കവിതകൾ

Aaru Njanakanam- Dr. Saji K Perambra ആരു ഞാനാകണം- ഡോ. സജി കെ പേരാമ്പ്രാ

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…
ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…
ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…
വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…
വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..
മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…
വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…
ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…
ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…
വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…
അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…
അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…
അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെയൊരുനല്ല മകനാവുക!
ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!

 

Aaru Njanakanam- Dr. Saji K Perambra ആരു ഞാനാകണം- ഡോ. സജി കെ പേരാമ്പ്രാ Malayalam Kavitha Lyrics

Related posts

Aathmarahasyam – Changampuzha Krishna Pillai ആത്മരഹസ്യം – ചങ്ങമ്പുഴ കൃഷ്ണപിള്ള

rahulvallappura

നാറാണത്തു ഭ്രാന്തൻ – മധുസൂദനൻ നായര്‍

rahulvallappura

Aalayal Thara Venam- Kavalam Narayana Panicker- ആലായാല്‍ തറ വേണം-കാവാലം നാരായണ പണിക്കർ

rahulvallappura