Mood Quotes

എന്നും പ്രിയമുള്ള കരിവളകൾ

ഇന്നലെ ഓർമ്മകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഓരോ മുഖങ്ങൾ അങ്ങനെ യാത്രകളിൽ നിന്ന് തെളിഞ്ഞു വന്നിരുന്നു . പുതിയ താമസയിടത്തേക്ക് വീട്ട് സാധനങ്ങൾ മാറ്റാൻ തയ്യാർ എടുക്കുമ്പോൾ , കരിവളകൾ അങ്ങനെ മേശ വലിപ്പിൽ നിറഞ്ഞിരിക്കുന്നു . കുപ്പിവളകൾ , കരിവളകൾ അത് മനസ്സിൽ എന്തോ അത്ര പ്രത്യേകമായി കരുതുന്ന ഒന്നാണ് . പ്രിയപ്പെട്ടവർക്കായി എന്നും കരുതി വെക്കുന്നത് . ആവോ ആ കൈകളിൽ അതണിഞ്ഞു കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ് . അങ്ങനെ കരിവളകൾ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ മറക്കാൻ കഴിയാത്ത ഒരു മുഖം എന്റെ യാത്രകളിൽ ഉണ്ടായിട്ടുണ്ട് . ദീദി , അങ്ങനെ സ്നേഹത്തോടെ വിളിക്കുന്ന ഒരാൾ . വഴിയരികിൽ കുപ്പി വളകൾ മാത്രം വിൽക്കുന്ന ഒരു കുഞ്ഞിക്കട . ഒരു ഡസൻ വള വാങ്ങുമ്പോൾ അത്രയോളം തന്നെ വളകൾ പൊട്ടിച്ച് കളയുന്ന ഒരു പ്രത്യേകതരം വിൽപ്പന . ബല പരിശോധനയാണ് സംഭവം . ആദ്യം ഞാൻ അത് കാണുമ്പോൾ വല്ലാണ്ട് അതിശയിച്ചിരുന്നു. ചോദിക്കുകയും ചെയ്തു . എന്നോട് മറുപടിയായി ഇതാർക്കുള്ളതാണ് എന്നൊരു മറുചോദ്യം ! ആദ്യം ഒന്ന് നാക്കുടക്കി എങ്കിലും പ്രിയമുള്ള ഒരാൾക്കെന്ന് പറഞ്ഞൊപ്പിച്ചു . ആ ഇഷ്ടം ഒരിക്കലും പൊട്ടാതെ ഇരിക്കാൻ ബലമുള്ളത് ഞാൻ തിരഞ്ഞെടുക്കുന്നത് ആണെന്ന് മറുപടിയായി ദീദി പറയുമ്പോൾ ഞാൻ മുഖത്തൊരു ചിരി ചേർത്തു വെച്ചിരുന്നു . പിന്നീട് ഒരിക്കലും ഞാൻ അത് ചോദിച്ചിട്ടില്ല , വർഷത്തിൽ ഒരിക്കൽ തേടി വരുന്ന എന്നെ ഓർത്തിരിക്കുകയും കാണുമ്പോൾ ഒന്നും മിണ്ടാതെ കരിവളകൾ എനിക്കായി എടുത്ത് വെയ്ക്കുകയും ചെയ്യുന്ന വലിയ മൂക്കുത്തിയും കാതിൽ വലിയ വലയവും ധരിക്കുന്ന രാഷ്ട്ര ഭാഷ സംസാരിക്കുന്ന ദീദിയെ മറന്നിട്ടില്ല . നാടും ഊരും വിട്ട് ഓരോ വട്ടം ആ അന്യ നാട്ടിൽ എത്തുമ്പോഴും ഞാൻ ആ തെരുവിലൂടെ നടക്കാറുണ്ട് . ഓർമ്മകൾ ആണ് പലപ്പോഴും ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതും . കഴിഞ്ഞ രണ്ടു തവണയും ആളെ കണ്ടിരുന്നില്ല . അടുത്തുള്ളവരോട് ഒക്കെ തിരഞ്ഞു എങ്കിലും ചിലപ്പൊഴൊക്കെ തുറക്കാറുള്ളു എന്നതാണ് മറുപടി . ആ ദീദിയും ഓർമ്മയിൽ ഉണ്ട് . കരിവളകൾ ആ കൈകളിൽ ഒരിടം നേടും വരേ ഞാൻ കരുതി വെക്കുന്നു .

Related posts

ആശംസകൾ

rahulvallappura

ഇഷ്ടങ്ങൾക്കിടയിൽ അന്യനായി…

rahulvallappura

വേറിട്ട യാത്രകൾ

rahulvallappura