Mood Quotes

ഒരുപാട് ഓർമ്മകൾ ആണ് ഈ യാത്രകൾ

കാലാതീതമായി മാറ്റമില്ലാതെ തുടരുന്ന ചിലതെല്ലാം ഉണ്ട് , ചിലപ്പോൾ ഒരു കീഴ്‌വഴക്കം എന്നോ , അല്ലെങ്കിൽ പാരമ്പര്യം എന്നോ , ഓമനപ്പേരുകൾക്ക് ഈ ഭാഷയിൽ പഞ്ഞമുള്ളതായി തോന്നിയിട്ടേ ഇല്ല ! ബസ്സിറങ്ങി നടന്നു , ലക്ഷ്യം സത്രമാണ് , ഇങ്ങോട്ടുള്ള യാത്രയിൽ മിക്കവാറും ഒരു അഭയവും ഇടവും ഒക്കെ തരുന്ന സ്വാമിയെ മനസ്സിൽ ഓർത്തു ! ഏത് പാതിരാത്രി കേറി ചെന്നാലും ഒരു ചിരിയോടെ അയാൾ സ്വീകരിക്കാറുണ്ട് . ആരുണ്ട് എവിടുന്നാ ഇതൊന്നും ഞാൻ ഇത് വരെ അന്വേഷിച്ചിട്ടില്ല . എന്റെ മാതൃഭാഷ അയാൾ പച്ചവെള്ളം പോലെ സംസാരിക്കുന്നുണ്ട് , ഞങ്ങൾക്കിടയിൽ അങ്ങനെ കാര്യമായ ചോദ്യോത്തര കസർത്തുകൾ ഒന്നും ഉണ്ടാകാറില്ല , ഊര് തെണ്ടി നടന്ന കാലത്ത് എന്നോ ക്ഷീണിച്ച് പെരുവഴിയിൽ അലഞ്ഞപ്പോൾ പാതിരാവിൽ നിലാവിന്റെ വെളിച്ചത്തിൽ ഒരു അകത്തളം കാട്ടി അവിടെ ഇന്ന് വിശ്രമിക്കാം എന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ ബന്ധം , കൃത്യമായി അയാളുടെ പേര് തന്നെ ഓർമ്മയില്ല . കാഷായ വേഷധാരിയായ അയാളെ പലരും സ്വാമി എന്ന് വിളിച്ച് കേൾക്കാറുണ്ട് . ഞാനും അങ്ങനെ തന്നെ വിളിക്കും . എന്നെപ്പോലെ ഉള്ള ഒരുപാടുപേർ അവിടെ വന്ന് താമസിക്കുന്നുണ്ടാകും . കയറി ചെല്ലുമ്പോൾ മാത്രമാണ് കാണാറ് , ചിലപ്പോൾ കുറച്ചധികം ദിവസം അവിടെ , തിരിച്ചിറങ്ങുമ്പോൾ പലപ്പോഴും കാഴ്ച്ച ഒഴിവാക്കുക പതിവാണ് , ഇനി എങ്ങോട്ട് എന്നതിന് മറുപടി അസാധ്യം ആകുന്നതാണ് . കയ്യിൽ കരുതിയതും ഇടയിൽ കണ്ട് വാങ്ങിയതോ ആരെങ്കിലും ദാനമായി തന്നതോ ഒക്കെ ആ മടക്കത്തിൽ മേശവിരിപ്പിന്റെ മുകളിലും താഴെയുമായി വെക്കും . യാത്രകളിൽ അങ്ങനെ ഓരോ ദേശത്തും ഒരു ചിരിയിൽ സ്വീകരിച്ച് ഒന്നും പറയാതെ ഇനി ഒരിക്കൽ കാണുമോ എന്ന് പോലും സംശയമുള്ള എത്രയോ ആളുകൾ . മനസ്സിൽ എല്ലാവരെയും ഓർക്കുന്നു ! ഒരുപാട് ഓർമ്മകൾ ആണ് ഈ യാത്രകൾ …

Related posts

ആശംസകൾ

rahulvallappura

ജാലവിദ്യകൾ

rahulvallappura

ഇഷ്ടങ്ങൾ <3

rahulvallappura