ആനക്കഥകള്‍

മംഗലാംകുന്ന് കര്‍ണ്ണന്‍ – Mangalamkunnu Karnan

ഒരു പക്ഷെ ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ തേരാളി ആയിരുന്ന് മാര്‍ഗ്ഗം അല്ല ലക്ഷ്യം ആണ് പ്രധാനം എന്ന് ഉപദേശിച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് ആയിരക്കണക്കിന് അമ്മമാര്‍ മക്കളോട് കണ്ടു പഠിക്കാന്‍ ഒരു ഉത്തമ പുരുഷനായി കര്‍ണ്ണനെ കല്‍പ്പിച്ച് ഉപദേശിക്കുമായിരുന്നെനെ… തോല്‍വികള്‍ എറ്റുവാങ്ങിയിട്ടും പല മനസ്സുകളിലും ഒരു ഉത്തമ പോരാളി ആയി ഇന്നും കര്‍ണ്ണന്‍ നിറം മങ്ങാതെ തിരയുന്നു എങ്കില്‍ അത് ആ മഹാരഥന്റെ വ്യക്തി പ്രഭാവം എന്നല്ലാതെ മറ്റെന്ത് പറയാന്‍. ഒരു പക്ഷെ വളര്‍ന്ന് വന്ന സാഹചര്യമോ അല്ലെങ്കില്‍ സ്വന്തമായി ഉണ്ടായിരുന്ന കഴിവുകളോ മറ്റാരുമായി തട്ടിച്ചു നോക്കുവാന്‍ പോലും സാധിക്കാത്തത് ആയിരുന്നിട്ട് കൂടെ ലോകം കണ്ട ഏറ്റവും വലിയ ഒരു ചരിത്ര യുദ്ധമായ കുരുക്ഷേത്ര ഭൂമിയില്‍ താരമായതും ആ കര്‍ണ്ണന്‍ തന്നെ.

കാലങ്ങള്‍ക്കിപ്പുറം സുര്യപുത്രന്‍ ആയ കര്‍ണ്ണന്റെ ചില സ്വഭാവ സവിശേഷതകളുമായി താരതമ്യം ചെയ്യാവുന്ന രീതിയില്‍ ഒരു ജന്മം ഉണ്ട്, അങ്ങ് വള്ളുവനാടന്‍ മണ്ണില്‍ കേരളക്കരയുടെ അഭിമാനമായ സാക്ഷാല്‍ മംഗലാംകുന്ന് കര്‍ണ്ണന്‍ തന്നെ അത്. ബീഹാറില്‍ എവിടെയോ ജനിച്ചതും ‌‍ഠാക്കൂര്‍ ആയി ജീവിച്ചതും പിന്നീട് മിനിശ്ശേരി ഹരി എന്ന ഒരു നിയോഗത്തിലൂടെ മലയാളി മണ്ണിലേക്ക് വന്നതും എല്ലാം ഓരോ കര്‍ണ്ണ ആരാധകനും കാണാപ്പാടം അറിയാവുന്ന ഒന്ന് തന്നെ എന്നതില്‍ സംശയം ഇല്ല.

നാളുകള്‍ അങ്ങനെ ആ ഹിന്ദിക്കാരനെ പാലക്കാടന്‍ മണ്ണില്‍ എത്തിച്ചു , കാലം ഏറെ കാത്തിരിക്കാതെ തന്നെ മലയാളക്കര മുഴുവന്‍ ആരാധിക്കുന്ന ഒരു ആനച്ചന്തമായി നമ്മുടെ കര്‍ണ്ണന്‍, ചെല്ലുന്നിടത്തെല്ലാം തന്‍റെ ചിട്ടയായ എഴുന്നള്ളിപ്പിലും നിലവ് എന്ന മാസ്മരികതയിലും ഇവന്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റി. പരപ്രേരണ കൂടാതെ എഴുന്നള്ളിപ്പുകളില്‍ മേള പെരുക്കങ്ങളുടെ താള വ്യത്യാസങ്ങള്‍ മനസ്സിലാക്കി ഉയര്‍ന്ന ശിരസ്സില്‍ തിടമ്പുമായി നില്‍ക്കുന്നത് കര്‍ണ്ണ ജീവിതത്തിലെ ചില അതിശയിപ്പിക്കുന്ന ഏടുകള്‍. .

ആരാധകര്‍ പലകുറി പലവട്ടം എണ്ണമറ്റ പട്ടങ്ങള്‍ നല്‍കി കര്‍ണ്ണനെ ആദരിച്ചിട്ടുണ്ടെങ്കിലും എന്നും ഏവരും ഓര്‍ക്കുക നിലവിന്‍റെ തമ്പുരാന്‍ എന്നത് ആകും. ആരുടേയും മനസ്സില്‍ തെല്ല് പോലും സംശയം തോന്നേണ്ടതില്ല നിലവെന്നത് അത് ഇതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കര്‍ണ്ണനെ പോലെ ചുരുക്കം ചിലരെ ഉള്ളു എന്നത് യാഥാര്‍ഥ്യം, ചിട്ടയായ പരിശീലനത്തിലൂടെ നേടി എടുക്കാം എന്ന് പറയുമ്പോഴും പാട്ട് എത്ര വേണേലും പഠിക്കാം പക്ഷെ ശബ്ദം നല്ലത് എന്നത് ജന്മനാ കിട്ടേണ്ടതല്ലേ എന്ന് ചോദിക്കുന്ന പോലെ ഉള്ളില്‍ ലയിച്ചു ചേര്‍ന്ന സ്വതസിദ്ധമായ ചില കഴിവുകള്‍ ആണ് കര്‍ണ്ണനെ നിലവിന്‍റെ തമ്പുരാന്‍ ആക്കുന്നത്.

13 വയസ്സില്‍ ഞാന്‍ ആദ്യമായി കര്‍ണ്ണനെ കണ്ടപ്പോള്‍ വാ പിളര്‍ന്ന് നോക്കി നിന്ന അതെ ആശ്ചര്യം തന്നെ ആണ് ഇന്നും കര്‍ണ്ണന്‍ എന്ന മഹാ വിസ്മയത്തെ കാണുമ്പൊള്‍ എനിക്കുള്ളത്. ഒരു പക്ഷെ പലരും കര്‍ണ്ണന്റെ നിലവിനെ പറ്റി തോരാതെ വര്‍ണ്ണിക്കുമ്പോള്‍ പല ലക്ഷണ കുറ്റങ്ങളും അടിവരയിട്ട് മുഴപ്പിച്ച് കാട്ടാറ് പതിവായി കാണുന്നു, എന്ത് കൊണ്ട് എന്ന് എനിക്ക് ഒരിക്കലും മനസ്സിലാകുന്നില്ല കാരണം, കര്‍ണ്ണന്‍ നിലവിന്‍റെ തമ്പുരാന്‍ എന്നത് പോലെ തന്നെ അഴകിന്റെയും തമ്പുരാന്‍ ആണ്, കാരണം അഴക്‌ എന്നത് നിലത്തിഴയുന്ന തുമ്പിയിലോ വീണെടുത്ത കൊമ്പുകളിലോ അടിച്ചാല്‍ കണ്ണ് മറയുന്ന ചെവികളോ മാത്രം ആണോ എന്നത് തീര്‍ത്തും ആലോചിക്കെണ്ടുന്ന കാര്യമാണ്. അങ്ങനെ ലക്ഷണ കണക്കുകള്‍ പറയുവാന്‍ തുടങ്ങിയാല്‍ പല നാട് വാഴികളും അല്ലെങ്കില്‍ ദേവ പ്രിയരും ഒരു പാസ്സ് മാര്‍ക്കിന് അപ്പുറത്തേക്ക് വാങ്ങില്ല എന്നത് കൂടെ നമ്മള്‍ ഓര്‍ക്കണം.

ഉയരക്കേമത്തം പറയുവാന്‍ ഇല്ലതെ തന്‍റേതായ കഴിവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് ഏതു ഉയരക്കാരോടും ഭയപ്പെടാതെ അവരുടെ നെറ്റിയില്‍ വിയര്‍പ്പിന്റെ തുള്ളികള്‍ ഇറ്റുവീണ് തുടങ്ങും വരെ മത്സര ബുദ്ധിയോടെ പോരാടുന്ന ഇവന്‍ തന്നെ ആണ് യഥാര്‍ത്ഥ യോദ്ധാവ്. ആനക്കമ്പക്കാര്‍ക്ക് ആപ്പുറം പാപ്പാന്‍‌ മാരുടെ നിയന്ത്രനങ്ങളോ വായ്ത്തരികളോ ഇല്ലതെ ആനകള്‍ തമ്മില്‍ യഥാര്ഥ മത്സരങ്ങള്‍ നടക്കുന്നിടത്തെല്ലാം ഇവന്‍ വിജയശ്രീലാളിതന്‍ ആയിട്ടുണ്ട്‌.

ഇതൊക്കെ ആണെങ്കിലും ഇത്ര വലിയ പോരാട്ട വീര്യം ഉള്ള ഇവന്‍ നന്നേ ശാന്ത സ്വഭാവനും ഭീരുവും ആണെന്നുള്ളത്‌ പരക്കെ സംസാരം ഉള്ള ഒരു കഥ തന്നെ. ആനക്കാരന്റെ സ്വരം ഒന്ന് മാറിയാലോ, ഉറക്കെ ഒന്ന് വായ്ത്താരി ആയാലോ, വടി ഒന്ന് ഓങ്ങിയാലോ ചിലപ്പോള്‍ ഒന്ന് കരയാന്‍ പോലും മടിയില്ല ഈ ഗജരാജ വിസ്മയത്തിന് എന്നത് പരസ്യമായ ഒരു രഹസ്യം ആണ്, പൊതുവില്‍ ചട്ടക്കരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇവന്‍ കെട്ടി അഴിക്കലിന്റെ വേളയില്‍ പോലും വലിയ ശിക്ഷണ നടപടികളോ ഒന്നും നേരിടാരില്ല എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാവുന്നതാണ് അവന്റെ സ്വഭാവ ഗുണം.

രാമരാജാവ് കലിതുള്ളി നാട് വിറപ്പിച്ച കാലത്ത് ഒരിക്കല്‍ ഒന്ന് ഉരസ്സിയതും സാക്ഷാല്‍ എക്കാലത്തെയും മികച്ച ആനക്കാരന്‍ ആയ കടുവാ വേലായുധന്‍ എന്ന വേലായുധേട്ടന്‍ ആപത്ത് കൂടാതെ ജീവന്‍ രക്ഷിച്ചതും എല്ലാം കര്‍ണ്ണ കഥകളായി കേട്ടവയില്‍ ചിലത്.

ഇടക്ക് കുറച്ചു കാലം ചില പ്രയാദിഖ്യമായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയുരുന്നു എങ്കിലും ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായി വീണ്ടും പൂര ഉത്സവങ്ങള്‍ക്ക് മിഴിവേകി സജീവ സാന്നിദ്യം ആകുകയാണ്.

വീണ്ടിന്റെ ഉമ്മരപ്പടിയിലെ ചാര് കസേരയില്‍ ഇരുന്ന് ജഗന്നാഥന്‍ പറയുന്നത് പോലെ നിങ്ങള്‍ മുന്ബോട്ടു പൊയ്ക്കോളൂ ഇനിയും ഒരു യുദ്ധത്തിന് തയ്യാറായി ഈ സുര്യ പുത്രന്‍ പിന്നില്‍ തന്നെ ഉണ്ട്. പ്രായത്തെ വെല്ലുന്ന ചടുലത, ഒരിക്കലും ആര്‍ക്കു മുന്ബിലും കുനിക്കാത്ത ശിരസ്സ്‌, നിമിഷങ്ങള്‍ മിനിറ്റ്കളിലെക്കോ മിനിട്ടുകള്‍ മണിക്കൂരുകളിലേക്കോ മാറിക്കൊള്ളട്ടെ ഈ ശിരസ്സ് താഴാതെ അങ്ങനെ തന്നെ ഉണ്ടാകും, തുമ്പി വളച്ചും വട്ടം പൊക്കിയും ഒന്ന് നിലവെത്തിക്കാന്‍ പെടാപ്പാട് പെടുന്ന പുതിയ തലമുറക്കാരുടെ കൂടെ ചിലപ്പോള്‍ എങ്കിലും ഒറ്റനിലവിന്‍റെ ഇന്‍ട്രോ ക്ലാസ്സ്‌ പോലെ ഇവന്‍ ചെല്ലാറുണ്ട്‌, അതൊക്കെ കാണുന്നവര്‍ക്ക് ഒരു മത്സരം ആയി തോന്നാം എങ്കിലും കര്‍ണ്ണന്‍ ഇപ്പോളും പറയുന്നുടാകും , “ഇതല്ല ഇതിനപ്പുറം ചാടി കടന്നവന്‍ ആണീ കര്‍ണ്ണന്‍ എന്ന്”…

കര്‍ണ്ണാ നിന്നില്‍ വിശ്വാസമാണ് ഇനിയും ഇനിയും വിജയങ്ങളുടെ മാത്രം കഥകള്‍ പറയുവാന്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രര്ധിക്കുന്നു..

മത്സര മാറ്റുരക്കലില്‍ നേടുന്ന ഒരു വിജയത്തിനപ്പുറം ഞങ്ങള്‍ ആരാധകര്‍ എന്നും ആഗ്രഹിക്കുന്നത് നീ എന്ന ഇതിഹാസതാരം അത് ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുവാന്‍ തന്നെ…..

പ്രായത്തെ വെല്ലുന്ന നിന്‍റെ ചടുല താളങ്ങള്‍ ഞങ്ങള്‍ പലകുറി കണ്ടത് തന്നെ…..

എന്നും ആയുരാരോഗ്യവാനായി നാടുവാഴാന്‍ പ്രാര്‍ഥനകള്‍

നിലവിന്‍റെ തമ്പുരാന് മാതംഗമാണിക്യം ശ്രീ മംഗലാംകുന്ന് കര്‍ണ്ണന് കോടി പ്രണാമങ്ങള്‍…

Related posts

കീഴൂട്ട് വിശ്വനാഥൻ – Kezhoottu Viswanadhan

rahulvallappura

കുട്ടംകുളങ്ങര അർജ്ജുനൻ – Kuttankulangara Arjunan

rahulvallappura

ആനപ്രമ്പാല്‍ അയ്യപ്പന്‍ – Anaprambal Ayyappan

rahulvallappura