അന്ന് വരെ ഇല്ലാത്ത ഒരു അങ്കലാപ്പിൽ ആയിരുന്നു ആ ദിനം തുടങ്ങിയത്. മനസ്സിന്റെ ഭാരം കുറയ്ക്കാൻ തലേന്ന് എന്തിനെ ഒക്കെയോ ജീവിതത്തിൽ നിന്ന് പടിയിറക്കി വിട്ടു എന്നൊരു ചിന്തയിൽ ആണ് ഉണർന്നത് തന്നെ. പ്രതിബിംബം നോക്കി പതിവില്ലാതെ കണ്ണാടിക്കു മുമ്പിൽ കുറെ നേരം നിശ്ചലമായി നിന്നു. ചിരി മുഖത്ത് നിന്ന് മാഞ്ഞിരിക്കുന്നു. സന്തോഷം ഈ വളർന്നിറങ്ങിയ താടി രോമങ്ങൾക്കിടയിൽ എവിടെയോ ഒളിച്ചിരിക്കുന്നു എന്ന വിശ്വാസത്തിൽ കുറെ അന്വേഷിച്ചു. ഒടുവിൽ അന്വേഷണം മതിയാക്കി മുഖം കഴുകുമ്പോൾ വാഷ് ബേസിനിൽ കിടന്ന് രോമങ്ങൾ വിരഹ വേദനയോടെ തേങ്ങിയിരുന്നു….