മാര്ക്കണ്ഡേയന് അല്‍പ്പായുസ്സില്‍ നിന്നും നിത്യ യവ്വനത്തിലേക്ക് ജീവിതം തന്നെ നല്‍കിയ സാക്ഷാല്‍ മഹാദേവ സന്നിധിയും മാര്‍ക്കണ്ഡേയന്‍ ആരാധിച്ച സ്വയംഭൂവായ ശിവലിംഗവും ഉള്ള ദേവ ഭൂമിയാണ് തൃക്കടവൂര്‍ മഹാദേവ ക്ഷേത്രം. അവിടുത്തെ ആനച്ചന്തത്തെ തൃക്കടവൂരപ്പന്റെ മനസപുത്രനെ കേരളക്കരയില്‍ അറിയാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല. അതാണ് നമ്മുടെ തൃക്കടവൂര്‍ ശിവരാജു. ഏതാണ്ട് അഞ്ചു വയസ്സില്‍ കോന്നി റേഞ്ചില്‍ അട്ടത്തോട് ഭാഗത്ത് ഒരു വാരിക്കുഴിയില്‍ പതനം, ഒരു ആന അമ്മയുടെ കണ്ണുനീര്‍ ശാപം കൂടി ഏറ്റുവാങ്ങി മലയാളി മനസ്സുകള്‍ അവനെ ആനകൂട്ടിലേക്ക് കൂട്ടി കൊണ്ട് പോന്നു. നല്ല പാഠങ്ങളും വിദ്യാഭ്യാസവും അങ്ങനെ നടന്നു പോന്നിരുന്ന കാലത്താണ് ഏതാണ്ട് മനസ്സില്‍ ഉറപ്പിച്ച പോലെ കൊല്ലത്ത് നിന്ന് കുറെ ആളുകള്‍ കാണാന്‍ വന്നത്. എന്ത് പുല്ലാപ്പ് ഒപ്പിച്ചോണ്ടാണോ ഇവരുടെ വരവെന്ന് ഇവന്‍ ആലോചിച്ചു നില്‍ക്കുമ്പോളെക്കും അവന് പോകാന്‍ ഒരു വണ്ടി ഒക്കെ ശെരിയായിരുന്നു അങ്ങനെ ഓര്‍ക്കാപ്പുറത്ത് അവന്‍ നന്നായി ഒന്ന് കൂട്ടാളികളോട് യാത്ര പോലും പറയാതെ കൊല്ലത്തേക്ക് യാത്ര തിരിച്ചു.
അങ്ങനെ ഒരു കുഞ്ഞി കൊമ്പുള്ള നാട്ടാന ചന്തത്തെ സഹ്യപുത്രനെ എട്ടു കരക്കാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ നടക്കിരുത്തി. ശിവ പുത്രന്‍ ആയ അവന് ശിവ നാമത്തോടെ രാജു എന്ന് കൂടെ ചേര്‍ത്ത് ശിവരാജു എന്ന് പേരിട്ടു. അങ്ങനെ അവന്‍ തൃക്കടവൂര്‍ ശിവരാജു ആയി. വളര്‍ന്ന് വന്ന ഇക്കാലത്തിലത്രയും സ്വഭാവം എന്ന ഒറ്റ കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തത കിട്ടാത്ത ഒരു നാട്ടാന ചന്തം ഏന്നത് കൂടെ ഇവന്‍റെ പ്രത്യേകത ആണ്. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ആനകളില്‍ ഏറ്റവും ഉയരം ഉള്ളതും ഇവന് തന്നെ. ലക്ഷണ തികവിന്റെ എല്ലാ മാനദണ്ടങ്ങളും പരിധിയില്‍ കൂടുതല്‍ സ്വന്തമായുള്ള ഒരു മലയാളി കൂടെ ആണ് നമ്മുടെ രാജു. അംഗോപാംഗ സൗന്ദര്യതികവിന്റെ മൂര്‍ത്തി ഭാവമാണ് ഈ ശിവ പുത്രന്‍. വീണകന്ന കൊമ്പുകളും , നിലത്തിഴഞ്ഞു കിടക്കുന്ന തുമ്പിയും നിറയെ രോമങ്ങള്‍ ഉള്ള നീളമുള്ള വാലും , പതിനെട്ട് ആണ് കണക്കെങ്കില്‍ അതുക്കും മേലെ ഇരുപത് നഖങ്ങളും അങ്ങനെ ഒരു വിധത്തില്‍ എല്ലാ ലക്ഷണ തികവുകളും ഉള്ള ഒരുത്തമ ഗജവീരന്‍ തന്നെ.
അഴകും നിലവും സമ്മേളിക്കുന്ന ഇവന്‍റെ വലിയ ചെവിയും വലിയ വായുകുംബവും എല്ലാം ഏതൊരാളെയും ആകര്‍ഷിക്കുവാന്‍ പോന്നത് തന്നെ. ഇതൊക്കെ ആണെങ്കിലും മുഖത്ത് ഒരിത്തിരി രൌദ്ര ഭാവമാണ് എപ്പോഴും, കണ്ണില്‍, ചങ്കൂറ്റം ഉള്ള ഒരു ആണ്‍ പിറപ്പിനെ എപ്പോളും കാണാം. രുദ്ര പ്രിയന്‍ ആയ ഇവന്‍ അങ്ങനെ ഒക്കെ ആയിരിക്കണ്ടേ എന്ന് എല്ലാവരും ചോദിച്ചു കേള്‍ക്കാറുണ്ട്.
ആര്‍ക്കും പിടിതരാത്ത അപൂര്‍വ്വ സ്വഭാവം എന്ന് ഞാന്‍ നേരത്തെ പറഞ്ഞതിന് കുറച്ച് കാരണങ്ങള്‍ ഉണ്ട്, ഇവന്‍റെ കഥകളില്‍ അല്ലെങ്കില്‍ ജീവിത ചരിത്രത്തില്‍ അവന്‍റെ പൂര്‍വ്വ കാലം പരിശോധിച്ചാല്‍ അത് മനസ്സിലാകും. സാധാരണ വരുത്തരായ ഹിന്ദി ചന്തങ്ങളില്‍ അപൂര്‍വ്വമായി കാണാറുള്ള ഒറ്റയാള്‍ ചട്ടം ഇവന് ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒന്നില്ല എന്നാലും ചില കൂറുള്ള ആളുകളോടെ വലിയ ആത്മാര്‍ഥത കാണിക്കുകയും എന്നാല്‍ ചിലരോട് കണ്ട പരിചയം പോലും കാണിക്കാതെ ഇരിക്കുകയും ചെയ്യുന്ന പതിവുണ്ട് ഇവന്. ഇവന്‍റെ കഥകളില്‍ എന്നും എല്ലാവരും പറയുന്ന ഒരു പേരാണ് ഗോപാലകൃഷ്ണന്‍ നായരുടെത് , അദ്ധേഹവുമായുള്ള ഇവന്‍റെ ബന്ധം ഒരു പരിധി വരെ ആനക്കേരളം പ്രശംസിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു. പതിവ് രീതിയില്‍ ട്രാന്‍സ്ഫര്‍ വന്ന് അദ്ദേഹം പലപ്പോഴായി അരികില്‍ നിന്ന് മാറിയിട്ട് പോലും എന്നും ഇവന് ഏതൊരു ആവശ്യത്തിലും അദ്ദേഹം ഓടി എത്തിയിരുന്നത് അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കി തരുക തന്നെ ചെയ്യും.
ഇങ്ങനെ ഒക്കെ ആണെങ്കിലും ആളുടെ കുറുമ്പുകളും വഴക്കുകളും എല്ലാം പലപ്പോഴായി കേരളം കണ്ടതും കേട്ടതുമാണ്. ഒരിക്കല്‍ ഏറ്റവും പ്രിയനായ ഗോപാലകൃഷ്ണന്‍ നായര്‍ തന്നെ ഒരു നീര് കാലത്തില്‍ ആയുസ്സിന്‍റെ ബലത്തില്‍ അവന്‍റെ കൊമ്പിനുള്ളില്‍ നിന്ന് രക്ഷ പെട്ടതും എല്ലാം ഇവന്‍റെ ജീവിത കഥകള്‍ തന്നെ. പലപ്പോഴായി ചട്ടക്കാരില്‍ ഭീതിയും തെല്ല് ആശാക്കുഴപ്പവും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും പൊതു ജനത്തിനോടോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായോ ഒരു വാശി കാണിച്ചതായി ഒരു അറിവും ഇല്ല. ഇവന്‍റെ കുറുമ്പന്‍ കഥകളില്‍ ഒരിക്കല്‍ കരിമ്പും കാട്ടില്‍ ആന കേറിയത് പോലെ അവന്‍ ഒന്ന് കേറിയത് ചേന കാട്ടില്‍ ആയതും ചേന തിന്നു ചൊറിയാന്‍ തുടങ്ങിയതും എല്ലാം അവയില്‍ ചിലത്. പിന്നീട് ഒരിക്കല്‍ തൈ തെങ്ങ് പിളര്‍ന്ന് തിന്നാന്‍ മൂത്ത തെങ്ങില്‍ തടിയില്‍ കൊമ്പ് കുത്തി ഇറക്കി രണ്ട് ദിവസം നിരാഹാരം ഇരിക്കേണ്ടി വന്നതും പിന്നെ കോടാലിക്ക് തെങ്ങ് വെട്ടി മാറ്റിയതും എല്ലാം എല്ലാവരും കേട്ടു പരിചിതമായ കഥകള്‍ ആണ്.
ഇത്രയും കുറുമ്പനായ ഈ കറുമ്പന്‍ തന്നെ ആണ് ഉമയനെല്ലൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആന വാല്‍ പിടിയില്‍ പങ്കെടുക്കുന്നത് എന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ ആരായാലും അതിശയിച്ചു പോകും ഇത് അവന്‍ തന്നെ ആണോ എന്ന്. സമാധാന ചിന്തയോടെ അവന്‍ ആളുകള്‍ക്കിടയില്‍ ഇറങ്ങും ക്ഷമയോടെയും സഹാനത്തോടെയും, വാലില്‍ പിടിച്ചു തൂങ്ങുന്ന ഒരാളെ പോലും ഇന്നോളം ഇവന്‍ ഒന്ന് തിരിഞ്ഞു നിന്ന് താന്‍ ആരുവാ എന്ന് ചോദിച്ചിട്ടില്ല അല്ലെങ്കില്‍ ഒരു ഇഷ്ടക്കുറവ് കാണിച്ചിട്ടില്ല. ഇതെല്ലാം പറഞ്ഞു വെക്കുമ്പോള്‍ മനസ്സില്‍ ആര്‍ക്കായാലും തോന്നിപ്പോകും ഒരു ആന എന്നതിലെ ദൈവീക മൂല്യങ്ങള്‍ എങ്ങനെ ഒക്കെ ആണെന്ന്.
ഒരു കാലത്ത് അധികമായൊന്നും തെക്കന്മാര്‍ വടക്കോട്ട് പോകാറുണ്ടായിരുന്നില്ല എങ്കില്‍ ഇവനെ കാണാന്‍ തെക്ക് വടക്ക് ഭേതം ഇല്ലതെ എല്ലാവരും കൊല്ലത്തേക്ക് പാഞ്ഞു തുടങ്ങി കഴിഞ്ഞപ്പോള്‍ ഇവനും നാടില്ലാതെ എല്ലായിടത്തും പൊയ് തുടങ്ങി , പോകെ പോകെ കേരളം മുഴുവന്‍ ആരാധകര്‍ ഉള്ള ഒരു ഉശിരന്‍ താരമായി തന്നെ ഇവന്‍ മാറി. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒരു ബോര്‍ഡ് ആന പേരും പ്രശസ്തിയും നേടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഇത്തിരി ബുദ്ധിമുട്ടാണ് എന്നിരിക്കെ തന്നെ തന്‍റെ അഴകില്‍ എല്ലാ കടമ്പകളും തരണം ചെയ്തു ഉയരക്കേമത്തത്തിന്‍റെയും അഴകിന്റെയും പുതിയ വിജയ ഗാഥകള്‍ രചിച്ച് അവന്‍ ജനമനസുകളില്‍ കടവൂരാന്‍ എന്ന നാമത്തോടെ ചിരപ്രതിഷ്ഠ നേടി.
ആദ്യമായി ശിവരാജുവിനെ കണ്ടതെന്ന് എന്നത് ഓര്‍മ്മയില്‍ ഇല്ല അതിന് കാരണം പലപ്പോഴും ഇടക്കെപ്പോഴോ കടന്നു വന്ന് പിന്നീട് പെട്ടെന്ന് തന്നെ താര പ്രഭയിലേക്ക് വളര്‍ന്ന താരം ആയതു കൊണ്ടാകാം. ഒരു പക്ഷെ ഈ നായക നടനെ ആകും കേരളത്തിലെ പല ആനപ്രേമികളും ഒരു സഹനടനായും പിന്നീട് കഴിവില്‍ സൂപ്പര്‍ സ്റാര്‍ ആയി മാറുകയും ചെയ്തത് കണ്ടിട്ടുണ്ടാകുക. ഇവന്‍റെ വളര്‍ച്ച പലപ്പോഴും മനസ്സുകളിലും ഇവനിലും ഒരു പോലെ ആയിരുന്നു എന്ന് പറയുന്നതാകും ശരി, ഇവന്‍ വളരുന്നതിനനുസരിച്ച് ഇവന്‍റെ ആരാധകരുടെ എണ്ണത്തിലും മനസ്സിലെ ഇവന്‍റെ സ്ഥാനങ്ങള്‍ക്കും വലുപ്പവും ആഴവും ഏറി വന്നു. ശിവരാജുവിനെ കാണാന്‍ ഉറക്കളപ്പിക്കുന്ന രാത്രികള്‍ പല ഉത്സവ പറമ്പുകളിലും കാത്തിരുന്നത് ഞങ്ങള്‍ തെക്കന്മാര്‍ പോലും ഓര്‍ക്കുന്ന കാര്യം ആണ് കാരണം ഒരു താരം ആയപ്പോള്‍ പെട്ടെന്ന് തന്നെ അവന്‍ തിരക്കേറിയ എഴുന്നള്ളിപ്പ് കാള്‍ ഷീറ്റുകള്‍ ഒപ്പിട്ടു തുടങ്ങി, അപ്പോള്‍ ഒന്ന് സ്വസ്ഥമായി കാണണം എങ്കില്‍ പാതിരാത്രില്‍ കാത്തിരിക്കുക തന്നെ ശരണം എന്ന അവസ്ഥ ഒക്കെ വന്നിരുന്നു. വളരെ നാളത്തെ ആഗ്രഹം ആയിരുന്നു കടവൂരാനെ ഒന്ന് അടുത്തറിയുക ഒരു ദിവസം കൂടെ ചിലവഴിക്കുക എന്നത് കാരണം നേരത്തെ പറഞ്ഞ പോലെ താരം ആയതില്‍ പിന്നെ അങ്ങനെ ഒന്ന് ഓര്‍മയില്‍ എങ്ങും ഉണ്ടായിട്ടില്ല. പിന്നെ ഇടക്കൊക്കെ അഷ്ടമിക്കാലത്തില്‍ ആണ് അവനെ ഒന്ന് അടുത്ത് കിട്ടുക കുറച്ചു ദിവസത്തേക്ക്.
അങ്ങനെ കാത്തിരുന്ന് അവന്‍ താരങ്ങളില്‍ താരം ആയപ്പോള്‍ എന്‍റെ നാട്ടില്‍ ഭൂതനാഥ സന്നിധിയില്‍ ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവ കാലത്ത് എത്തി, കുറെ നാളുകള്‍ക്ക് ശേഷം അവനെ അത്ര അടുത്ത് ശാന്തമായി വലിയ ഒരു തിരക്കില്ലാതെ ഒരു ദിവസം കിട്ടുന്നത്. അന്ന് കൂടെ നടന്നും മനസ്സില്‍ പറയുവാന്‍ സ്വരുക്കൂട്ടിയവ അത്രയും പറഞ്ഞും സന്തോഷത്തോടെ ഒരു ദിവസം അവനൊപ്പം അങ്ങനെ ചിലവഴിച്ചു.
ഇന്ന് കേരളത്തില്‍ ഇവന്‍ വെറുതെ ശിവരാജു അല്ല ആരാധകരുടെ കടവൂരാനും രാജു ഭായിയും ഒക്കെ ആണ്. എണ്ണമറ്റ പട്ടങ്ങള്‍ നല്‍കി ഇവനെ അംഗീകരിക്കാന്‍ ഇവന് ചുറ്റിലും ആരാധക പ്രവാഹം ആണ്. പട്ടത്താനത്ത് നിന്നും ഒരു ഗജരാജ പട്ടത്തില്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ഇന്നും ഒരു പ്രവാഹം പോലെ ഇവനെ തേടി വരുന്നു. ഗജരാജ സാര്‍വ്വ ഭൌമവും, രുദ്രപ്രിയയും എല്ലാം നല്‍കി അംഗീകരിക്കുമ്പോള്‍ ഇവന്‍ ഇപ്പോഴും മുപ്പതുകളില്‍ തന്നെ ആണ് എന്ന് കൂടെ നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ഒരു പക്ഷെ ഇത്ര ചെറു പ്രായത്തില്‍ ഇത്രത്തോളം ജനഹൃദയങ്ങള്‍ കീഴടക്കിയ ഒരു ഗജരാജ വിസ്മയം അത് നമ്മുടെ കടവൂരാന്‍ മാത്രം ആയിരിക്കും…
അഴകും നിലവും ഉയരവും സമ്മേളിച്ചാല്‍ അതിന് ഉത്തരം ചിലപ്പോള്‍ കടവൂരാന്‍ എന്നത് ആകും, തെക്കിന്‍റെ അഭിമാനം ആനക്കേരളത്തിലെ യുവരാജാവ് ഗജരാജ സാര്‍വ്വ ഭൌമന്‍ തൃക്കടവൂര്‍ ശിവരാജുവിന് നമ്മടെ രാജൂട്ടന് രാജുഭായിക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മഹാദേവ കൃപ ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനകളോടെ ആയിരം ആയിരം ആശംസകള്‍…..