Mood Quotes Seen in the trail

അയാൾ

ഇത് വരെ വിശ്വസിച്ചിട്ടേ ഉള്ളു. പറഞ്ഞ വാക്കുകളെയും പിന്നീട് മാറ്റി പറഞ്ഞവയെയും . ഓരോ ജീവിതവും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് എന്നത് വാസ്തവം. കാൽപ്പനികമായ ചിന്തകൾ ജീവിതത്തിൽ നിന്നും അകന്ന് നിൽക്കും , ഒട്ടും യാഥാസ്ഥിതികത ഇല്ലാത്ത ഇത്തരം ചിന്തകൾ ജീവിതത്തെ പരാജയങ്ങളിലേക്ക് കൊണ്ടെത്തിക്കും . പല ജീവിതങ്ങളും പഠന വിധേയമാക്കിയാൽ ഇത് കാണാൻ കഴിയും . ഇത്തരം മാനസിക ചിന്തകളെ പൂർണ്ണമായും ജീവിതത്തിൽ നിന്ന് ഒഴിച്ച് നിർത്താനും കഴിയില്ല അതാണ് ആദ്യഭാഗത്തിൽ പറഞ്ഞ സാഹചര്യം എന്നത് അർത്ഥമാക്കുന്നത് .

ഇത്തരത്തിൽ ചിന്തകൾ പേറി ജീവിക്കുന്ന ഒരു മനുഷ്യൻറെ ജീവിതമാണ് ഇന്നത്തെ ഈ എഴുത്തിന് പ്രേരകം ! ജീവിതത്തിൽ പ്രണയത്തിന് വാക്കുകളിൽ പറഞ്ഞൊതുക്കാൻ കഴിയുന്ന സ്ഥാനമല്ല ഉള്ളത് ! ഒരു മനുഷ്യൻറെ ദൈനംദിന ജീവിതം മുതൽ അവൻറെ മനസ്സിൻറെ താള ലയങ്ങൾ വരെ നിരന്ത്രിക്കാൻ അവയ്ക്ക് ആയെന്ന് വരും ! ജീവിതത്തിൽ പ്രണയിക്കാത്തവരും വിരഹ വേദന അനുഭവിക്കാത്തവരും നന്നേ കുറവായിരിക്കും എന്നത് ആരോ പറഞ്ഞോ എഴുതി വായിച്ചതോ ആയ കാര്യമാണ് എന്നാലും അയാൾ പ്രണയത്തിൽ ആണ് …

ഒരു പെൺകുട്ടിയോട് തൻറെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടം തുറന്ന് പറഞ്ഞതിൽ ജീവിതം തുടങ്ങി എന്നയാൾ കരുതി പക്ഷെ അവിടെ പലതും അവസാനിക്കുക ആയിരുന്നു എന്നത് മനസ്സിലാക്കാൻ അയാൾക്ക് ആയില്ല ! ഓരോ വാക്കുകളും അയാൾ എന്നോട് പറയുമ്പോൾ തേങ്ങിയിരുന്നു ! വിറങ്ങലിച്ച കൈകൾ കൊണ്ട് കണ്ണുനീർ തുടക്കുന്നത് തുടക്കുന്നത് ഞാൻ കണ്ടു . ആകാംഷയോടെയോ ജിജ്ഞാസയോടെയോ ഞാൻ എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചു !.

ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന അയാൾ വളരെ യാദ്രിശ്ചികമായി ആണ് ആ പെൺകുട്ടിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും ! തുടർന്ന് കാലം കുറെ കാത്തിരുന്നു ആ ഇഷ്ടം തുറന്ന് പറയാൻ . പറഞ്ഞപ്പോളേക്കും അയാൾ വളരെ വൈകിയിരുന്നു ! വൈകിപ്പോയ വിവരം വേദനയോടെ അയാൾ കേട്ട് നിൽക്കില്ല എന്ന് കരുതി ആകണം ആ പെൺകുട്ടി അറിയിച്ചതും ഇല്ല !

കഥയിൽ ട്വിസ്റ്റോ അല്ലെങ്കിൽ ഒരു സസ്പെൻസോ ഒന്നും അല്ല ! അയാൾ എനിക്കരുകിൽ നിന്നും കുറെ മുൻപോട്ട് നടന്നു വിദൂരതയിലേക്ക് കണ്ണ് നട്ട് അങ്ങനെ നിന്നു ! ഓർമ്മകളുടെ വേലിയേറ്റം ആകും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു !

എന്നിട്ട് ?

തിരിഞ്ഞു നോക്കാതെ പറഞ്ഞു . ഇപ്പോഴും പ്രണയിക്കുകയാണ് ! കാത്തിരിക്കുകയാണ് ഒരിക്കലും എൻറെ ജീവിതത്തിലേക്ക് വിരുന്ന് വരാത്ത അവൾക്കായി !

ഞാൻ മറുപടി ഒന്നും പറയാതെ വണ്ടിയിൽ കയറി ഇരുന്നു ! അയാൾ അവിടെ തന്നെ നിൽക്കുന്നു ! ഞാൻ വാഹനം വേഗത്തിൽ ഓടിച്ച് ദൂരേക്ക് പോയി ! അയാൾ അപ്പോളും ആ ദൂരത്തേക്ക് നോക്കി ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ നിന്നു !

ഞാൻ അയാളെ പിന്നിൽ ഉപേക്ഷിച്ചു ! അയാൾക്കുള്ള ഉത്തരം എൻറെ പക്കൽ ഇല്ല അതിനാൽ തന്നെ ഞാൻ ഒളിച്ചോടി . അയാൾ ഒരു മണ്ടനാണ് ഒരിക്കലും വരാത്ത ഒരാൾക്കായി കാത്തിരിക്കുന്നു . അയാൾ അയാളുടെ ജീവിതം അവൾക്കായി നൽകി അവളത് കണ്ടില്ല അയാൾ വലിയവനാണ് . മാറി വരുന്ന ചിന്തകളിൽ അയാൾ എന്താണെന്ന് ഞാൻ അന്വേഷിച്ച് കൊണ്ടേ ഇരിക്കുന്നു …..

Related posts

കാലത്തിൻറെ കയ്യൊപ്പ്

rahulvallappura

ഒരു Weekend Escape

rahulvallappura

ഈയാമ്പാറ്റകളെ പോലെ പകൽക്കിനാവുകൾ… ചിറക് മുളച്ചതും പറന്ന് തുടങ്ങിയതും ഒക്കെ ഒരു നിമിഷത്തെ തോന്നൽ പോലെ..

rahulvallappura