അന്നൊരു പ്രഭാതം , മാനത്ത് പഠ പഠ പഠേ എന്ന് സൂര്യൻ ഉദിച്ച് വരുന്നു . അന്നൊക്കെ വീടിൻറെ ഒരറ്റത്ത് ഉള്ള കിഴക്കേ മുറിയിലാണ് ഉറക്കം ! സ്വന്തമായി ഒരു മുറി അതിൽ ഒരു ലോകം അതൊക്കെ മറ്റുള്ളവർ പറഞ്ഞുള്ള അറിവാണ് , സ്വന്തമായി ഒരു വീട് എന്നതിനുള്ളിൽ അങ്ങനെ ഒന്നുണ്ടാകും എന്നത് പ്രതീക്ഷയും. വീടിൻറെ ഇങ്ങേ അറ്റം എന്ന് പറയുമ്പോൾ നല്ല നീളത്തിൽ ആണ് വീടിൻറെ ഒരു പ്രകൃതി. ആ മുറിക്കൊരു പ്രത്യേകത ഉണ്ട് , പകലും രാത്രിയും എല്ലാം ആ മുറിയിൽ ഒരുപോലെ ആണ് , ഇപ്പോഴും ഇരുട്ട് , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ കത്തി ജ്വലിച്ച് അല്ല സാംബ്രാണി ത്തിരി പോലെ എരിഞ്ഞു നിക്കുന്ന ഫിലമെന്റ് , അങ്ങനെ ഉറങ്ങാൻ ഇത്ര നല്ല ഒരിടം ജീവിതത്തിൽ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്നതൊക്കെ ഓർത്ത് കിടക്കുമ്പോൾ കേട്ടു അമ്മയുടെ വിളി .
സമയം ഏഴരയായിട്ട് ഉണ്ടാകും . ഇപ്പോഴും മനസ്സിലാകാത്ത ഒന്നുണ്ട് എന്നും ‘അമ്മ എട്ടായി എന്ന് പറഞ്ഞു വിളിച്ചാലും കുറച്ച് നേരം കൂടി കേൾക്കാത്ത മട്ടിൽ കിടന്ന് എഴുനേറ്റ് ചെന്ന് ക്ലോക്കിൽ നോക്കുമ്പോൾ സമയം ഏഴര ആയിട്ടേ ഉണ്ടാകൂ . ബ്രഷ് ഒന്ന് തപ്പും എന്നും അത് കണ്ടുപിടിക്കാൻ സമയം എടുത്തിരുന്നു എന്നത് സത്യമാണ്. ഒടുവിൽ ചൂണ്ടുവിരൽ ബ്രഷ് ആക്കി മുറ്റത്ത് കൂടി ഒന്ന് വലം വെച്ച് നടക്കും. പുൽനാമ്പുകളിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളിൽ മുഖം നോക്കിയും ആധികാരികമായി പത്രവായനയിൽ മുഴുകുന്ന അച്ഛനോട് , കനത്തിൽ ലോക കാര്യങ്ങൾ അന്വേഷിച്ചും അങ്ങനെ നടക്കും. ഇടയിൽ കുട്ടനും അമ്മുവും കഥകൾ എന്തെങ്കിലും പറഞ്ഞാൽ അതുമായി നിൽക്കും .
‘അമ്മ വീണ്ടും എന്നെ വെറുതെ വിടാൻ ഉള്ള ഉദ്ദേശം ഇല്ല ! സമയം വൈകിയിട്ടൊന്നും ഇല്ല എങ്കിലും വഴക്ക് കേട്ട് മടുക്കുമ്പോൾ കിണറ്റിൻ കരയിലേക്ക് ഓടും വെള്ളം കോരി ഒരു കുളിയും പാസാക്കി നേരെ കണ്ണാടിക്ക് മുമ്പിൽ പണ്ടേ ഈ മുടി ഒക്കെ ചീകി ഒരുക്കി നടക്കാൻ വലിയ ഇഷ്ടം ആയിരുന്നു . അങ്ങനെ ഏതാണ്ട് സമയം 8.45 നോട് അടുക്കുമ്പോൾ ഓടി അടുക്കളയിൽ എത്തും ഉച്ചക്ക് കഴിക്കുവാൻ ‘അമ്മ തൈര് കുഴച്ച് ചോറ് പാത്രത്തിൽ എടുത്തിട്ടുണ്ടാകും , എടുത്തതിന്റെ ബാക്കിയായി പാത്രത്തിൽ ഉള്ളത് കഴിച്ച് വീടിൻറെ പടിഞ്ഞാറേ തിണ്ണയിൽ വന്നിരിക്കും . അപ്പുറത്തെ വീട്ടിലെ ബേബിച്ചായൻ ആണ് സ്കൂളിൽ പോകാൻ കൂട്ട് . ഇന്നദ്ദേഹം ഈ ലോകത്ത് ഇല്ല എങ്കിലും , എക്കാലത്തെയും എൻറെ മികച്ച കൂട്ടുകാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം . പ്രായം സൗഹൃദത്തിന് വിലങ്ങുതടി അല്ല എന്ന് മനസ്സിലാക്കിയ കാലം. ഒരു പക്ഷെ ദൂരവും വേഗവും കൈവരിക്കാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹം ആയിരിക്കും . കിലോമീറ്ററുകൾ താണ്ടി അദ്ദേഹം ജോലിസ്ഥലത്ത് എത്തുന്നത് എന്നും എനിക്ക് ആവേശം നൽകിയിരുന്നു . നടപ്പിലെ വേഗത പലപ്പോഴും അന്നത്തെ ശീലം തന്നെ ! ഒൻപത് ആകുന്നതിനെ മുമ്പേ സ്കൂൾ എത്തും .
ഗേറ്റിന് മുമ്പിൽ സ്കൂൾ തുറക്കാൻ കുറെ നേരം കാത്ത് നിൽക്കും. നമ്മുടെ ബന്ധു കൂടി ആയ ചേട്ടൻ വന്ന് സ്കൂൾ തുറക്കണം ഉള്ളിൽ കയറാൻ അത് വരെ വഴിവക്കിൽ നിന്ന് വരുന്നവരെ അത്രേം പുഞ്ചിരി തൂകി ഒരു വഴിക്കാക്കി അങ്ങനെ നിൽക്കും.