ആനക്കഥകള്‍

Ezhuthachan sreenivasan – എഴുത്തച്ഛന്‍ ശ്രീനിവാസന്‍

എഴുതുന്ന വാക്കുകളില്‍ തെല്ല് ആത്മവിശ്വാസക്കുറവ് തോന്നിയിട്ടുള്ളത് പലപ്പോഴും ശ്രീനിയെ കുറിച്ച് എഴുതുമ്പോള്‍ ആണ്. പലകുറി തുടങ്ങി വച്ചിട്ടും ഒരിക്കലും മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ഒന്ന് കാരണം പലപ്പോഴും വാക്കുകള്‍ വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോകുകയോ അല്ലെങ്കില്‍ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഞാന്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞ് ദുഃഖം ദേഷ്യമായി മാറി പലപ്പോഴും എഴുതിയവ അത്രയും നശിപ്പിച്ച് കളഞ്ഞിട്ടും ഉണ്ടാകും. മനസ്സില്‍ ദേവ തുല്യമായി കണ്ട എന്‍റെ മനസ്സിലെ വൈഷ്ണവ അംശമായ ശ്രീനിവാസന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരവോടെ പ്രണമിക്കുന്നു.

പൊതുവില്‍ ബീഹാറി എന്ന് പറയും എങ്കിലും ഉത്തര്‍പ്രദേശ്‌ – മധ്യപ്രദേശ് അവിടെവിടെയോ ജനനം. മനുഷ്യന്‍ തീര്‍ത്ത ചതിക്കുഴിയില്‍ യൌവന പ്രസരിപ്പില്‍ ഓടി നടന്ന കാലത്തില്‍ ഒന്ന് കാലിടറി. ഇടരിയത് സ്വതന്ത്രത്തില്‍ നിന്നും നിത്യ ബന്ധനത്തിലേക്ക് ആയിരുന്നു. സോന്‍പൂര്‍ മേളയില്‍ നിന്നാകണം ഷേണായി ഗ്രൂപ്പ്‌ ഇവനെ മലയാളി മണ്ണിലേക്ക് എത്തിച്ചത്. വരുന്ന കാലത്തില്‍ തന്നെ കണ്ടാല്‍ ആരെയും മയക്കുന്ന ഭംഗിയും സഹ്യ പുത്രന്മാര്‍ പോലും പുത്രിമാരുടെ കണ്ണുകള്‍ അവനില്‍ നിന്നകറ്റാന്‍ പാട് പെട്ടിട്ടുണ്ടാകണം എന്ന് പറഞ്ഞാല്‍ തര്‍ക്കിക്കേണ്ട, അഴകില്‍ ഏത് സഹ്യനെയും വെല്ലുവാന്‍ പോന്ന ഒരു ഉത്തമ ബീഹാറി ചന്തം തന്നെ ആയിരുന്നു ശ്രീനി.

അഴകെന്ന്‍ പറയുമ്പോള്‍ അതിനൊപ്പം ലക്ഷണ തികവിന്റെ കാര്യം കൂടെ പറയേണ്ടതുണ്ട്, കാരണം ബീഹാറില്‍ നിന്നും വന്നവരെ പലപ്പോഴും ലക്ഷണ കുറ്റങ്ങളില്‍ മാറ്റി നിര്‍ത്തുന്ന മലയാളി മനസ്സുകള്‍ പതറി പോയത് ഇവന് മുമ്പില്‍ ആകാം, നിലത്തിഴയുക എന്നല്ല രണ്ട് ചുറ്റ് എപ്പോഴും നിലത്ത് കിടക്കുന്ന അത്ര നീളമുള്ള തുമ്പി, അടിച്ചാല്‍ കണ്ണ് മാത്രം അല്ല ചിലപ്പോള്‍ ചെവികള്‍ കൂട്ടി മുട്ടുന്നോ എന്ന് പോലും തോന്നി പോകുന്ന തരത്തില്‍ ഉള്ള അഴകുള്ള ചെവികള്‍, തൂണിനെ വെല്ലുന്ന കാലുകള്‍, വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട ശരീരം, നിറയെ രോമങ്ങള്‍ ഉള്ള ഭംഗിയുള്ള വാല്‍, അങ്ങനെ പൂരിഭാഗം ലക്ഷണങ്ങളും സമ്മേളിക്കുന്ന ഒരു ഗജവീരന്‍. അപാകത എന്നല്ല ഒരു പക്ഷെ ഇത്തരത്തില്‍ ഒന്നല്ലായിരുന്നു എങ്കില്‍ അവന്‍റെ ജീവിതം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കുന്ന തരത്തില്‍ ഉള്ള കീഴ്കൊമ്പുകള്‍.

അഴകിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി അവന്‍ അങ്ങനെ ഏറണാകുളത്ത് ഷേണായിയുടെ വീടിന്‍റെ മുറ്റത്ത് അന്ന് കൂടെ ബീഹാര്‍ നിന്ന് പോന്ന പള്ളത്താംകുളങ്ങര ഗിരീശനുമായി കഴിഞ്ഞിരുന്ന കാലം, ഭക്ഷണപ്രിയന്‍ എന്നതായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നതെങ്കില്‍ പിന്നീട് വിശപ്പിന്‍റെ വീരന്‍ എന്ന് പോലും വിളിക്കുന്ന രീതിയില്‍ ഭക്ഷണത്തോടെ വളരെ താല്‍പര്യം ഉള്ള കൂട്ടത്തില്‍ ആയിരുന്നു ശ്രീനി. അന്ന് പള്ളത്താം കുളങ്ങരക്കാര്‍ ആനയെ വാങ്ങാന്‍ ഷേണായിയുടെ അടുത്ത് വന്നതും കണ്ടിഷ്ടപെട്ട ശ്രീനിയുടെ ഒരു ചെറിയ കുറുമ്പില്‍ കോപിഷ്ടരായി ഗിരിശനെ വാങ്ങി സ്ഥലം വിട്ടതും എല്ലാം കെട്ടും വായിച്ചും അറിഞ്ഞ കഥകളിലെത് ആണ്.

അങ്ങനെ ഇരിക്കുന്ന കാലത്തില്‍ ഒന്നില്‍ തടിപ്പണിയും കൂപ്പു ജോലിയും ഒക്കെ ഉണ്ടായിരുന്ന തൃശൂര്‍ എഴുത്തച്ഛന്‍ ഗ്രൂപ്പ്‌ ഷേണായിയുടെ അടുത്ത് നിന്ന് വിലപേശല്‍ എന്ന ഒന്നിന് സ്ഥാനം പോലും ഇല്ലതെ പറഞ്ഞ തുക മുഴുവന്‍ നല്‍കി അവനെ വാങ്ങി തൃശ്ശൂര്‍ക്ക് വണ്ടി വിട്ടു. ഒരു പക്ഷെ അന്ന് ഷേണായി ശ്രീനിയെ വിട്ടു കളഞ്ഞതില്‍ തെല്ല് നിരാശ അനുഭവപെട്ടിരുന്നു എങ്കില്‍ അതിലുപരി പിന്നീട് ഒരു ദേശവും നാടും പൂരകമ്പക്കാരും ആനകമ്പക്കാരും പലകുറി പലവട്ടം പറഞ്ഞു, അല്ലെങ്കില്‍ അവന്‍ പറയിപ്പിച്ചു. തൃശൂര്‍ എത്തിയ ഇവന്‍റെ ഭാഗ്യ ജാതകം അവടെ തുടങ്ങുക ആയിരുന്നു. ആരും കൊതിക്കുന്ന അഴകിയ പുത്രനായി തന്നെ മാറി ശ്രീനി . വാക്കിനപ്പുറം തന്‍റെ അഴകില്‍ ഏതു കോടി കെട്ടിയ ഉയരക്കെമക്കാരനെയും തലപോക്കമുള്ളവനേയും എല്ലാം കൂട്ടാനകളാക്കി അവര്‍ക്ക് നടുവില്‍ ഒരു നായകന്‍ ആയി നിന്നു എന്ന് അവകാശപെടണം എങ്കില്‍ അത് ഒന്നുകില്‍ ശ്രീനിക്കോ അല്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ പ്രിയന്‍ പത്മനാഭനോ മാത്രം സാധിച്ച ഒന്നാണെന്ന് പറയേണ്ടി വരും.

ഇവന്‍റെ അഴകിനെ അംഗീകരിക്കാത്ത മലയാളി നാടോ ആ നാടുകളില്‍ ഒരു മലയാളി മനസ്സോ ഉണ്ടായിട്ടില്ല കാരണം എന്നും അഴകിന് മലയാളിക്ക് ശ്രീനി എന്നൊരു ഉദാഹരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രുക്മിണി അമ്മ മകനായി ഇത്തിരി ആലൊലിച്ചു വളർത്തിയത് കൊണ്ടാകും ഒരിത്തിരി മടിയും കൂടുതൽ ആണ്, അത് ഒരിക്കലും ഒരു എഴുന്നള്ളിപ്പിലോ ഒന്നും അല്ല വീടിന്റെ മുറ്റത്ത് നിന്ന് ഒരു എഴുന്നള്ളിപ്പിന് പോകാൻ തയ്യാർ ആകാൻ തുടങ്ങുമ്പോൾ ഇന്ന് വേണോ നാളെ പോയാൽ പോരെ എന്ന ഭാവം കണ്ടാൽ ആളുടെ മടി ഒക്കെ മനസ്സിലാകും . പക്ഷെ ആരാലും ഒറ്റ അടിക്ക് സാധിക്കാത്ത ദിവസത്തിന്റെ പൂരിഭാഗം സമയവും , മണിക്കൂറുകൾ നീളുന്ന എഴുന്നള്ളിപ്പുകളിൽ ഒരു മടിയും കൂസലും ഇല്ലാതെ ആടി ആടി അങ്ങനെ നിൽക്കും ഭക്ഷണം മാത്രം കൃത്യമായി എത്തിച്ചാൽ മതി , ഞാൻ ഓക്കേ ആണ് എന്ന മട്ടിൽ .

ഇവന്റെ ഭക്ഷണ പ്രിയം ഇവനെ ഏറ്റവും ശരീര ഭാരവും ഉടൽ വലുപ്പവും ഉള്ള ആന ആക്കി മാറ്റി എന്നത് പറയുമ്പോൾ തന്നെ , വടക്കും നാഥന്റെ തിരു നട ഗോപുരം കയറാൻ ഇത്തിരി നല്ല പോലെ പാട് പെട്ടിരുന്നു എന്ന് കൂടെ കേട്ട് കേള്വി ഉണ്ട് . എഴുന്നല്ലത്തുകളിൽ ഇവനെ കണ്ട് പലരും പറഞ്ഞിട്ടുണ്ട് ഇതാണ് യഥാർത്ഥ ഗജരാജ വിരാജിത മന്ദ ഗതി എന്ന് , കാരണം ഇവന്റെ ആടി കുഴഞ്ഞുള്ള ആ നടപ്പ് അത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു .

തൃശൂർ പൂരത്തിൽ എന്നും തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് ഇവൻ , സ്ഥിരമായി പാറമേക്കാവിന്റെ നിരയിൽ അണി നിരക്കുന്ന ഇവനെ ഒരിക്കൽ മടത്തിൽ വരവിന് എഴുന്നള്ളിക്കുക ഉണ്ടായി , ഒരർഥത്തിൽ അതിൽ കുറച്ചൊരു അംഗീകാരവും കൊടുത്താൽ പോരാതെ വന്നേക്കും എന്ന് പോലും അവർ ചിന്തിച്ചിട്ടുണ്ടാകും . ഒരു 1993 കാലഘട്ടം വരെ സ്ഥിരമായിരുന്നു ഇവൻ പൂരത്തിനെങ്കിൽ പിന്നീട് പൂരകാലത്ത് നീര് കാലം ആയതോടെ പൂരപ്പറമ്പിൽ നിന്ന് വിടപറഞ്ഞു . എങ്കിലും കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മഹാക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ഇവൻ നിറഞ്ഞാടി അല്ലെങ്കിൽ ഒരു അവിഭാജ്യ ഘടകം ആയി മാറി .

പല വമ്പന്മാരും നിരന്നിട്ടുള്ള ഉത്സവങ്ങളിൽ പോലും ഗുരുവായൂർ പത്മനഭനോ അല്ലെങ്കിൽ കണ്ണന്റെ പില്ലെരോ ഉള്ളപ്പോൾ അല്ലാതെ ഒരിക്കലും ഒരു കൂട്ടാന ആയിട്ടില്ല എന്നത് ചരിത്ര സത്യം , ചിലപ്പോൾ അതൊരു വാശിക്കപ്പുറo അവൻ കഴിവിൽ നേടി എടുത്ത അമ്ഗീകാരങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു അത് . ഡൽഹി ഏഷ്യാഡിൽ പങ്കെടുക്കുകയും ആർക്കെ പുരം ക്ഷേത്രത്തിൽ കേരള സ്റ്റൈൽ എഴുന്നള്ളിപ്പ് നടത്തിയപ്പോൾ തിടമ്പേറ്റിയതും നമ്മുടെ ശ്രീനി തന്നെ .

ഇതെല്ലാം എന്റെ ബാല്യത്തിലോ അതിനും മുമ്പേയോ നടന്നവയാണ് , ഞാൻ ജനിക്കുമ്പോൾ മുതലേ ശ്രീനി താരം ആണ്, അല്ലെങ്കിൽ അന്ന് ശ്രീനി തന്നെ ആണ് താരം. ഒരു പക്ഷെ വടക്ക് നിന്ന് ഒരാന തെക്കന്മാരുടെ മനസ്സ് കീഴടക്കി വിജയം നേടി എങ്കിൽ അത് ഇവാൻ മാത്രമായിരിക്കും .

ശ്രീനിയെ അടുത്തറിഞ്ഞ്‌ തുടങ്ങുന്നത് എന്റെ എക്കാലത്തെയും ഇഷ്ടമുള്ള ശ്രീനി എഴുന്നള്ളിപ്പുകളിൽ ഒന്നായ ഉത്സവ തിടമ്പ് കളിൽ വെച്ച് ഏറ്റവും ഭാരം ഏറിയ ഉദയനാപുരത്തപ്പനെ ശിരസ്സിൽ ഏറ്റുമ്പോൾ ആണ് . കാലങ്ങളോളം മണിക്കൂറുകൾ നീളുന്ന ആ എഴുന്നള്ളിപ്പിൽ അവനെ കൊണ്ട് മാത്രമേ സാധിക്കു എന്നും ,അല്ലെങ്കിൽ അത് ശ്രീനി ആണെങ്കിലേ പൂർണ്ണമാകൂ എന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തി . പാമ്പാടി കഥയിൽ പറഞ്ഞത് പോലെ സാജൻ ചെട്ടനുമായുള്ള അടുപ്പവും തുടങ്ങിയത് ശ്രീനിയിൽ നിന്നാണ് .

ഒരു പക്ഷെ മനസ്സിൽ തുല്യത ഇല്ലാതെ എന്നും സൂക്ഷിക്കുന്ന വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിടപറയൽ രംഗം അത് എന്നും പപ്പേട്ടനും ശ്രീനിയും തന്നെ സാധിക്കു . ചിലപ്പോൾ അത് കഴിഞ്ഞു വന്നവർ മികച്ചവർ തന്നെ ആകാം പക്ഷെ മനസ്സിൽ എപ്പോഴും ആ രംഗം അത് ശ്രീനി ഇല്ലാതെ ചിന്തിക്കുവാൻ പോലും ആകുന്നില്ല .

മനസ്സിൽ പൂവിട്ട് പൂജിച്ച ശ്രീ നിവാസ നാമധാരി ആയ വൈഷ്ണവൻ എപ്പോഴോ മനസ്സിൽ മായാത്ത ചിത്രമായി ചേർന്ന് പോയിരുന്നു . ഒരു പക്ഷെ രണ്ട് വർഷങ്ങൾക്ക് മുൻപ് വിധി അവനെ എന്നിൽ നിന്നും അല്ലെങ്കിൽ ആയിരമോ പതിനായിരമോ ശ്രീനി ആരാധകരിൽ നിന്നും പറിച്ചെടുത്തപ്പോൾ ആദ്യം ആദ്യം വിഷമവും അമ്പരപ്പും ഒക്കെ തോന്നി എങ്കിലും ഞാൻ ആ വിധിക്ക് മുമ്പിൽ തോല്ക്കുവാൻ മനസ്സ് കാണിക്കുന്നില്ല , ഒരു പക്ഷെ എന്നെക്കാളും ശക്തനായ ദൈവത്തിന് എന്റെ കണ്ണിൽ നിന്ന് ശ്രീനിയെ അകറ്റാൻ ആയെന്ന് വരും പക്ഷെ ഞാൻ മരിക്കുവോളം ആ ഓർമ്മകൾ അത് എന്നിൽ തന്നെ ഉണ്ടാകും . ശ്രീനി ജീവിക്കുന്നത് ആയിരം ആയിരം ആരാധകരുടെ മനസ്സുകളിൽ ആണ് . ഒരു മരണത്തിനും ഈ ബന്ധങ്ങളെ വേർപിരിക്കാൻ ആകില്ല .

ഓർമ്മ വെച്ച നാളിൽ എന്നോ വൈക്കത്തപ്പൻ മനസ്സിൽ ആരാധന ആയി കൊണ്ട് തന്ന ശ്രീനിയെ അങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ എനിക്ക് മനസ്സില്ല , കാരണം ഒരു കാലം ഉണ്ടായിരുന്നു മലയാളിയുടെ ആനകമ്പം എന്നത് ശ്രീനി ആയിരുന്ന ഒരു കാലം .

മനസ്സിലെ മായാത്ത വൈഷ്ണവ അംശത്തിന് എന്റെ ശ്രീനിക്ക് ഗജരാജ കൗസ്തുഭം എഴുത്തച്ചൻ ശ്രീനിവാസന്റെ ഓർമകൾക്ക് മുമ്പിൽ സാഷ്ടാംഗ പ്രണാമങ്ങൾ .

ഇനി നിനക്ക് പകരമായി ആയിരം സൂര്യ ചന്ദ്രന്മാർ ഉദിച്ച പ്രഭയിൽ ആരെ നൽകാം എന്ന് പറഞ്ഞാലും ഞാൻ വേണ്ടാ എന്ന് വെക്കും എപ്പോഴും നീ ആകാൻ നിനക്ക് മാത്രമേ ആകൂ …

എന്റെ ശ്രീനിക്ക് ……

Related posts

ചാന്നാനിക്കാട് വിജയ സുന്ദർ – Channanikkadu Vijayasundar

rahulvallappura

കീഴൂട്ട് വിശ്വനാഥൻ – Kezhoottu Viswanadhan

rahulvallappura

Mullath Ganapathy-മുള്ളത്ത് ഗണപതി

rahulvallappura