അന്ന് രാത്രി വൈകിയും ഉറങ്ങിയിരുന്നില്ല. മനസ്സ് അസ്വസ്ഥമാണ് , ഇടയ്ക്കിടെ ഒരു മിന്നൽ പോലെ ‘അമ്മ എന്ന ചിന്ത. എനിക്കങ്ങനെ സ്നേഹ ചിന്തകളോ ഓർമ്മകളോ ഉണ്ടാകില്ല , ഞാൻ പാറപോലെ ഉറച്ച ഒരു മനസ്സിന് ഉടമയാണ് എന്നത് പലരും പരക്കെ കരുതുന്നുണ്ടാകും – അന്ന് അങ്ങനെ ആയിരുന്നില്ല. ഇടയ്ക്കിടെ അതിവേഗത്തിൽ എന്റെ ചിന്തകളെ കീഴ്പ്പെടുത്തിയ ആ ‘അമ്മ എന്ന സ്നേഹം എന്നെ മുഴുവനായി തന്നെ ബാധിക്കുവാൻ തുടങ്ങുന്നതായി തോന്നി. അല്ല അതൊരു തോന്നൽ മാത്രമായിരുന്നില്ല എന്ന് മനസ്സിലാക്കാൻ പിന്നെയും കാലങ്ങൾ എടുത്തു. ആദ്യമാദ്യം ഒരു ഏങ്ങലിൽ ഒതുങ്ങി എപ്പോഴോ ഭ്രാന്തമാകുന്ന ചിന്തകളുടെ വേലിയേറ്റങ്ങളിൽ തളർന്നുറങ്ങിയിരുന്ന ഞാൻ പിന്നെ വേദനകളെ ഒരു ലഹരിയായി കണ്ടു. മാനസികമായി അത്ര തളരുകയും തകരുകയും ചെയ്തു എന്നതാണ് കാരണം എങ്കിലും എന്തോ ആ കാലം ഇപ്പോഴും വല്ലാത്തൊരു ഓർമ്മയാണ്. മനസ്സ് നിലതെറ്റി നിൽക്കുമ്പോൾ , മറ്റുള്ളവർ ഭ്രാന്ത് എന്ന് വിളിച്ച് കളിയാക്കുമ്പോൾ അവൻ അനുഭവിക്കുന്ന മാനസിക അവസ്ഥ – അത് അനുഭവിച്ച് തന്നെ ആകണം . അതൊരു ലഹരിയാണ് – കണ്ടാൽ ആരും ഭ്രാന്ത് എന്ന് ഒരു വാക്ക് മാത്രം പറയുന്ന ഒരു അവസ്ഥ . ശാരീരിക പീഡകളും മാനസിക പിരിമുറുക്കങ്ങളും ഒരു കൂസലും ഇല്ലാതെ നേരിടുന്ന ബാലകരെ പൊതുവിൽ പല പേരുകളും പറഞ്ഞു വിളിക്കും എങ്കിലും – അവർ തനിച്ചാകുന്ന നിമിഷങ്ങളിൽ ആണ് അവരുടെ സത്യങ്ങൾ – അന്നും മനസ്സിന്റെ വേദനകളെ ശരീരത്തിന്റെ വേദനകൾ കൊണ്ട് അതിജീവിക്കുക എന്ന വിചിത്ര മരുന്ന് കണ്ടുപിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എന്നെ പോലെ എത്രയോ ആളുകൾ എന്നെന്നേക്കുമായി ചങ്ങല ബന്ധിച്ച് ഇരുട്ടറകളിലേക്ക് തള്ളപ്പെട്ടേനെ! അതിജീവനം എന്നത് വെറുതെ പ്രതിസന്ധികളെ തരണം ചെയ്യൽ അല്ല , പ്രതിസന്ധികളെ പ്രതിസന്ധികൾ കൊണ്ടുള്ള ഒരു കവചം തീർത്ത് എന്നെന്നേക്കുമായി മനസ്സിനെ അതിനായി പാകപ്പെടുത്തുക കൂടിയാണ് . ഓരോ തവണ ഒഴിവാകുമ്പോഴും ചാടിക്കടക്കുമ്പോഴും ഭാഗ്യം തുണയായി ഉണ്ടാകണം എന്നുള്ളത് കൊണ്ട് – ഒരിക്കലും ഭാഗ്യത്തെ കൂട്ടുപിടിക്കാതെ പ്രശ്നങ്ങളെ ജീവിതത്തിന്റെ ഭാഗമോ അല്ലെങ്കിൽ അതിനായി പാകപ്പെടുകയോ ചെയ്യുക. ഒരു വിവേകശാലിയുടെ ചിന്തയല്ല എന്ന് തോന്നും എങ്കിലും ഒരു 12 വയസ്സുകാരന്റെ മനസ്സിലെ ചിന്തകൾക്ക് അത്ര വിവേകം കണ്ടാൽ മതിയാകും. തനിച്ച് ജീവിക്കുക – പേടിയോടെ കാണേണ്ട ഒന്നല്ല ! അതിന് പ്രയത്നത്തെക്കാൾ ഉപരിയായി അനുഭവങ്ങളാണ് വേണ്ടതെന്ന് ഞാൻ പറയും. സഹനം മറ്റുള്ളവരുടെ മുമ്പിൽ നല്ലതാണ് പക്ഷെ സ്വന്തം മനസ്സിനും ശരീരത്തിനും ഇടയിൽ അത് പാടില്ല ! വെറുതെ കിടക്കുന്ന മണ്ണ് പോലെ എന്തിനാണ് – പണി എടുപ്പിക്കണം – ശരീരത്തെ നോവിക്കണം – മനസ്സാണ് പരമപ്രധാനം എന്ന് മനസ്സിലാക്കണം – ആരെയും വേദനിപ്പിക്കാതെ ആരെയും ചതിക്കാതെ – എല്ലാം സ്വയം ഏറ്റുവാങ്ങണം – വേദങ്ങളുടെ ലഹരി അറിഞ്ഞവർ അങ്ങനെയാണ് – മനസ്സിന്റെ വേദനകളെ ശരീരത്തിന്റേതാക്കി മാറ്റും എന്നിട്ട് അതിൽ രസം കണ്ടെത്തും . സ്നേഹം നല്ലൊരു വികാരമാണ് പക്ഷെ ഭിക്ഷ പോലെ കിട്ടുന്നത് കൂടുതൽ വേദനിപ്പിക്കുകയെ ഉള്ളു. മനസ്സിൽ ആദ്യം ഉറക്കണം – ആരുടേയും തണലിൽ അല്ലാതെ വളർന്നു എങ്കിൽ തനിക്കാരും ഇല്ല എന്ന സത്യം – പുറം മോടികൾ അല്ല ആത്യന്തികമായ സത്യങ്ങൾ ആണ് മനസ്സിന് ആവശ്യം . ആരും ഇല്ല എന്നത് വെറുതെ ഒരു ഭാഷ്യം അല്ല ! ചെറുപ്പം മുതൽ അങ്ങനെ ആയിരിക്കുമ്പോൾ മനസ്സിലാക്കുന്ന സത്യമാകണം അത് . എല്ലാവരോടും തോൽക്കുമ്പോഴും , സ്നേഹം പങ്കു വെയ്ക്കുമ്പോഴും പ്രിയപ്പെട്ടവർ ഒഴിവാക്കുമ്പോഴും ഒക്കെ ഉലയുന്ന മനസ്സിനെ ശരീരം കൊണ്ട് നേരിടണം . വേദനകൾക്ക് മരുന്ന് വേദനകൾ മാത്രമാണ് . അന്നും ഇന്നും എന്നും ആരെയും ചതിക്കില്ല – വഞ്ചിക്കില്ല – ഒക്കെയും ചെയ്യുമെങ്കിൽ തന്നോട് തന്നെ !