്‍ ശ്രീഭൂതനാഥനെ ശിരസ്സില്‍ ഏറ്റാന്‍ അവന്‍ വന്നപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി ദൂരെ നിന്നൊരു നോക്ക് കണ്ടു. പിന്നെ കണ്ടിട്ടില്ല. ആദ്യമായി ആണെങ്കിലും ഞങ്ങളുടെ മണ്ണില്‍ അവന്‍ എത്തിയപ്പോള്‍ നാടും നാട്ടാരും ഒരുപോലെ ആവേശത്തില്‍ ആറാടിയത് എല്ലാം ഞാന്‍ കണ്ടതാണ്.
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് വളരെ ഇഷ്ടപെട്ട പാമ്പാടിക്ക് അന്ന് എരണ്ടകെട്ട് എന്ന മഹാവ്യാധി പോലും പിടി പെട്ടപ്പോള്‍ പ്രാര്‍ഥനക്കപ്പുറം ഒരിക്കല്‍ പോലും നേരില്‍ ഒന്ന് കാണാന്‍ തോന്നിയില്ലല്ലോ എന്ന്. എല്ലാ വ്യാധികളെയും തൃണവല്‍ക്കരിച്ചുകൊണ്ട് അവന്‍ വീണ്ടും വന്നു, ആ വരവ് അരങ്ങ് വാഴുവാന്‍ തന്നെ ആയിരുന്നു. രാജ ജീവിതത്തില്‍ തൃശൂര്‍പൂരത്തില്‍ നീര് കാലത്തിന്‍റെ ചെറു ലക്ഷണങ്ങള്‍ ഇരിക്കെ തന്നെ ചങ്കൂറ്റത്തോടെ സാജന്‍ ചേട്ടന്‍ പതിനായിരങ്ങള്‍ക്ക് നടുവില്‍ അവനെ കൊണ്ട് വന്നതും എല്ലാം അവന്റെ വിജയ കഥകളിലെ ചെറിയ ഏടുകള്‍ മാത്രം.
ലക്ഷണശാസ്ത്രം എന്ന അച്ചിട്ട് വാര്‍ത്ത ലക്ഷണ തികവുള്ള നാട്ടാന ഏത് എന്നതിന് രാജന്‍ എന്നത് മാത്രം ആകും നമുക്കുള്ള ഉത്തരം. ഇനി തുല്യം വയ്ക്കുവാനോ പകരം പറയുവാനോ പോലും ആരും ഇല്ലാത്ത ഇവന്‍ ആകാന്‍ എന്നും ഇവനെ കൊണ്ട് മാത്രമേ ആകൂ.
എണ്ണമറ്റ പട്ടങ്ങള്‍ നല്‍കി പലപ്പോഴായി ഇവനെ പലനാടും അംഗീകരിച്ചു എങ്കിലും എനിക്ക് ഏറ്റവും പ്രിയം ലക്ഷണ പെരുമാള്‍ എന്നത് തന്നെ ആയിരുന്നു. പണ്ട് പൂരപ്പറമ്പുകളില്‍ കളിയായും കാര്യമായും ഇവനെ വിളിച്ചിരുന്ന ഗന്ധര്‍വ്വന്‍ എന്നത് ഇവന് പട്ടമായി ചാര്‍ത്തിയപ്പോള്‍ സത്യം അല്ലാണ്ടെ എന്ത് പറയാന്‍. കാരണം വശ്യ സൗന്ദര്യത്തില്‍ ആരുടെ മനസ്സും കൈയടക്കാന്‍ കഴിയും ഇവന്.
എന്‍റെ മനസ്സ് കാലത്തിനൊപ്പം മാറി തുടങ്ങിയിരിക്കുന്നു. രാജനെ കാണുവാന്‍ ഉള്ള ആശ ഏറി വരുന്നു. പാമ്പാടിയിലെ നാട്ടുരാജാവിന്‍റെ പൊന്നെഴുന്നള്ളത്തുകള്‍ക്കൊപ്പം ഓരോ പദ ചലനത്തിലും ഇനി ഞാനും ഉണ്ടാകും.
മനസ്സില്‍ എന്നും മായാതെ നിറയുന്ന പ്രിയ സാജന്‍ ചേട്ടന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതിനോപ്പം, മനസ്സിനെ കീഴടക്കിയ ഗന്ധര്‍വ്വന് ലക്ഷണ പെരുമാളിന്, ആനക്കേരളത്തിന്‍റെ സാര്‍വ്വ ഭൌമ ഗജരാജ ഗന്ധര്‍വ്വന് , നാട്ടു രാജാവിന് കോടി കോടി ആശംസകള്‍.
“കാലം നിനക്ക് മുമ്പിലും ലോകം നിന്‍റെ കാല്‍ ചുവട്ടിലും ആണ്, നിന്‍റെ ഓരോ ചലനവും ചരിത്രമാണ്, ആ ചരിത്രങ്ങള്‍ ഇന്നില്‍ ആസ്വദിക്കാന്‍ എല്ലാം മറന്ന് ഞാന്‍ ഉണ്ടാകും ഒരു എളിയ ആരാധകനായി..”