ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം – ഇതെല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടികുളങ്ങര കെട്ടുകാഴ്ചക്കു മാത്രമവകാശപ്പെടാവുന്ന സവിശേഷതയാണിത്. മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്. കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന കെട്ടുകാഴ്ചക്കുളള ഒരുക്കങ്ങള്‍ അവസാനിക്കുന്നതു ഭരണി നാളില്‍. ഈ ദിവസങ്ങളിലെ ആചാര വിശേഷങ്ങളാണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയെ വേറിട്ടു നിര്‍ത്തുന്നത്.
ഇതോടൊപ്പം നടക്കുന്ന കുത്തിയോട്ടം ഭക്തിരസ പ്രധാനമാണ്. നേര്‍ച്ചയായി നടത്തുന്ന കുത്തിയോട്ടം ഭക്തരുടെ ധൂര്‍ത്തും പ്രതാപവും പ്രകടിപ്പിക്കുന്ന ആചാരമായി മാറിയെന്നതാണ് നേര്.
ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകള്‍ തേരും കുതിരയും ഭീമനും ഹനുമാനുമടക്കമുള്ള കൂറ്റന്‍ കെട്ടുകാഴ്ചകളൊരുക്കി ദേവിക്കു സമര്‍പ്പിക്കുന്നതാണ് കെട്ടുകാഴ്ചയുടെ ആചാരം. അഞ്ചും ആറും നിലയുള്ള കെട്ടിടങ്ങളുടെ ഉയരത്തില്‍ മരച്ചട്ടങ്ങളില്‍ ഉണ്ടാക്കുന്ന എടുപ്പുകളാണ് തേരുകളും കുതിരകളും. ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവ ദാരു ശില്പങ്ങളാണ്. ഓരോ വര്‍ഷവും നടക്കുന്ന ഇവയുടെ കെട്ടിയൊരുക്കില്‍ പ്രകടമാവുന്നത് ദേശത്തിന്റെ കലാ പൈതൃകം സംരക്ഷിക്കുതില്‍ വലിപ്പച്ചെറുപ്പമില്ലാതെ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും കാര്‍ഷിക സംസ്‌കൃതി നില നിര്‍ത്താന്‍ ആചാര വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്കുമാണ്.
കുതിരമൂട്ടിലെ കൂട്ടായ്മ
തിരുവോണനാള്‍ കാലത്ത് മരപ്പടികള്‍ സൂക്ഷിപ്പു പുരകളില്‍ നിന്നു പുറത്തെടുക്കുന്നതു മുതല്‍ ഓണാട്ടുകര ഭരണി ഉത്സവത്തിലാവും. കെട്ടുകാഴ്ച ഒരുക്കുന്ന ഇടം കുതിരമൂടെന്നാണ് അറിയപ്പെടുക. ഉരുപ്പടികള്‍ പുറത്തെടുക്കുന്നതു മുതല്‍ ഭരണിനാള്‍ വരെ ദേശവാസികള്‍ മുഴുവന്‍ കുതിരമൂട്ടില്‍ കാണും.
കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറു പിന്നിട്ട കാരണവന്മാര്‍ വരെ ദേവിക്കു കാഴ്ചകള്‍ ഒരുക്കാന്‍ ഉത്സാഹിക്കുതു കാണാം. നാട്ടുകാര്‍ക്കു മുഴുവന്‍ ആഹാരവും കുതിരമൂട്ടില്‍ തന്നെ. കുതിരമൂട്ടില്‍ കഞ്ഞിയാണ് ഭക്ഷണം . കഞ്ഞിക്കു കറി അസ്ത്രം. പിന്നെ മുതിര പുഴുങ്ങിയത്, ഉണ്ണിയപ്പം, അവില്‍, പഴം എന്നിവയുമുണ്ടാവും.
അസ്ത്രം എന്ന കറി തന്നെ ഓണാട്ടുകരയുടെ തനതു വിഭവമാണ്. പറമ്പില്‍ കൃഷി ചെയ്യുന്ന ചേന, കാച്ചില്‍, ചേമ്പ്, കിഴങ്ങ്, കായ എിവയെല്ലാം ചേരുന്ന ഈ വിഭവം പോഷക സമൃദ്ധമെന്നാണ് വിദഗ്ധപക്ഷം. ദേവീ വിശ്വാസത്തിന്റെ പേരില്‍ കുതിരമൂട്ടില്‍ മൂന്നു നേരവും വെച്ചു വിളമ്പു കഞ്ഞി കുടിക്കാന്‍ ധനിക ദരിദ്ര ഭേദമില്ലാതെ എല്ലാവരുമെത്തും. മണ്ണില്‍ ചമ്രം പടഞ്ഞിരു് ഓലത്തടയില്‍ വാഴയിലക്കുമ്പിള്‍ കുത്തി അതില്‍ ചൂടുകഞ്ഞിയൊഴിച്ചു കുടിക്കുതാണ് ആചാരം.
അസ്ത്രത്തിനു വേണ്ട സാധനങ്ങള്‍ ഉല്പാദിപ്പിക്കാനായിട്ടെങ്കിലും നാട്ടില്‍ കൃഷി അന്യം നിന്നു പോകില്ല എന്നതാണിതിന്റെ ഗുണവശം. മാറി വരുന്ന ഭക്ഷണശീലങ്ങള്‍ക്കിടയിലും പഴയതിനെ പുത്തന്‍ തലമുറക്കു തനിമ നഷ്ടപ്പെടാതെ കൈമാറാനാവുന്നുവെതും നന്മയായി കാണണം. ഏറെ മുതിരക്കൃഷിയുണ്ടായിരുന്ന ഈ പ്രദേശത്തേക്ക് ഇപ്പോള്‍ മുതിര കൊണ്ടു വരുന്നതു തമിഴ്നാട്ടില്‍ നിന്നാണ്. നഷ്ടത്തിന്റെ പേരില്‍ മുതിരക്കൃഷി നിര്‍ത്തി.
ഒരാഴ്ച കൊണ്ട് ആകാശത്തോളം ഉയരത്തില്‍ കെട്ടിപ്പൊക്കുന്ന തിരുമുല്‍ക്കാഴ്ചയും കെട്ടിവലിച്ച് എള്ളിന്‍ വയലുകളിലൂടെ അമ്മയുടെ തിരുമുമ്പിലേക്കു നടത്തിയിരുന്ന യാത്രയുടെ തനിയാവര്‍ത്തനമാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഇന്ന് എള്ളിന്‍കണ്ടങ്ങളുമില്ല. നഷ്ടത്തിന്റെ പേരില്‍ എള്ളിന്‍കൃഷിയോടും ഓണാട്ടുകര വിട പറഞ്ഞു. വയലിലൂടെ വരുന്ന തേരും കുതിരകളുമിപ്പോള്‍ രണ്ടെണ്ണം മാത്രം.
കുംഭ ഭരണിനാളില്‍ ദേവിയുടെ 13 കരകളുടെ കെട്ടുകാഴ്ചകള്‍ വൈകീട്ടു നാലു മണിയോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിനു മുമ്പിലെ കാഴ്ചക്കണ്ടത്തില്‍ നിരത്തി നിര്‍ത്തുതാണ് കെട്ടുകാഴ്ച. ഓരോ കരയും ക്രമ പ്രകാരം മാത്രമേ കാഴ്ചക്കണ്ടത്തിലേക്കിറങ്ങാവൂ എന്നാണു കീഴ്വഴക്കം. ഒന്നാം കരക്കു ശേഷം രണ്ടാം കര ഇറങ്ങിയിട്ടേ മൂന്നാം കര ഇറങ്ങാന്‍ പാടുള്ളു എന്നാണ് ആചാരം .
കുത്തിയോട്ടം
കെട്ടു കാഴ്ചയോളം തന്നെ പ്രധാനമാണ് കുത്തിയോട്ടവും. ബാലന്മാരെ ദേവിക്കു ബലി നല്‍കുന്നുവെന്ന സങ്കല്‍പ്പമാണ് കുത്തിയോട്ടത്തിനു പിന്നില്‍. കുംഭത്തിലെ തിരുവോണത്തിനു വഴിപാടുകാര്‍ കുട്ടികളെ ദത്തെടുത്തു ക്ഷേത്രത്തില്‍ കുത്തിയോട്ട ആശന്മാരുമായി എത്തി ദര്‍ശനം നടത്തുതോടെ ചടങ്ങു തുടങ്ങും. അന്നുമുതല്‍ വഴിപാടു നടത്തുവരുടെ വീടുകളില്‍ പാട്ടും ചുവടുമായി കുത്തിയോട്ടം ആരംഭിക്കും. ഇത് അഞ്ചു നാള്‍ നീളും. അത്രയും ദിവസം മൂന്നു നേരവും ഈ വീടുകളില്‍ സദ്യ ഉണ്ടാവും. ആരു ആവശ്യപ്പെട്ടാലും ഭക്ഷണം നല്‍കണമെന്നാണ് ആചാരം. ചിലപ്പോള്‍ വേഷം മാറി ദേവി തന്റെ ഭക്തരെ പരീക്ഷിക്കാന്‍ എത്തുമൊണ് വിശ്വാസം. ഭരണിത്തലേന്നു സമൂഹസദ്യ.
ഉത്സവദിവസം രാവിലെ കുത്തിയോട്ട കുട്ടികളുമായി വന്‍ ഘോഷയാത്ര. വാദ്യമേളങ്ങള്‍, ആന, അമ്മന്‍കുടം. കരകാട്ടം എന്നു തുടങ്ങി ആര്‍ഭാടം വഴിപാടുകാരന്റെ ശക്തിക്കൊത്തു നടത്താം. ഇത് വഴിപാടുകാരന്റെ പണക്കൊഴുപ്പിന്റെ പ്രകടനമായിട്ടുണ്ടിപ്പോള്‍. അമ്പലനടയില്‍ കുത്തിയോട്ട ബാലന്മാരുടെ മുതുകില്‍ സ്വര്‍ണ്ണനൂല്‍ തുളച്ച് ചൂരല്‍ മുറിയല്‍ നടത്തുതോടെ കുത്തിയോട്ട ചടങ്ങു പൂര്‍ണ്ണമാകും. ഉച്ചക്കു ഭരണി സദ്യയുമുണ്ടാകും.ഉത്സവക്കാലത്ത് ഓണാട്ടുകരയിലെ വീടുകളിലൊന്നും ആഹാരം പാചകം ചെയ്യേണ്ട എന്നത് സ്ത്രീകള്‍ക്ക് അനുഗ്രഹമാണ്. ഹോട്ടലുകളില്‍ കച്ചവടമില്ലെന്നത് മറ്റൊരു പ്രശ്നം.
എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും പൈതൃക സംരക്ഷണത്തില്‍ ഇത്രയും നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന ഒരു ഉത്സവം കേരളത്തില്‍ വേറെയുണ്ടാവില്ല. അതു കൊണ്ടാണല്ലോ യുനെസ്‌കോയുടെ പൈതൃക ഉത്സവപ്പട്ടികയിലേക്ക് ഭാരതത്തിലെ ഒമ്പത് ഉത്സവങ്ങളിലൊന്നായി ഇതു സ്ഥാനം പിടിച്ചത്.