ഇഷ്ടങ്ങൾക്കായി ഏതോ നാട്ടിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ അവൻ പിന്നീട് പലപ്പോഴും കഴിഞ്ഞകാലത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. പഠനകാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഏതൊരാളെയും പോലെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നിരുന്നു അവനും. ആ ചിരിക്കിടയിൽ ഒളിച്ചിരുന്നു പുച്ഛവും ദേഷ്യവും എല്ലാം ആ മുഖത്ത് പ്രകടമാണ്..
അറിവില്ലാത്ത കാലം അവനോട് ‘അമ്മ ചോദിച്ചു എവിടേക്കോ പോകണോ എന്ന്, അവിടം അവൻ കണ്ടിട്ടേ ഇല്ല, അല്ല ഓർമ്മകളിൽ എങ്ങും ഉണ്ടായിരുന്നില്ല, അവിടേക്ക് ഒരു വിരുന്ന് പോക്കല്ലേ ! ആയിക്കളയാം എന്നായി അവൻ.
അവിടെ എത്തി ദിവസങ്ങൾ കടന്നു പോയി , ഇവിടെ പഠനം തുടരാം എന്ന നിർദേശം സ്വീകരിച്ച് അവിടെ ഒരു സ്കൂളിൽ ചേർന്നു. കുറച്ച് ദിവസത്തേക്കല്ലേ ആകാം എന്നായി അവനും. ദിവസങ്ങൾ മാസങ്ങൾ ആകുമ്പോൾ ഉമ്മറപ്പടിയിൽ അവൻ കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.
അന്നൊക്കെ ചുമന്ന നിറമുള്ള അക്കങ്ങൾക്ക് മുകളിൽ വട്ടം ചുറ്റുന്ന വലിയ ടെലിഫോണിൽ നീളൻ ബെല്ല് മുഴങ്ങുമ്പോൾ എല്ലാം മറന്ന് ഓടി അരുകിൽ വന്ന് നിൽക്കും, അമ്മയുടെ ശബ്ദം അതിലൂടെ എങ്കിലും എന്നോർത്ത്.. നിരാശകൾ ആണ് പലപ്പോഴും ജീവിതത്തെ വാശിയോടെയോ മത്സരബുദ്ധിയോടെയോ ഒക്കെ കാണാൻ ഒരാളെ പ്രേരിപ്പിക്കുക.
ഉറങ്ങാത്ത രാത്രികളിൽ ആരും കേൾക്കാതിരിക്കുവാൻ കൈകൾ വായിൽ അമർത്തി കരഞ്ഞു തീർത്തതും ആ അമ്മയെ കുറിച്ചോർത്താണ് , ശരീരത്തിന്റെ വേദന മനസ്സിലെ ദുഃഖങ്ങളെ കുറക്കും എന്ന് അവൻ അറിഞ്ഞു തുടങ്ങിയ നാളുകൾ,
കാലം പലത് കടന്നു പോയി, ജീവിതത്തിൽ പലതും സംഭവിച്ചു, പക്ഷെ അന്നും ഇന്നും അവൻ ഏകനായി രാത്രികളോട് തന്റെ കണ്ണുനീരിൽ നനഞ്ഞ കവിൽത്തടവുമായി ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ച് കൊണ്ടേ ഇരിക്കുന്നു.
“നിങ്ങൾക്കറിയുവോളം എന്നെ അറിഞ്ഞവർ ആരുമില്ല , എങ്കിൽ പറയൂ ജീവിതത്തിൽ ഞാൻ ചെയ്ത തെറ്റെന്ത്. ! .. ”
അവൻ എന്നോ ഒരിക്കൽ വിരുന്നു വരുന്ന മരണത്തെ കുറിച്ച് കിനാവ് കണ്ടു കൊണ്ടേ ഇരുന്നു.. ഇന്നല്ലെങ്കിൽ നാളെ വരും എന്ന് പ്രതീക്ഷിച്ച് …..