ഒരു ഞായര്‍ വൈകുന്നേരം , അത്താഴമുണ്ട് കിടന്നുറങ്ങാനുള്ള ചിന്തകള്‍ മനസ്സില്‍ മിന്നി മായുന്ന നേരം, പ്രിയപ്പെട്ടവളുടെ ഒരു ചോദ്യം നാളെ നിങ്ങള്‍ക്ക് യാത്ര വല്ലതും ഉണ്ടോ? ! ഞങ്ങള്‍ മുഖാമുഖം ഒന്ന്‍ നോക്കി, കുറച്ച് സമയത്തെ ഇടവേളക്ക് ശേഷം ആ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച ഒന്ന്‍ കാതിലേക്ക് നിറച്ച് തന്നു.പരുപാടി ഇല്ലെങ്കില്‍ വെറുതെ ഒന്ന്‍ കറങ്ങികൂടെ, മടിയുടെ ഉത്തുംഗശൃംഗത്തില്‍ നിന്നും ഇരുവരും കൂപ്പ്കുത്തിയത് പോലെ. പ്രോത്സാഹനം എന്നൊക്കെ പറഞ്ഞാല്‍ അത് ഇമ്മാതിരി ആയിരിക്കണം. കേട്ടിട്ടില്ലേ പാതിരാവിലെ വെളിപാട് എന്ന് ഏതാണ്ട് അത് തന്നെ. മനസ്സില്‍ പൊട്ടിയ ലഡ്ഡു ഏതാണെന്ന് തര്‍ക്കം ഒന്നും ഇല്ല കാരണം രണ്ടാളുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉള്ള ഒരുപാട് ഇടങ്ങള്‍ കോമണ്‍ ആയി ഉണ്ടെന്നത് ഉറപ്പുതന്നെ. അതിപ്പോള്‍ ഏതാണോ ഏറ്റവും അടുത്ത് അതങ്ങ് തിരഞ്ഞെടുക്കുക , ഒരുമിച്ചിരുന്ന്‍ എല്ലോറയും, കൊണാര്‍ക്കും, ഹിമാലയവും ഒന്ന്‍ ഒതുക്കി നോക്കിയപ്പോള്‍ ദേ കിടക്കുന്നു നമ്മുടെ ലെപാക്ഷി. ആന്ധ്രാപ്രദേശിലെ വിജയ്പൂര്‍ ജില്ലയില്‍ മണ്ഡല്‍ ഗ്രാമത്തിലെ ലെപാക്ഷി വീരഭദ്ര ക്ഷേത്രം, വിസ്തൃത നഗരമായ ബാന്‍ഗ്ലൂര്‍ നിന്നും ഏതാണ്ട് 140 കിലോ മീറ്റര്‍ ദൂരം, കര്‍ണ്ണാടക ബോര്‍ഡര്‍ കഴിഞ്ഞ് ഏതാണ്ട് 30 കിലോമീറ്റര്‍ മാത്രം. പിന്നെ അലാറം വെച്ച് ഉറങ്ങാന്‍ ഉള്ള ദൃതി ആയിരുന്നു.
മൂന്ന് മണിക്ക് മൊബൈല്‍ മുഴക്കുന്ന സുപ്രഭാതം കേട്ടുണരാം എന്ന ചിന്തയില്‍ തന്നെ കിടന്നത് എങ്കിലും എന്തോ ഇടക്കെപ്പോഴോ ഉണര്‍ന്ന്‍ അലാറത്തിനായി കാത്തിരുന്നു. യാത്രയോടുള്ള അഭിനിവേശം കൊണ്ടാകാം കാത്തിരുന്ന്‍ മടുത്ത് അലാറം ഓഫ് ആക്കി എഴുനേറ്റു. ഏതാണ്ട് 4 മണി ആയപ്പോള്‍ തന്നെ കുളിയും കഴിഞ്ഞ് തോളില്‍ ബാഗ് കേറി കഴിഞ്ഞിരുന്നു. ഫോര്‍ വീലരിലെ എ സി ക്കുള്ളില്‍ ഇരുന്നുള്ള യാത്രകള്‍ പലപ്പോഴും കൃത്യമായ അനുഭവങ്ങള്‍ നല്‍കില്ല എന്നതിനാലാകാം യാത്ര പ്രിയപ്പെട്ട ആക്റ്റിവയിലേക്ക് ആകാന്‍ കാരണം. ജാക്കറ്റിന്റെയും കണ്ണടയുടെയും ബലത്തില്‍ തണുത്ത വെളുപ്പാന്‍ കാലത്ത് എക്സ്പ്രസ്സ്‌വേയിലൂടെ ഞങ്ങളും യാത്ര തുടങ്ങി. വീഥികള്‍ അത്ര വിജനമല്ല, എന്നാല്‍ പകലില്‍ മണിക്കൂറുകള്‍ നീളുന്ന ട്രാഫികിന്റെ നീണ്ട നിരകളും ഇല്ല. ഫ്ലൈ ഓവറുകളും ടോള്‍ ബൂത്തുകളും പിന്നിട്ട് മയില്‍കുറ്റികളെ കൊഞ്ഞനം കുത്തി ഞങ്ങള്‍ അങ്ങനെ മുമ്പോട്ട് തന്നെ. യശ്വന്തപുരത്ത് നിന്നും നിറച്ച 200 രൂപ പെട്രോളില്‍ അങ്ങനെ കുറെ ദൂരം സ്വപ്‌നങ്ങള്‍ കണ്ട് നീങ്ങി. ഇടയില്‍ എപ്പോഴോ ഒരു ടോള്‍ ബൂത്ത് പിന്നിട്ടപ്പോള്‍, ദാ കൈകാട്ടി വിളിക്കുന്നു കന്നഡ ചന്തമുള്ള പോലീസ് ഏമാന്മാര്‍. സാധാരണ ഗതിക്ക് കൈകാട്ടിയാല്‍ കൈയില്‍ ഉള്ളത് പോയത് തന്നെ എന്ന് പരക്കെ ആക്ഷേപം ഉണ്ടെങ്കിലും. പേപ്പറുകളും ലൈസന്‍സും നോക്കി ഒരു ശുഭയാത്ര നേര്‍ന്നു.
ഇരുപുറവും ഹാലജന്‍ ബള്‍ബുകള്‍ നിറക്കുന്ന മഞ്ഞ കലര്‍ന്ന പ്രകാശം , ബാന്‍ഗ്ലൂര്‍ നഗരം അതിന്‍റെ പ്രൌഡിയും അഴകും വിരിച്ച് ഒരു തിരക്കുള്ള പ്രഭാതത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. NH44 ന്‍റെ ഓരം പറ്റി, ചീറിപായുന്ന വാഹനങ്ങളെ നോക്കി ഞങ്ങള്‍ പിന്നെയും ദൂരങ്ങള്‍ താണ്ടി. അങ്ങനെ ദേവനഹള്ളി എത്തുമ്പോള്‍ 5 മിനിറ്റ് വിശ്രമം അനുവദിച്ച് ഞങ്ങള്‍ നിര്‍ത്തി. ചുറ്റിനും കണ്ണോടിച്ചപ്പോള്‍ അതാ ഒരു സൈന്‍ ബോര്‍ഡ് 22 കിലോമീറ്റര്‍ ദൂരെ നന്ദി ഹില്‍സ്സ്. പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്, പാറമടക്കുകളില്‍ നിന്നുള്ള ഉദയവും , ആഴക്കടലിലേക്കുള്ള അസ്തമയവും ആണ് ലോകത്തിലെ ഏറ്റവും മികച്ച കാഴ്ച്ചകള്‍ എന്ന്. രണ്ടും നിറക്കുന്ന നിറവെത്യാസങ്ങള്‍ ഒരു ആര്‍ട്ട് ഡയരക്ടര്‍ക്കും സെറ്റ് ഇട്ട് ലൈറ്റ് അപ്പ് ചെയ്യാന്‍ കഴിയാത്തത് ആണെന്ന്. കോടമഞ്ഞ് അണിഞ്ഞു കിടക്കുന്ന ചെറു പാതയിലേക്ക് ഞങ്ങള്‍ തിരിഞ്ഞു, ലക്ഷ്യം നന്ദി ഹില്‍സ്സ്. പ്രഭാതത്തില്‍ ഇവിടം സഞ്ചാരികളെ കൊണ്ട് നിറയും, ആ താഴ്വരയില്‍ തണുത്ത കാറ്റേറ്റ് കഥകള്‍ പറഞ്ഞിരിക്കുക അതൊരു അനുഭവം തന്നെയാണ്. പൂന്തോട്ടങ്ങളില്‍ കിളികളോടും ശലഭങ്ങലോടും കൂട്ട് കൂടി, കളിച്ചു നടക്കാന്‍… പെട്ടെന്ന്‍ എന്തോ റോഡില്‍ നിരനിരയായി വാഹനങ്ങള്‍ കിടക്കുന്നു. ഒരു വശത്ത്കൂടി എന്തെന്ന് അറിയാന്‍ ഏറ്റവും മുമ്പില്‍ എത്തി. ഒരു ചെക്ക്പോസ്റ്റ്, അത് 6 മണിക്കേ തുറക്കുകയുള്ളൂ. സമയം അപ്പോള്‍ 5.45, ഇരുട്ടില്‍ ഒന്നും അത്ര വ്യെക്തമല്ല ആയതിനാല്‍ തന്നെ വശങ്ങളില്‍ കാഴ്ചകള്‍ ഒന്നും ദൃശ്യമല്ല. അധികം കാത്തിരിക്കും മുമ്പേ പ്രവേശനകവാടം തുറന്നു എന്ന് മാത്രമല്ല കയറിപ്പോകുന്ന ആദ്യ വാഹനമായി ഞങ്ങള്‍ ഏവര്‍ക്കും വഴികാട്ടി. മാനം തെളിഞ്ഞു തുടങ്ങുന്നു. പല ഹെയര്‍പിന്‍ വളവുകള്‍ കയറി മുകളില്‍ എത്തുമ്പോള്‍ അങ്ങ് ദൂരെ അമ്പരചുമ്പികള്‍ എന്ന് തോന്നിയ പല ബഹുനില കെട്ടിടങ്ങളും ഒരു പൊട്ടുപോലെ മാത്രം കാണാം.
പാര്‍ക്കിങ്ങില്‍ വണ്ടി വെച്ച് കുറച്ച് നടക്കാന്‍ ഉണ്ട്, ഇരു ചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് പ്രവേശനം ഇല്ല. പ്രവേശന പാസ്സും വാങ്ങി നടന്ന് തുടങ്ങി. ഇടയില്‍ വിശ്രമിക്കുവാനും കാഴ്ചകള്‍ കണ്ട് ആസ്വദിക്കുവാനും എല്ലാം നിരവധി ചെറിയ പൂന്തോട്ടങ്ങളും ഇരുമ്പിലും സിമന്റിലും തീര്‍ത്ത നിരവധി ഇരുപ്പിടങ്ങളും കാണാം. മുകളില്‍ വലിയ ഒരു പാറ, അതിരുകള്‍ തീരത്ത് കമ്പി വേലികള്‍ തീര്‍ത്തിരിക്കുന്നു. അവിടെ നിന്നാല്‍ മലമടക്കുകളില്‍ നിന്നും ഉദിച്ചുയരുന്ന സുര്യനെ കാണാം.കിഴക്ക് ചക്രവാളം ചുവന്ന്‍ നില്‍ക്കുന്നു, ഉദയം അത് കാണാന്‍ കൊതിയോടെ കാത്ത് നിന്നു. ഇരുട്ടിനെ വകഞ്ഞുമാറ്റി , കോടമഞ്ഞിനിടയിലൂടെ , ഇളം ചുവന്ന കിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു. അനിര്‍വചനീയമായ കാഴ്ച്ച തന്നെ. പുഞ്ചിരിക്കുന്ന ബാലികയെ പോലെ പൊന്‍കിരണങ്ങള്‍ ഏറ്റ് കുറച്ചു നേരം അവിടെ. അവിടവിടെയായി ഓരോ സംഘങ്ങള്‍ തിരിഞ്ഞ് ആളുകള്‍ ഫോട്ടോ എടുപ്പും മറ്റും ആണ്. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടന്ന് നീങ്ങി. അരികില്‍ ആയി വലിയ മതില്‍കെട്ടിനുള്ളില്‍ ആണ് യോഗനന്ദീശ്വര ക്ഷേത്രം. വലിയ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു. ജീവിതത്തിലെ അവസാനഘട്ടമായ യോഗിയായി ആണ് ഭഗവാന്‍ മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത്. ആയതിനാല്‍ തന്നെ, ആഘോഷങ്ങള്‍ ഒന്നും ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകത കൂടെ ഉണ്ട്. വൃത്തിയായി ചെത്തി മിനുക്കിയ ഒരു പാറയെ അടിത്തറയാക്കി പണികഴിച്ച ഒരു വലിയ ക്ഷേത്രം, കിഴക്കോട്ട് ദര്‍ശനമായി ഭഗവാന്‍ നിലകൊള്ളുന്ന ക്ഷേത്രത്തിന്‍റെ പടിഞ്ഞാറായി മനോഹരമായ കല്‍പടവുകളോട് കൂടിയ ഒരു ക്ഷേത്രക്കുളം ഉണ്ട്. പ്രദക്ഷിണ വീഥിയില്‍ ദ്രിശ്യമാകുന്ന ഒരു ഇടുങ്ങിയ വാതില്‍ കടന്നാല്‍ ഈ കുളത്തിനരുകില്‍ എത്താം. ഭഗവാനെ വണങ്ങി പ്രദക്ഷിണം പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങി. കിഴക്ക് ഭാഗത്തായി ആണ് വ്യൂ പോയിന്റ് അവിടെ നിന്നാല്‍ സൂര്യോദയവും ദൂര കാഴ്ചകളും ഒക്കെ നല്ല ഭംഗിയില്‍ ദ്രിശ്യമാകും.
താഴേക്കുള്ള യാത്രയില്‍ പൂന്തോട്ടത്തിനിടയില്‍ പടവുകളില്‍ ഇരുന്ന്‍ ഒരിത്തിരി വിശ്രമിച്ചു. ഉദ്ധ്യാനത്തിലൂടെ താഴേക്ക് ഇറങ്ങിയാല്‍ ഒരു കാനന പാതയുടെ തുടക്കം എന്നോണം കല്‍പടവുകള്‍ നിറഞ്ഞ പാത തുടങ്ങുന്നു. ആ വഴിയെ കുറച്ചു ദൂരം നടന്നാല്‍ പക്ഷികളെയും ശലഭങ്ങളെയും വിവിധ ജീവജാലങ്ങളെയും കണ്ട് കാടിന്‍റെ സ്വച്ഛന്ദമായ അനുഭവങ്ങള്‍ നുകരാം. ഉദ്ധ്യാനനടുവിലെ നന്ദി പ്രതിമയും അര്‍ക്കാവതി പുഴയുടെയും പാലാര്‍ പുഴയുടെയും ആരംഭവും, അമൃത സരോവര്‍ കുളവും എല്ലാം ഇതിനരുകില്‍ തന്നെ. കുറച്ച് കൂടി താഴേക്ക് ഇറങ്ങുമ്പോള്‍ വശത്തായി ടിപ്പുവിന്റെ കോട്ടയും ഗ്രീഷ്മകാല വസതിയും ദ്രിശ്യമാകും. മനോഹര കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരികെ പാര്‍ക്കിങ്ങില്‍ വന്നു. റൂട്ട് മാപ്പ് ഒന്ന് നോക്കി കളയാം ഏതാണ്ട് ഒന്നര മണിക്കൂര്‍ യാത്ര കൂടി ഉണ്ട് ലക്ഷ്യത്തിലേക്ക്.
അങ്ങനെ ഒരു സുന്ദര പ്രഭാതം ഒരുക്കിയ നന്ദി ഹില്‍സിനോട് വിടപറഞ്ഞ് ഞങ്ങള്‍ മലയിറങ്ങി. ഇപ്പോള്‍ വശങ്ങളിലെ ദ്രിശ്യങ്ങള്‍ കുറച്ചു കൂടി വ്യെക്തമാണ്, കോടമഞ്ഞ് മൂടി ആ താഴ്വര മുകളില്‍ നിന്ന് കാണാന്‍ അതീവ ഭംഗി തന്നെ. വഴിവക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അത് കണ്ടാസ്വദിക്കുന്ന നിരവധി ആളുകളെയും കാണാന്‍ ഉണ്ടായിരുന്നു.
സമയം 8നോട് അടുക്കുന്നതെ ഉള്ളു. എങ്കിലും വിശപ്പ് അത് കാഴ്ച്ചയെ പോലും മറക്കുന്ന പോലെ. സിഞ്ചാര പാലസില്‍ എത്തിയതും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതും ഒന്നും വല്യ ഓര്‍മ്മയില്ല. കന്നഡ രുചിയില്‍ ഇഡലിയും സാമ്പാറും ഉള്ളില്‍ ചെന്നപ്പോള്‍ ഒരു പരുവത്തില്‍ ആയി. വഴിയരുകില്‍ നിര്‍ത്തിയ സ്കൂള്‍ ബസ്സിലെ കുട്ടികളെ നോക്കി പുഞ്ചിരിച്ചും കൈകാട്ടിയും കുറച്ച് നേരം അവിടെ അങ്ങനെ സമയം ചിലവിട്ടു. വെയില് ഉറയ്ക്കും മുമ്പേ അങ്ങ് എത്തണം എന്ന ചിന്തയില്‍ വീണ്ടും യാത്ര തുടങ്ങി. നന്ദി ഹില്‍സ് അരികില്‍ നിന്നും അകലങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഒരു മനോഹര പ്രഭാതം സമ്മാനിച്ച ഈ മലനിരകള്‍ എന്നും സ്മരണയില്‍ ഉണ്ടാകും എന്ന
ചിന്തകള്‍ പേറി നീങ്ങുമ്പോള്‍ ആണ് നമ്മടെ ഗൂഗിള്‍ ചേച്ചി ഭോഗ നന്ദീശ്വര ക്ഷേത്രത്തിന്‍റെ കാര്യം ഓര്‍മ്മപ്പെടുത്തിയത്. നന്ദി ഹില്‍സിന് താഴെ ആണ് ഈ ക്ഷേത്രം, വാഹനം പാര്‍ക്കിങ്ങില്‍ വെച്ച് അകത്തേക്ക് കടന്നു. വലിയ കോട്ടമതില്‍, മുകളിലൂടെ അവിടെടവിടെയായി ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ ദൃശ്യമാണ്. പുറമേ നിന്നാല്‍ തന്നെ മനസ്സിലാകും ഉള്ളില്‍ ഒരു ശില്പ നിര്‍മ്മാണത്തിന്റെ കലവറ തന്നെ എന്ന്. ഒരു വലിയ രഥം ക്ഷേത്രത്തിന് പുറത്ത് വെച്ചിരിക്കുന്നു. ഞങ്ങള്‍ അകത്തേക്ക് കടന്നു. വിജയനഗര നിര്‍മ്മാണ രീതികള്‍ ഇവിടെയും വ്യെക്തമായി കാണാം. നിറയെ തൂണുകളാല്‍ ചുറ്റപ്പെട്ട നാലമ്പലം. കൊത്തുപണികള്‍ കൊണ്ട് ഓരോ ശിലയും മികവുറ്റതാകുന്നു. ആദ്യമായി ഒരു പ്രദക്ഷിണം വെച്ചു വന്നു. നല്ല ഉയരത്തില്‍ നിറയെ കൊത്ത് പണികളോട് കൂടിയ ശ്രീകോവില്‍. വിജയനഗര നിര്‍മ്മാണ രീതിയുടെ ഉത്തമ ഉദാഹരണം ആണ് ഈ ക്ഷേത്രം. വലിയ മഹാമണ്ഡപവും, കല്യാണി തീര്‍ത്ഥ കുളവും, ശില്‍പ്പകല വരച്ചിട്ട ജനലഴികളും, വസന്ത മണ്ഡപവും , എല്ലാം കലാകാരന്മാരുടെ കലാവിരുത് വ്യെക്തമാക്കുന്ന ഒന്ന് തന്നെ. ബാല – കൌമാര ഭാവങ്ങളില്‍ ഭഗവാന്‍ മഹാദേവന്‍ പാര്‍വതി സമേതനായി ഇവിടെ അധിവസിക്കുന്നു, ആയതിനാല്‍ തന്നെ നവദംബതിമാര്‍ ഇവിടെ എത്തി ദര്‍ശനം നേടുന്നത് പുണ്യമായി കണക്കാക്കുന്നു.
ചരിത്ര വിശേഷണങ്ങള്‍ കേട്ട് കലാവിസ്മയങ്ങള്‍ കണ്ടും
വീണ്ടും യാത്ര തുടര്‍ന്നു.ചെമ്മരി ആടുകള്‍ കൂട്ടമായി പായുന്ന ഹൈവെയില്‍ കുറച്ച് ദൂരം ചെന്നാല്‍ കണ്ട് തുടങ്ങാം മുന്തിരി തോപ്പുകളും, പൂപ്പാടങ്ങളും കൃഷിയിടങ്ങളും അങ്ങനെ നയനമനോഹര കാഴ്ചകള്‍. സൂര്യന്‍ കത്തിജ്വലിച്ച് തുടങ്ങിയിരിക്കുന്നു. ടാറിട്ട റോഡില്‍ നിന്നും ഉയരുന്ന ചൂട് നമ്മെ വല്ലാതെ തളര്‍ത്തും , ഇടക്കിടയില്‍ കുപ്പിയില്‍ നിറച്ച് സൂക്ഷിച്ച വെള്ളം ഞങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. കാത്തിരുന്ന പോലെ ഉള്ള ഒരു വലിയ ചെക്ക് പോസ്റ്റ് ഒന്നും കണ്ടില്ല ഒരു വെല്‍ക്കം ബോര്‍ഡ് ആന്ധ്രാപ്രദേശിലെക്ക്. സ്വാഗതം അത്ര സുഖം ആയില്ല എങ്കിലും അതിര്‍ത്തി കടന്ന് ഇടത്തേക്ക് തിരിഞ്ഞ് ലെപാക്ഷി റോഡില്‍ എത്തി. അവിടെ നിന്നും ഏതാണ്ട് 21 കിലോമീറ്റര്‍ ദൂരം. ചിന്തകളില്‍ ആവേശം ഏറി വന്നു. ഈ ജന്മത്തില്‍ ഒരിക്കല്‍ എങ്കിലും കാണാന്‍ കൊതിച്ച ആ നാഗലിംഗം . ഏതാണ്ട് 11 മണിയോടെ ഞങ്ങള്‍ ലെപാക്ഷിയില്‍ എത്തി. ദൂരെ നിന്നെ കാണാം ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയെ. നന്ദി ലെപാക്ഷിയിലെക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കുവാന്‍ നിന്ന പോലെ. അരികില്‍ എത്തി ശാന്തനായി കാത്തിരിക്കുന്ന നന്ദിയെയും വണങ്ങി ക്ഷേത്രത്തിലേക്ക്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി പ്രതിമയും ഇത് തന്നെ ആണ്. അവിടെ നിന്നും ഏതാണ്ട് 200മീറ്റര്‍ ചെന്നാല്‍ വീരഭദ്ര ക്ഷേത്രം ആയി.. നിറയെ പുഷ്പങ്ങളും ചെടികളും ഒക്കെ അലങ്കാരം തീര്‍ക്കുന്ന ഒരു മനോഹര ഉദ്യാനം, ആ ഉദ്ധ്യാനത്തിനരുകിലൂടെ ക്ഷേത്രത്തിന്‍റെ വലിയ ഒരു കൂറ്റന്‍ മതില്‍.ആ മതില്‍കെട്ട് കടക്കാന്‍ വലിയ ഒരു വാതിലും. വാതില്‍ പടി കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ചുറ്റമ്പലത്തിനുള്ളില്‍ എത്തിയപ്പോള്‍ പണ്ടെപ്പോഴോ കണ്ട ഒരിടം പോലെ. ചിലപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ എനിക്ക് മുമ്പില്‍ വരച്ച ക്ഷേത്ര ചിത്രം അത് അത്ര കൃത്യമായതാകം അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാന്‍ കാരണം. നിറയെ തൂണുകള്‍, ആ തൂണുകളില്‍ നിറയെ കൊത്ത് പണികള്‍.
ഉള്ളില്‍ പ്രവേശിച്ച് ദേവ ദര്‍ശനം നടത്തി.
ലെപാക്ഷി എന്ന പേരിന് പിന്നിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ട്, രാമായണ കഥാകാലത്ത് രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ട് പോകുന്നത് തടയുവാന്‍ ശ്രമിച്ച പക്ഷിശ്രെഷ്ടന്‍ ജാടായു രാവനന്റെ പ്രഹരത്തില്‍ ചിറകറ്റുവീണതും , ശ്രീരാമദേവന്‍ ജടായുവിന് മോക്ഷ മാര്‍ഗം നല്‍കിയതും ഈ മണ്ണില്‍ വെച്ചായതിനാല്‍ ഇവിടം ലെ – പക്ഷി എന്ന് അറിയപ്പെട്ടു എന്നും പിന്നീട് അത് ലെപാക്ഷി ആയി എന്നും സ്ഥലപുരാണം പറയുന്നു. നിരവധി ക്ഷേത്രങ്ങള്‍ ചേര്‍ന്ന ഒരിടം ആയിരുന്നു ഇതെന്നും പിന്നീട് വിജയനഗര കാലഘട്ടത്തില്‍ ഇവിടെ അതെ നിര്‍മ്മാണ ശൈലിയില്‍ പലക്ഷേത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു ക്ഷേത്രം പണിയുകയും ഉണ്ടായത്രേ. അന്നത്തെ ഗവര്‍ണ്ണര്‍ മാര്‍ ആയ വിരുപ്പണ്ണനായകും സഹോദരന്‍ വിരാനയും ആയിരുന്നു ഇതിന് നേതൃത്വം വഹിച്ചിരുന്നത്. പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആമയുടെ ആകൃതിയില്‍ ഉള്ള ഒരു പാറയുടെ മുകളില്‍ ആണ്. ദക്ഷയാഗ ശേഷം ഉള്ള മഹാദേവന്‍ ആണ് പ്രധാന പ്രതിഷ്ഠയായ വീരഭദ്ര സ്വാമി, ഇത് ഉള്‍പ്പടെ മഹാദേവന്‍ 5 ഭാവങ്ങളില്‍ ഇവിടെ തന്‍റെ സാന്നിദ്യം അറിയിക്കുന്നു. പാപവിനാശേശ്വര്‍, രാമലിംഗേശ്വര്‍, ഹനുമാന്‍ ലിംഗ, എന്ന മൂന്ന്‍ ഭാവങ്ങള്‍ പ്രധാന ക്ഷേത്രത്തിനുള്ളില്‍ തന്നെ ആണ്. ഒപ്പം ദുര്‍ഗ്ഗ, ഭദ്രകാളി, പാര്‍വതി, വിഷ്ണു എന്നിവരും ഉപദേവ പ്രതിഷ്ഠകള്‍ ആയി ഉണ്ട്. പ്രധാന ക്ഷേത്രത്തിന് മുമ്പിലായി നാട്യമണ്ഡപം ഉണ്ട്, 70 തൂണുകളാല്‍ ചുറ്റപ്പെട്ട ഒരു നാട്യമണ്ഡപം, മുകളില്‍ മച്ചില്‍ 100 ഇതളുകള്‍ ഉള്ള താമര , ഒപ്പം പ്രധാന തൂണുകളില്‍ എല്ലാം നൃത്തവും അത് ആസ്വദിക്കുന്നവരെയും കൊത്തിവെച്ചിരിക്കുന്നു. ദേവ നര്‍ത്തകി രംഭ നൃത്തം ചെയ്യുന്നു, സുര്യ, ഭ്രഹ്മ, നന്ദി, അങ്ങനെ ദേവകള്‍ ഓരോ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നു. ശിവ പാര്‍വതിമാര്‍ നൃത്തം ആസ്വദിച്ച് നില്‍ക്കുന്നു. ഇവയെല്ലാം നമുക്ക് മുമ്പില്‍ തെളിയിക്കുക കലാകാരന്‍റെ ആവിഷ്കാരം എന്നതിന്‍റെ അനന്തമായ ആഴങ്ങള്‍ തന്നെയാണ്. പ്രധാന ക്ഷേത്രത്തിന്‍റെ ചുവരുകളും മച്ചകങ്ങളും പുരാണങ്ങളായ രാമായണ, മാഹാഭാരത കഥകളുടെ ചുവര്‍ചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ്. നാട്യമണ്ഡപത്തിലെ തൂണുകളില്‍ ഒന്ന് 8 അടി ഉയരം ഉള്ള മൂലസ്തംഭം ആണ്. ഇത് നിര്‍മ്മിതിയിലെ ഒരു രഹസ്യം കൂടെ ആണ്. മൂലസ്തംബം നിലത്ത് തൊടാത്ത രീതിയിലാണ് പണികഴിച്ചത് എന്നത് ആശ്ചര്യവും അതിശയവും ജനിപ്പിക്കുന്നത് തന്നെ.
പ്രധാന ക്ഷേത്രത്തിന് പിന്നിലായി ആണ് നാലാമത് ശിവ പ്രതിഷ്ഠ അത് 7 തലയോട് കൂടിയ ഒരു നാഗത്തിന് താഴെ ശിവലിംഗരൂപത്തില്‍ ആണ്. ഇത് ഭാരതത്തിലെ ഏറ്റവും വലിയ നാഗലിംഗം കൂടിയാണ്. ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലും ഒരു കഥയുണ്ട്. ശില്‍പ്പികള്‍ എല്ലാം ഉച്ച ഭക്ഷണത്തിന് പോയപ്പോള്‍ രണ്ട് സഹോദരന്മാരുടെ അമ്മ അതിനടുത്താണ് അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്ത് കൊണ്ടിരുന്നത്, ഭക്ഷണം തയ്യാറാകാന്‍ താമസം ഉണ്ടെന്ന്‍ അമ്മ അറിയിച്ചപ്പോള്‍ സമയം ഒട്ടും നഷ്ടമാക്കാന്‍ ഇല്ല എന്ന് പറഞ്ഞ് നിര്‍മ്മിച്ചതാണ് ഈ നാഗലിംഗം. ഭക്ഷണം തയ്യാറാക്കി ഇരുവരെയും വിളിക്കുവാന്‍ വന്ന അമ്മ കണ്ടത് കല്ലില്‍ കണ്ടഞ്ഞെടുത്ത ഒരു അത്ഭുത ലിംഗമാണ്. അത്ഭുതത്തോടെ ഉള്ള മാതാവിന്‍റെ ദൃഷ്ടിയില്‍ ആ ശില പിളരുകയും 3 ഭാഗങ്ങളില്‍ ആ ശിലക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു എന്ന് കരുതപെടുന്നു. ഈ നാഗലിംഗത്തിന് പിന്നിലായി ആണ് ശ്രീ മഹാഗണപതി പ്രതിഷ്ഠ, ഏതാണ്ട് 6 അടി ഉയരമുള്ള ഈ പ്രതിഷ്ഠ വളരെ കൌതുകം ജനിപ്പിക്കുന്നതാണ്. അവിടെ നിന്ന് നേരെ നോക്കിയാല്‍ ദൃശ്യമാകും പണി പൂത്തിയാകാത്ത ഒരു കല്യാണമണ്ഡപം. ശിവപാര്‍വതി വിവാഹത്തിനായി ഒരുക്കിയതാണ് ഈ മണ്ഡപം. ഇതിന്‍റെ നിര്‍മ്മാണ സമയത്ത് ഒരു തെറ്റിധാരണയെ തുടര്‍ന്ന്‍ വിരുപണ്ണ കുറ്റവാളി ആയി കരുതപെടുകയും രാജാവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതില്‍ മനം നൊന്ത വിരുപണ്ണ സ്വയം തന്‍റെ കണ്ണുകള്‍ ചൂര്‍ന്നെടുത്ത് ശിക്ഷ ഏറ്റുവാങ്ങി. അതിനെ തുടര്‍ന്ന്‍ നിര്‍മ്മാണം നിലക്കുക ആയിരുന്നു. വിരുപണ്ണയുടേത് എന്ന് കരുതപ്പെടുന്ന രക്തം ഇപ്പോളും ആ ചുമരുകളില്‍ അവശേഷിക്കുന്നു.
പൂര്‍ത്തിയാകാത്ത ആ കല്യാണ മണ്ഡപവും അതിവിശേഷം തന്നെ. ചുറ്റിലും നിരന്നിരിക്കുന്ന തൂണുകളില്‍ പുറത്തേക്ക് ദര്‍ശനമായതില്‍ ശിവ പാര്‍വതിമാര്‍ ഏവരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉള്ളിലെ തൂണുകളില്‍ വിശിഷ്ഠ വെക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നു. രാജഋഷിമാരെയും ഭ്രഹ്മഋഷിമാരെയും ഇക്കൂട്ടത്തില്‍ കാണാം. കന്യാദാനവും, ശിവ പാര്‍വതിമാര്‍ കൈകോര്‍ത്ത് നില്‍ക്കുന്നതും എല്ലാം ഇതില്‍ ഉള്‍പെടുന്നു. പൂര്‍ത്തിയാകാത്ത നിര്‍മ്മാണം തന്നെ ഇത്ര എങ്കില്‍ അത് പൂര്‍ത്തിയാക്കിയിരുന്നു എങ്കില്‍ വര്‍ണ്ണനകള്‍ക്കും അപ്പുറം തന്നെ ആയിരിക്കും.
കല്യാണമണ്ഡപത്തോട് ചേര്‍ന്ന് തന്നെ ആണ് ലതാമണ്ഡപം, 38 തൂണുകളില്‍ 140 വെത്യസ്ത ഡിസൈനുകള്‍ കൊത്തി എടുത്ത നിര്‍മ്മാണം, ഇതില്‍ പലതും തന്നെ ആണ് പില്‍ക്കാലത്ത് വസ്ത്ര നിര്‍മ്മാണ രംഗത്ത് പുതിയ ഡിസൈനുകള്‍ ആയി വന്നതും വന്നുകൊണ്ടിരിക്കുന്നതും എന്നത് യാഥാര്‍ഥ്യം മാത്രം. അതിനരുകിലായി നിലത്ത് കൊത്തി വെച്ച വലിയ പാത്രങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ ശില്‍പ്പികള്‍ ഭക്ഷണത്തിനായി ഉപയോഗിച്ചവയാകാം എന്ന് കരുതപ്പെടുന്നു. ലതാമണ്ഡപത്തിന് അരികിലായി ആണ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠ, അതിന് മുമ്പിലായി സീതാദേവിയുടെ എന്ന് കരുതപ്പെടുന്ന ഒരു വലിയ കാല്‍പാതവും കാണാം. അത്ഭുതകരമാം വണ്ണം അതില്‍ നിന്നും ഒരു നീരുറവ പോലെ ഇപ്പോഴും ജലം പ്രവഹിക്കുന്നതും ഒരു അത്ഭുത കാഴ്ച തന്നെ..
ലതാമണ്ഡപത്തില്‍ നിന്നും അത്ര ദൂരെ അല്ലാതെയാണ് 5 മത് ശിവലിംഗ പ്രതിഷ്ഠ , താണ്ഡവേശ്വരനായി മഹാദേവന്‍ അവിടെ കുടിയിരിക്കുന്നു. ഇന്ന് ഇവിടം ആളൊഴിഞ്ഞുകിടക്കുന്നു , സഞ്ചാരികളും കുറച്ച് ദര്‍ശനം തേടി വരുന്ന ഭക്തരും മാത്രം, എങ്കിലും മഹാശിവരാത്രി നാളില്‍ ഇവിടം ഭക്തരാല്‍ നിറയും എന്നും അന്ന് ഭാഗവനെ ദര്‍ശിക്കുന്നത് ഒരു പുണ്യമായി ഏവരും കരുതുന്നു എന്നും വിശ്വസിക്കുന്നു.
നേരം വൈകുന്നെരത്തോട് അടുത്തിരിക്കുന്നു, വിശപ്പ് അറിയുന്നതേ ഇല്ല, അല്ലെങ്കില്‍ അന്നദാനപ്രഭുവിന്റെ സമക്ഷം എത്തിയപ്പോള്‍ അറിയാതെ വിശപ്പിനെ മറന്നതാകാം. കാഴ്ചകള്‍ കണ്ട് നടക്കാന്‍ ഒരു പുതിയ ഉണര്‍വ് പോലെ… ഇനിയും എത്ര എത്ര തവണ കണ്ടാലും മതിവരാത്ത ആ മണ്ണിനോട് ഞങ്ങള്‍ വിടപറയുമ്പോള്‍ മൌനരായിരുന്നു, പിന്നില്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ മൂല്യം നല്ലവണ്ണം അറിഞ്ഞിരുന്ന പോലെ…..
ഇനിയും ഈ മണ്ണില്‍ എത്തുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്തയില്‍ തിരകെ യാത്ര തുടങ്ങി……
Special Appearance : @anju rupesh