ആഗ്രഹവും സ്വപ്നങ്ങളും ആണ് ജീവിതം എന്ന് ഘോര ഘോരം പ്രസംഗിച്ച് നടക്കും എങ്കിലും ജീവിതം എന്നും അതിന് തോന്നിയ വഴിയിലൂടെ മാത്രമേ പോകൂ .
കുറച്ച് പഴക്കമുണ്ട് അന്നൊരു ബാലായിരുന്നു . ജീവിതത്തിൽ എപ്പോഴും ചിരിയും സന്തോഷവും ഒക്കെ കിനാവ് കണ്ടു നടന്ന ഒരു ബാലൻ . അവന് പ്രായം നന്നേ ചെറുപ്പം ആയിരുന്നപ്പോൾ എന്ന് പറയുമ്പോൾ 12 വയസ്സിൽ അവന് മനസ്സിൽ താളപ്പിഴകൾ സംഭവിച്ച് തുടങ്ങിയതാണ് ! ആദ്യം ആദ്യം ഇന്നല്ലെങ്കിൽ നാളെ ഇതെല്ലം അവസാനിക്കും എന്ന് വെറുതെ സമാധാനിച്ചു . ബാല പീഡനങ്ങൾ ഇന്ന് വലിയ കുറ്റവും തെറ്റും ഒക്കെ ആണെങ്കിലും കാലം ഇതായിരുന്നില്ല .
അങ്ങനെ അവൻ ബാല്യത്തിനോട് മല്ലടിച്ച് എങ്ങനെയോ വളർന്നു . ഇന്നും ചില ഉറക്കമില്ലാത്ത രാത്രികളിൽ അന്ന് കൈകളിൽ മനസ്സിൻറെ വേദനകൾ മറക്കാൻ അവൻ വരച്ച് കൂട്ടിയ ചോര ചിത്രങ്ങൾ അവൻറെ കണ്ണുകളിൽ ഒരു പേടിപ്പിക്കുന്ന ഓർമ്മയായി കടന്ന് വരാറുണ്ട്. മനസ്സിനെ ആദ്യമായി അവന് തൻറെ ചൊൽപ്പടിയിൽ നിർത്താൻ കഴിയാതെ പോയ നാളുകൾ . അടിത്തറ പണുതത്തിൽ വന്ന കുഴപ്പങ്ങൾ തുടർന്നും നിഴലിക്കും എന്നത് പോലെ ജീവിതം ഓരോ തവണയും ആ കാലത്തെ ഓർമ്മപ്പെടുത്തുന്നവ തന്നെ ആയി നിന്നു .
അന്നൊക്കെ ഓരോ രാത്രികളും അച്ഛനെയോ അമ്മയെയോ മറ്റാരെ എങ്കിലും ഒക്കെയോ ഒന്ന് കാണുവാൻ ആ വാക്കുകൾ ഒന്ന് കേൾക്കുവാൻ , ഈ ദുരിതങ്ങളിൽ നിന്ന് രക്ഷപെടുത്തുവാൻ ആരോ വരും എന്ന് ഓർത്ത് ശബ്ദം പുറമെ കേൾക്കാതെ വായ കൈകൾ കൊണ്ട് പൊത്തി പിടിച്ച് കരഞ്ഞിരുന്നു . അതൊക്കെ മനസ്സിൽ ആഴത്തിൽ മുറിവുകൾ ഏൽപ്പിച്ചവ ആയിരുന്നു എന്ന് പിന്നീടും ജീവിതം അവന് മുൻപിൽ വരച്ചു കാട്ടി .
പിന്നീട് കാലം കുറെ കഴിഞ്ഞു പലതിൽ നിന്നും പൂർണ്ണ മോചനം അല്ല എങ്കിലും താൽക്കാലികമായി എങ്കിലും മറവിക്ക് അവയെയെല്ലാം ദാനം നൽകിയിട്ട് . തുടർന്ന് ഉണ്ടായ ഒരു പ്രണയത്തിൽ പെട്ട് ജീവിതം വളരെ സന്തോഷത്തിൽ എത്തുന്നു എന്ന് തോന്നി . കാരണങ്ങൾ പലത് പറഞ്ഞുകൊണ്ട് ഒഴിവാകുമ്പോൾ മനസ്സിൽ ഇന്നും വേദനകൾ നിറയുകയാണ് .
കുറെ നാളത്തെ ഏകാന്ത വാസത്തിന് ശേഷം മനസ്സിനെ മാറ്റ് പല മേഖലകളിലേക്കും വഴിതിരിച്ച് വിട്ട് ജീവിതത്തെ തിരിച്ച് പിടിക്കാൻ ശ്രമം നടത്തി . ഒരു കുടുംബ ജീവിതത്തെ കുറിച്ചൊക്കെ സ്വപ്നം കണ്ടതാകാം ഒരു പെൺകുട്ടിയോട് അടുപ്പത്തിൽ ആകുകയും അവളെ മനസ്സിൽ വെച്ചാരാധന നടത്തുകയും ചെയ്തത് .
കാലം അങ്ങനെ കടന്ന് പോയി, ഒരിക്കൽ വളരെ യാതൃശ്ചികമായി ആ പെൺകുട്ടിയോട് മനസ്സിലെ ഇഷ്ടം തുറന്ന് പറയാൻ അവൻ ശ്രമിച്ചതും തുടർന്ന് അവൾ അവനെ സ്വന്തം വേദനകൾ മറന്ന് പലതും അവനെ അറിയിക്കാതെ , ഒരു കൊച്ചുകുട്ടിയെ ലോകത്തിലെ ഒരു ദുഖവും വിഷമവും അറിയിക്കാതെ ഒരമ്മ വളർത്തുന്ന പോലെ കൈക്കുമ്പിളിൽ കൊണ്ട് നടന്നു .
ഇടക്കൊക്കെ അവൻ തന്നെ ‘അമ്മ എന്ന് വിളിക്കാൻ ആഗ്രഹിച്ചിട്ടും ഉണ്ട് . പ്രാർത്ഥനകളും വിശ്വാസങ്ങളും ഒക്കെ മനസ്സിൽ നിറഞ്ഞു ഇന്നല്ലെങ്കിൽ നാളെ അവൾക്കൊപ്പം ഒരു ജീവിതം എന്ന് അവൻ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു . പൊടുന്നനെ ഉണ്ടായ ചില സാഹചര്യങ്ങളിൽ കഥ ആകെ മാറി മറിഞ്ഞു . തകർന്ന് പോയേക്കാമായിരുന്ന അവനെ അവൾ ഒരു കൈത്താങ്ങായി നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിച്ചു .
ആ ബന്ധം വളരുമ്പോൾ പലപ്പോഴും ഇരുവർക്കും ഒരുനാൾ വേദനയുടെ പർവ്വം പേറി ഉറങ്ങാത്ത രാത്രികളിൽ കണ്ണുനീർ വാർക്കേണ്ടി വരും എന്നത് തീർച്ച ആയിരുന്നതും ആണ് . ദുഃഖത്തിന്റെ ആഴക്കങ്ങളിലേക്ക് അവൻ ഊളിയിട്ടു , തിരികെ വന്നത് ഒരു പവിഴപ്പുറ്റുമായി …
മനോഹരമായ ആ പവിഴപ്പുറ്റിൽ അവൻ ഇതിനുള്ള പരിഹാരം കണ്ടു , വാശി എന്നത് എല്ലാറ്റിനും ഒരു പരിഹാരമായി . പണം കയ്യിൽ ഇരിക്കുന്നവന്റെ അഹങ്കാരം എന്ന് വരെ മുദ്ര കുത്തുന്നിടത്തേക്ക് കാര്യങ്ങൾ പോയി, 50 പൈസക്കും ഒരു രൂപയ്ക്കും വേണ്ടി കിലോമീറ്ററുകൾ താണ്ടിയതും ഒക്കെ ഇന്നും ജീവിതത്തിൽ അങ്ങനെ തന്നെ നിൽക്കുന്നു . ആവശ്യങ്ങളും , സ്വന്തം ഭക്ഷണങ്ങൾ പോലും ഒഴിവാക്കി അവൻ ഉറുമ്പുകൾ സംഭരിക്കുന്ന പോലെ തേടി വെച്ച ഓരോന്നും കൂട്ടി വെച്ച് സന്തോഷത്തിന് എന്തെങ്കിലും നൽകുമ്പോൾ കേൾക്കേണ്ടി വന്നത് പലതും അവനെ തളർത്തിയിരുന്നു .
ഒടുവിൽ അവൻ ദുഖത്തിന്റെ പിരിമുറുക്കങ്ങളിൽ ഒന്നിൽ ഇത്തിരി വാശിയോടെ സ്വന്തമാവാത്ത പലതിനെയും സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ ഏകനായി ..
ഇന്നലെകളിലേക്ക് അവൻ ഇന്നും ചെന്നെത്തുമ്പോൾ ജീവിതം ഒരു വിചിത്രമായ ചോദ്യചിഹ്നമായി അങ്ങനെ നിലകൊള്ളുന്നു . തിരികെ വരാൻ തോന്നിയാൽ വരണം കാരണം അവൻ അന്നും ഇന്നും ഒറ്റക്കാണ് . നീ ഇല്ലാതെ മറ്റൊന്നും അവന് അറിയില്ല….