പറയുവാൻ ഉണ്ട് ഒരു കഥ. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു പ്രണയ കഥ. വർഷങ്ങൾ പഴക്കം ഉണ്ട് ഈ കഥക്കും കഥാപാത്രങ്ങൾക്കും, ഒരു പക്ഷെ എന്നോളമോ അവളോളമോ പഴക്കം. ജനിച്ചുവീണ മണ്ണിനോട് മനസ്സിൽ വെറുതെ തോന്നുന്ന ഒരിഷ്ടമല്ല അവിടത്തോട്. ഞാൻ ജീവിക്കുവാൻ കൊതിച്ച നാട്, അമ്പലവും ആൽത്തറയും, പുഴയും, മൈതാനവും ഒക്കെ ആ കഴിഞ്ഞ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. ഞാൻ പോലും അറിയാതെ എന്നിൽ അലിഞ്ഞ നാട്.
നന്നേ ചെറുപ്പത്തിൽ ബാല്യത്തിൽ എന്നോ കളിക്കൂട്ടുകാരിയോ അല്ലെങ്കിൽ ഒരു സുഹൃത്തോ ഒക്കെ ആയിരുന്ന ഒരാൾ തികച്ചും അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു കഥ.
പിന്നിട്ട നാൾവഴികളിൽ കിനാവ് കണ്ട ദിനങ്ങൾ ഇന്നും ഗതകാലസ്മരണകൾ ഉണർത്തുന്ന പലതും ആ നാട്ടിൽ അവശേഷിപ്പുകൾ ആകുന്നതാണ് അന്നാടിനെ പലപ്പോഴും ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്.
ഒരു കഥ തുടങ്ങുമ്പോൾ അത് അവസാനത്തിൽ നിന്ന് ആദ്യത്തോട്ട് ഒരു ഓർമ്മയിലൂടെ ഉള്ള സഞ്ചാരം ആകുമ്പോൾ ആസ്വാദനം യാഥാസ്ഥിതികമാകും. ഇന്ന് ഇപ്പോൾ അവിടെ ആണ് തുടങ്ങേണ്ടത്. മുമ്പിൽ മരണത്തെ മാത്രം പ്രതീക്ഷിച്ച് ആ ഓർമ്മകളുടെ ഭാണ്ഡം പേറി വേഗത്തിൽ കറങ്ങുന്ന ഫാനിലും വിയർത്തൊലിച്ച് കണ്ണുനീർ വാർത്ത് നിദ്രയെ പുണരാതെ ഞാൻ കിടക്കുന്നു.
മണിക്കൂറുകൾക്ക് മുമ്പ് അവൾ വിളിച്ചിരുന്നു, പതിവ് പോലെ വിശേഷങ്ങൾ തിരക്കി, ഇന്നിത്തിരി കടുപ്പത്തിൽ തന്നെ ആയിരുന്നു കാര്യങ്ങൾ, ഒരു തിരിച്ച് വരവ് എന്നും പ്രതീക്ഷയിൽ ഉള്ളത് കൊണ്ട് അത് ചോദിച്ചു. ഒരു മടക്കം ഇല്ല എന്നവൾ തറപ്പിച്ചു. ഇതിനപ്പുറം ഒരു ലോകം ഇല്ല എന്നാണ് എനിക്ക്, നീ വെറുതെ വാശി കാണിക്കുക ആണ്, ജീവിതത്തോട്…. അവൾ മുഴിമിപ്പിക്കാതെ പോയ വാക്കുകൾ എന്റെ സങ്കൽപ്പത്തിൽ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു, ചിന്തിച്ചുകൊണ്ടേ ഇരുന്നു. ഇടക്കിടെ വന്നു പോകുന്ന ഓർമ്മകളിൽ ആ കളിക്കൂട്ടുകാരി എന്റേത് മാത്രമായിരുന്നു.
അന്ന് നേരം പുലർന്ന് വരുന്നതെ ഉള്ളു, ബസ്സ് യാത്ര എന്നും ഉള്ളിൽ ഉള്ളതിനെ എല്ലാം പുറത്തിറക്കാൻ കഴിവുള്ള എന്തോ ഒന്നായിരുന്നു. ഓടി തുടങ്ങുമ്പോൾ പനി പിടിച്ച പോലെ ബസ്സിന്റെ ഇടക്കിടെ ഉള്ള ആ തുമ്മൽ അത് എന്നും എനിക്കൊരു പേടി സ്വപ്നം ആയിരുന്നു. അമ്മയുടെ മടിയിൽ തലവെച്ചു കിടക്കും, മുടി എപ്പോഴും മൂക്കിൽ തുമ്പിൽ ഉണ്ടാകും, എങ്കിലും ആ പട്ടണ നടുവിൽ ചെന്നിറങ്ങി, കുടിച്ച വെള്ളം ഉൾപ്പടെ റോഡിൽ ഉപേക്ഷിച്ചില്ല എങ്കിൽ മതിയാവില്ല. അവിടെ മുതൽ പ്രതീക്ഷ ആണ്, കൂട്ടുകാർ, കളികൾ, അമ്പലം ആൽമരം , അതിലെ വേരുകൾ ഇപ്പോഴും അതോരോ പേരുകളും നിറങ്ങളും ഉള്ള വാഹനങ്ങൾ ആണ്. കോണിപ്പാലം കയറി എത്തുമ്പോഴേ കേൾക്കാം ആർത്തുല്ലസിച്ച് അവധിക്കാലം ആഘോഷിക്കുന്ന പ്രിയ സൗഹൃദങ്ങളെ.
വീട്ടിൽ തനിച്ചിരിക്കുക ഒരു ബോറൻ പരുപാടി തന്നെ പക്ഷെ വേദനയും സന്തോഷവും നിറയ്ക്കുന്ന ഓർമ്മകൾ ഇടക്കിടെ ഇങ്ങനെ വിരുന്ന് വരുന്നത് ഒരു ആശ്വാസവും…
പ്രതീക്ഷിക്കുന്ന ആ അന്യ ലോകത്തെ നാടുവാഴി വരാതെ ഇരിക്കില്ല….
ഒരു കഥ തുടരും…