രാത്രിയാകുന്നു .
എകാകികള്‍ ഉണരുന്നു .
ഉന്മാദികളുടെ തരിശുപാടം
പാട്ടത്തിന് എടുത്ത്
അവര്‍ വിഷാദത്തിന്‍റെ വിത്തുപാകുന്നു .
പാടവരമ്പാകെയും കുത്തിയിരുന്ന്
ഒരു കൂട്ടം മിന്നാമിനുങ്ങുകള്‍
കതിരെടുക്കാന്‍ കാക്കുന്ന
പകല്‍പക്ഷികളെ പറഞ്ഞയക്കുന്നു .
നിലാവും മഞ്ഞും നക്ഷത്രങ്ങളും കൂടി
ഉറക്കത്തിന്‍റെ കളപറിക്കുന്നു .
പാതിവരെ എത്തിയ ഭ്രാന്തന്‍ മഴ
ചിരിച്ചുകൊണ്ട് തിരിച്ചുപോകുന്നു .
ഒരൊറ്റമൂങ്ങയുടെ കൂട്ടില്‍നിന്ന്
ഒരു കൊയ്ത്തുപാട്ടൊഴുകിയെത്തുന്നു .
തൂങ്ങിമരിച്ച ഒരു സ്വപ്നത്തിന്‍റെ ആത്മാവ്
അതിനു താളം പിടിക്കുന്നു .
ഒച്ച കേട്ട് പകല്‍പക്ഷികള്‍ ഉണരുന്നു .
പകലാകുന്നു .
എകാകികള്‍ ഉറങ്ങുന്നു .