ഒരു വാക്കിൽ കുടുങ്ങുന്ന ജീവിതങ്ങൾ , ഇന്നലെകൾക്ക് സമാനമായ നാളെകളോ , ഇന്നോ ഇല്ല . എല്ലാം ഇന്നലെകളാണ് , ക്ഷേത്ര മുറ്റം എന്നും ഒരു ഓർമ്മയാണ് വേദനിപ്പിക്കുന്ന ഓർമ്മ. എനിക്കായും ചിലതെല്ലാം കരുതിവെക്കുന്നു എന്ന് വിശ്വസിച്ച നാളുകൾ . അങ്ങനെ ഒന്നില്ല എന്ന തിരിച്ചറിവുകൾ . വല്ലാത്ത ഒരു അലച്ചിൽ ആയിരുന്നു ഈ ജീവിതം. ഇടക്കെപ്പോഴോ കണ്ടുമുട്ടിയവർ , കൂടെ കൂടി നടന്നവർ . ഒപ്പം യാത്ര ചെയ്തവർ , ജീവിതത്തോട് ചേർത്തവർ . ഇന്നും പ്രഭാതങ്ങളിൽ വെറുതെ ആശിക്കും ആ വിളി കേട്ടുണരാൻ . അതൊക്കെ മോഹമായി മനസ്സിന്റെ ഉള്ളറകളിൽ ഉറങ്ങാൻ തുടങ്ങിയിട്ട് കാലം കുറച്ചാകുന്നു. നഷ്ടങ്ങളുടെ ഈ ഭാണ്ഡവും പേറി ഇനി എത്രനാൾ.
ഒരു എഴുത്തിൽ ഒതുക്കിയ ഇഷ്ടങ്ങളും വേദനകളും ഒക്കെ ഉണ്ടായിരുന്നു , ആർക്കോ വേണ്ടി ഒക്കെയും . ഇന്നിൽ അവർ സന്തോഷിക്കുന്നുണ്ടാകും . ആ സന്തോഷം കണ്ണുനീരിൽ കലങ്ങിയ എന്റെ വേദനകളുടെ ആകെ തുക ആണെങ്കിലും ഒക്കെയും ഞാൻ സന്തോഷത്തോടെ സഹിച്ചിരുന്നു. ഒക്കെയും അവസാനിക്കും കാരണം ഈ ജീവനോടുള്ള എന്റെ വിരക്തി അത്രമേൽ വളർന്നിരിക്കുന്നു . ഇനിയും താങ്ങാൻ കഴിയില്ല ഈ മനസ്സിനെന്ന തിരിച്ചറിവിൽ തുടങ്ങുന്ന ചിന്തകൾക്ക് മരണത്തിന്റെ ഗന്ധം ഉണ്ടാകും , ഞാനായി ക്ഷണിച്ചതല്ല , വിളിക്കാതെ കയറി വന്നു . രംഗബോധം ഇല്ലാത്ത കോമാളി . ഒന്നിനോടും ഒന്നിലേക്കും ഒരു മടക്കം ഇല്ല . എല്ലാവരും ചിരിക്കട്ടെ സന്തോഷങ്ങൾ നില നിൽക്കട്ടെ .
വിളിക്കാതെ വന്ന ആ അഥിതിയും ഇനി ദൂരങ്ങളിൽ എവിടെയോ വിശ്രമിക്കുന്നു .