സ്നേഹം , അനിർവ്വചനീയം എന്നതിൽ കവിഞ്ഞ് എന്ത് പറയും എന്നത് ഇനിയും അറിയാത്ത സത്യം. ഒരിക്കൽ എന്നോ തേടി വരില്ല എന്ന് കരുതി നിഴലുകളോട് , പരിഭവിച്ച കാലം , തികച്ചും യാതൃശ്ചികമായി കടന്നു വന്നു , സ്നേഹം എന്ന ആ അനിർവ്വചനീയ സൗകുമാര്യത എന്നിൽ അനുഭവേദ്യമാക്കി . ഒരു ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടു പോകുന്നു , അത്രനാൾ മനസ്സിൽ അറിയാത്ത ഒന്നിനെ നിർവചിക്കാൻ കഴിയാത്തതിനാൽ ആ വിധം പറഞ്ഞു എങ്കിൽ ശേഷം, അനുഭവങ്ങളിൽ നിന്നും വാക്കുകളാൽ എങ്ങനെ അതിനെ നിർവചിക്കും എന്ന് അറിയാതെയായി .
എല്ലാവര്ക്കും കഴിയുന്ന ഒന്നല്ല , എങ്കിലും ആരാലും കഴിയാത്തതും അല്ല , പ്രണയം ഇതിൽ നിന്ന് എന്നും വ്യത്യസ്തമാണ് , നീ എന്നോട് എങ്ങനെ ആയിരിക്കണം എന്നത് ഞാൻ അഭിനയിച്ച് കാണിക്കുന്നതാണ് എനിക്ക് നിന്നോടുള്ള പ്രണയം എന്ന് , പണ്ടേ തിരിച്ചറിഞ്ഞതാണ്. പ്രണയത്തിനപ്പുറം സ്നേഹം എന്നതിന് ഒരു തലമുണ്ട് , കാറ്റിനെയും മഴയേയും പുഴയേയും ഒക്കെ സ്നേഹിക്കുന്നവരും പ്രണയിക്കുന്നവരും ഉണ്ട് , സ്നേഹത്തിൽ പ്രണയത്തേക്കാൾ കരുതലും, സംരക്ഷണവും എന്നും കൂടുതൽ ആയിരിക്കും എന്നത് സത്യമാണ് .
എനിക്ക് നിന്നോട് പ്രണയമാണ് എന്നതിനേക്കാൾ ഏത്രയോ മഹത്തരമാണ് , ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു എന്നത് . പ്രണയം നിസ്വാർത്ഥമാണെന്ന് പറയുക അസാധ്യമാണ് , എന്നാൽ സ്നേഹം നിസ്വാർത്ഥവും അനശ്വരവും ആണ് . അനശ്വര പ്രണയങ്ങൾ ഉണ്ടാവുകയില്ല എന്നല്ല , ഉണ്ടാകണം എങ്കിൽ അതിൽ സ്നേഹം എന്നത് ഉണ്ടായിരിക്കുക തന്നെ വേണം .
സ്നേഹം എന്നും മനസ്സുകൾ ആഗ്രഹിക്കുന്നത് അതാണ് , അതിൽ അന്തർലീനമാകുന്ന ഒരു ചെറിയ അംശം മാത്രമാണ് പ്രണയം ….
